മുംബൈ: മുംബൈയിലെ തീരദേശ ജില്ലകളിലും പടിഞ്ഞാറന്‍ മഹാരാഷ്ട്ര, വിദര്‍ഭ എന്നിവിടങ്ങളിലും തിങ്കളാഴ്ച്ച പെയ്ത കനത്ത മഴയില്‍ വ്യാപക നാശ നഷ്ടം. ഇവിടങ്ങളിലെ ജനജീവിതവും ദുസ്സഹമായി.
ശക്തമായ മഴയ്ക്ക് പിന്നാലെ അന്ധേരി സബ് വേ അടച്ചു. മുംബൈയില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഗതാഗതക്കുരുക്കില്‍ വലഞ്ഞിരിക്കുകയാണ് മുബൈയിലെ ജനങ്ങള്‍. പ്രധാന റോഡുകളില്‍ വെള്ളക്കെട്ട് രൂപപെട്ടതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ ഒഴുകി പോയി. ട്രെയിന്‍, വിമാന ഗതാഗതവും താറുമാറായിട്ടുണ്ട്.
താനെ, കുര്‍ള, ഘാട്കോപ്പര്‍, വസായ്, മഹദ് , ചിപ്ലൂണ്‍ , കോലാപൂര്‍, സാംഗ്ലി, സത്താറ, സിന്ധുദുര്‍ഗ് എന്നിവിടങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. മുംബൈയിലും നവി മുംബൈയിലും താനെയിലും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ഇന്നലെ നടന്ന സംസ്ഥാന ദുരന്ത നിവാരണ സെല്ലിന്റെ അവലോകന യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, അടിയന്തര സാഹചര്യമില്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ നടപടികള്‍ എടുത്തിട്ടുണ്ടെന്നും കണ്ട്രോള് റൂം തുറന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗരത്തിലേക്ക് കടല്‍ വെള്ളം ഒഴുകുന്നത് തടയാന്‍ മിഥി നദിയുടെ തീരത്ത് ഫ്ളഡ് ഗേറ്റുകള്‍ സ്ഥാപിക്കുമെന്നും വെള്ളം പുറത്തേക്ക് പമ്പ് ചെയ്യുന്നതിനായി സ്ഥലങ്ങളില്‍ പമ്പിംഗ് സ്റ്റേഷനുകളും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.