തിരുവനന്തപുരം: ചില ഉദ്യോഗസ്ഥർ പൊലീസ് സേനയുടെ ശോഭ കെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരക്കാർക്കെതിരെ കർശന നടപടി എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു.. പല ഘട്ടങ്ങളിലായി 108 പൊലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ട്.
ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ നിരീക്ഷിച്ചുവരികയാണ്. കുറ്റാന്വേഷണ മികവുള്ള സംസ്ഥാനമായാണ് കേരളം അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വിവിധതരം സൈബർ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരം കെണികളിൽ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
സൈബർ തട്ടിപ്പ് മുഖേന പണം നഷ്ടപ്പെട്ടാല്‍ ആദ്യത്തെ ഒരു മണിക്കൂർ ‘ഗോൾഡൻ അവർ’ ആണ്. ഇതിനുള്ളിൽ പണം തിരിച്ചു ലഭിച്ച അനുഭവമുണ്ടായിട്ടുണ്ട്. പൊലീസ് സേനയിലെ വനിതാ പ്രതിനിധ്യം 15% ആയി ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലിത് 11.37% ആണ്. കുറ്റകൃത്യങ്ങളും പൊലീസും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. പൊലീസ് അതിൽ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. അതിനെ പരാജയപ്പെടുത്താൻ ക്രിമിനലുകളും ശ്രമിക്കുന്നുണ്ട്. അതിൽ പൊലീസ് ആത്യന്തികമായി പരാജയപ്പെട്ടു പോവുകയല്ല. അവരത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നുണ്ട്-അദ്ദേഹം പറഞ്ഞു. .