ആന്റണി കിരണ്‍
എറണാകുളത്തുനിന്ന്, ഇന്‍ഫോപാര്‍ക്കിലേക്ക് പോകുന്ന കാക്കനാട് റൂട്ടില്‍ പുതിയതായി തുടങ്ങിയ ഒരു കഫെറ്റേരിയയുടെ പേര് കേള്‍ക്കണോ…?
‘സ്നേഹസ്പര്‍ശം!’
ങേ!! ഇതെന്തു പേരാ…? ക്ലിനിക്കിനും ആശുപത്രിക്കുമൊക്കെ ഇടുന്ന പേരാണല്ലോ ഐ.ടി. ഫ്രീക്കന്മാര് പാഞ്ഞുനടക്കുന്ന വഴിയിലെ കഫെറ്റേരിയയ്ക്കു കൊടുത്തിരിക്കുന്നത്….!!
പക്ഷേ, ഒന്നുവന്നു കയറിയിരുന്നു നോക്കൂ… ഇഷ്ടമുള്ളതെന്തും വാങ്ങിക്കഴിച്ചിറങ്ങുമ്പോഴേക്കും മനസ്സിലാകും, ഇത് ഒരു ക്ലിനിക്ക് കൂടിയാണ്. ഇവിടെ വിളമ്പാന്‍ നില്ക്കുന്നവര് നിങ്ങളുടെയും നിങ്ങള്‍ അവരുടെയും മനസ്സും ഹൃദയവും ഒരു സ്നേഹസ്പര്‍ശംകൊണ്ട് ഒരുപടികൂടി തൊട്ടുതലോടി വളര്‍ത്തിയിട്ടാണ് പടിയിറങ്ങുന്നത്.
‘സ്നേഹസ്പര്‍ശം’ എന്ന പേരിനോടു ചേര്‍ത്ത് വായിച്ചെടുക്കാവുന്ന ടാഗ്ലൈന് നോക്കു: ‘You have touched me and I have grown ‘നിങ്ങള്‍ എന്നെ തൊട്ടുകഴിഞ്ഞു, ഞാനൊന്നല്പം കൂടി വളര്‍ന്നും കഴിഞ്ഞു!’
സ്നേഹം തൊട്ടുവിളമ്പുന്ന കഫെറ്റേരിയ
കാക്കനാട് ചെമ്പുമുക്കിലുള്ള ബുദ്ധിവളര്‍ച്ചയില്‍ വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സ്നേഹനിലയം സ്പെഷ്യല്‍ സ്കൂളിനോടുചേര്ന്നാണ് ഇവിടത്തെ സീനിയര്‍ വിദ്യാര്‍ഥികള്‍ നേതൃത്വം കൊടുക്കുന്ന ‘സ്നേഹസ്പര്‍ശം’ കഫെറ്റേരിയ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 12-ന് കൊച്ചി മെട്രോ സംരംഭങ്ങളുടെ എം.ഡി. ലോക്നാഥ് ബെഹ്റയാണ് ഉദ്ഘാടനം നടത്തിയത്. കാക്കനാട് മെട്രോലൈന്‍ പണി പൂര്‍ത്തിയാകുമ്പോള്‍, ചെമ്പുമുക്ക് മെട്രോ സ്റ്റേഷനകത്ത് പ്രവര്‍ത്തിക്കാന്‍ ‘സ്നേഹസ്പര്‍ശ’ത്തിന് നേരത്തേതന്നെ ക്ഷണം കിട്ടിക്കഴിഞ്ഞു.
ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 7 മണി വരെ ഇവിടെ അതിഥികളെ സ്വാഗതം ചെയ്യുന്നുണ്ട്. ലൈം, ഓറഞ്ച്, സ്ട്രോബെറി, ബ്ലൂബെറി, പൈനാപ്പിള്‍ തുടങ്ങിയ വിവിധ ഫ്ളേവറുകളില്‍ സോഡാബ്ലിസ്സും പിന്നെ മൊജിറ്റോയും… ബ്ലാക്ക് കരന്റ്, ചോക്ലേറ്റ്, സ്പാനിഷ് ഡിലൈറ്റ് തുടങ്ങി എല്ലാത്തരം രുചിക്കൂട്ടിലുമുള്ള ഐസ്ക്രീമുകള്‍… നാടന്‍ചായയും കാപ്പിയും വേണ്ടവര്‍ക്ക് അതും റെഡി; ഒപ്പം നല്ല ചൂടന്‍ നെയ്യപ്പം, ഉള്ളിവട, ഉഴുന്നുവട, പത്തിരി, സമൂസ…. കൂടാതെ ഓരോ ദിവസവും മാറിവരുന്ന സ്പെഷ്യല്‍ സര്‍പ്രൈസ് വിഭവങ്ങള്‍ – ചോക്ലേറ്റ്/വെജിറ്റബിള്‍ സാന്ഡ്വിച്ച്, പാനിപൂരി, സേവ്പൂരി, പാവ്ബജി…
പച്ചപുതച്ചിരുന്നൊരു സെല്‍ഫി
ഇത്രയും നാള് ബസ് ഷെല്‍ട്ടര്‍ ആയി ഉപയോഗിച്ചിരുന്നയിടമാണ്, പച്ചനിറത്തിന്റെ തീം ഡിസൈനിങ്ങോടുകൂടി കാറ്റും വെളിച്ചവും കയറിയിറങ്ങിപ്പോകുന്ന കൊച്ചു കഫെറ്റേരിയയായി തയ്യാറാക്കിയിരിക്കുന്നത്. മഴയില്ലാത്ത നേരങ്ങളില്‍ പുറമെ ഒരുക്കിയ വള്ളിക്കുടിലിനു കീഴെയിരുന്ന് ഐസ്ക്രീം രുചിക്കാം, ചായകുടിച്ച് വിശേഷം പറഞ്ഞ് ഉഷാറാകാം….
അകത്തും, താഴെ ചട്ടികളിലും ചുറ്റിലും മതിലിലുമൊക്കെയായ പച്ചനിറത്തിന്റെ പലപല ഷേയ്ഡുകളില്, ശുദ്ധവായു പകര്‍ന്നു വിളമ്പാന്‍ തയ്യാറായി ചെടികളും വള്ളിവീശിയ കുരുന്നിലകളും. പ്രകൃതിയോടിണങ്ങിയിരുന്നൊരു ഫോട്ടോ എടുക്കണമെന്നു തോന്നിയാല്‍, ഒരു മൂലയ്ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്നൊരു സെല്‍ഫി പോയിന്റ്!
കാഴ്ചപ്പാടുമാറ്റുന്ന കാഴ്ചകള്‍
ഒരുഭാഗത്ത്, ഒരു നെടുനീളന്‍ ചില്ലുഷെല്ഫ് നിറയെ, ഇവിടത്തെ കുട്ടികളുടെ കരവിരുതുകള്‍ നിരന്നിരിക്കുന്നു. മരത്തില്‍ തീര്‍ത്ത പെന്‍സില്‍ സ്റ്റാന്റുകള്‍, കളിമണ്‍ ശില്പങ്ങളിലൊരുക്കിയ വര്‍ണ ഡിസൈനുകള്‍, എല്‍.ഇ.ഡി. ലൈറ്റുകള്‍ പിടിപ്പിച്ചു ഡിസൈന്‍ ചെയ്തെടുത്ത ബോട്ടിലുകള്‍, മാലകള്‍, മുടിയിലിടുന്ന ക്ലിപ്പുകള്‍, കീ ചെയ്നുകള്‍, പിസ്താ തൊണ്ടുകള്‍ കൊണ്ടുപോലും നിറംകൊടുത്തു തയ്യാറാക്കിയെടുത്ത മൊബൈല്‍ ഹാങികള്, ബാഗുകള്‍, ഫയലുകള്‍…. ഒടുവില്‍ നമ്മള് തിരിച്ചറിയുന്നു – വെറുതെയല്ല ഇവരെ ഭിന്നശേഷിക്കാര്‍ എന്നു വിളിക്കുന്നത്.
വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന എക്സിബിഷന് ദിനത്തില്‍മാത്രം പുറമെ നിന്നുള്ളവര്‍ വന്നുകാണുകയും വാങ്ങിക്കൊണ്ടുപോകുകയും ചെയ്തിരുന്ന ഇത്തരം സാധനങ്ങള്‍ ഇനിമുതല്‍ ‘സ്നേഹസ്പര്ശത്തി’ന്റെ ഭാഗമായി എന്നും ഇവിടെയുണ്ടാകും. ഇവിടെ വന്നുകയറുന്നവര്ക്കെല്ലാം, ഈ കരവിരുതുകള്‍ കാണാം, വാങ്ങാം; ഉപയോഗിക്കാനും സമ്മാനിക്കാനും പറ്റിയ ഉത്പന്നങ്ങള്‍….
വെയ്റ്റുകാണിക്കാത്ത വെയിറ്റര്‍മാര്‍
ഷിനു, റിഷി, നഗാഷ്, സിബിന്, സതീഷ് എന്നിവരാണ്, സിസ്റ്റര്‍മാരുടെയും
അധ്യാപകരുടെയും മേല്‍നോട്ടത്തില്‍, ഇതിന്റെ നടത്തിപ്പുകാര്‍. നാല്‍പ്പതുവര്‍ഷത്തിലേറെയായി ഇവിടെയുള്ള ഷിനു സ്നേഹനിലയത്തിന്റെ തുടക്കക്കാരില്‍ ഒരാളാണ്. ഇപ്പോള്‍ കഫെറ്റേരിയയുടെ ഫുള്‍ടൈം ഷെഫ്. മൊജിറ്റോയും ജ്യൂസുമൊക്കെ, വേണമെങ്കില്‍ സ്വന്തമായി മിക്സ് ചെയ്ത് തയ്യാറാക്കി വിളമ്പും.
36 വയസ്സുകാരനായ റിഷി ഏഴാം വയസ്സില്‍ ഇവിടെ വന്നുചേര്‍ന്നതാണ്. ജന്മനാ വളഞ്ഞിരുന്ന കാലിന്, ആറാംനാള്‍ പ്ലാസ്റ്റര്‍ ഇട്ടുതുടങ്ങിയ ജീവിതം….ഇവിടെവന്ന് ഇത്രയും നാള് കൊണ്ട് മിടുക്കനായി ഓടിനടക്കുന്നു. സ്കൂള്‍ ഹാന്റ്ബോള്‍ ടീമിലെ ഒന്നാന്തരം ഗോള്‍കീപ്പര്‍. ഇപ്പോള്‍, ഇവിടെ ഓര്‍ഡറെടുക്കാനും വിളമ്പാനും മുന്പിലുണ്ട്.
ചായയും സ്നാക്സുമൊക്കെ കഴിക്കുന്നതിനിടയ്ക്ക് നിങ്ങളെ രസിപ്പിക്കാന്‍, ഷാരൂഖ്ഖാന് ഫാനായ നാഗേഷ് എത്തും. ഷൂട്ടിങ് തിരക്കായതുകൊണ്ട്, കുറച്ചുനാളായി ഞങ്ങള്‍ തമ്മില്‍ കണ്ടിട്ട് എന്ന് പരിഭവം പറയുമെങ്കിലും ഷാരൂഖിന്റെ ജവാന് സിനിമയിലെ ചലെയ്യാ….പാട്ടുപാടി ഡാന്‍സുചെയ്ത് രസിപ്പിക്കും. കൈയിലെ മസിലുകള്‍ ഉരുട്ടിക്കാണിക്കും… അടുത്തിടെ ഡല്‍ഹിയിലെ ഫാഷന്‍ഷോയില്‍ പങ്കെടുക്കാന്‍ പോയതിന്റെ വിശേഷങ്ങള്‍ പറയും.
തൊട്ടല്‍ വാടുന്നവരല്ല;
തൊട്ടാല്‍ വളരുന്നവര്‍
‘ഇത് ഞങ്ങളുടെ, അനേകം വര്‍ഷങ്ങളായുള്ള ഒരു സ്വപ്നത്തിന്റെ വെളിച്ചം കാണലാണ്’ സ്നേഹനിലയം സ്പെഷ്യല്‍ സ്കൂളിന്റെ വൊക്കേഷണല്‍ ട്രെയിനിങ് സെന്റര്‍ ഇന്‍-ചാര്‍ജ് സിസ്റ്റര്‍ റോസി ടിന്‍സി പറയുന്നു.
‘ഇതുവരെ ആഴ്ചയിലൊരിക്കല്‍ മാത്രം പ്രവര്‍ത്തിക്കുന്ന കന്റീന്‍ എന്ന സംവിധാനമാണ് ഉണ്ടായിരുന്നത്. ഇവിടത്തെ കുട്ടികളുടെ മാതാപിതാക്കന്മാര്ക്ക് മാത്രമാണ് അതിനെക്കുറിച്ച് അറിവുണ്ടായിരുന്നത്. ഈ സ്ഥാപനത്തിലെ വിദ്യാര്‍ഥികളുടെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിന്, പൊതുജനങ്ങളിലേക്ക് വാതിലുകള്‍ തുറക്കുന്ന ഇത്തരം ഒരു സംരംഭം അത്യാവശ്യമായിരുന്നു…
വെറും ഒരു കഫെറ്റേരിയ എന്നതിനപ്പുറം ഈ സംരംഭം, ഈ കുട്ടികളുടെ വളര്‍ച്ചയുടെ ഒരു നിര്‍ണായക കാല്ച്ചുവടാണ്. ഇതിലൂടെ ഇവര്‍ എണ്ണവും അക്കങ്ങളും പഠിക്കുന്നു, പണം കൈകാര്യം ചെയ്യാന്‍ പരിശീലിക്കുന്നു, കൊടുക്കല്‍-വാങ്ങലുകളെ പരിചയിക്കുന്നു…. അതിനെല്ലാമപ്പുറം, അതുവരെ കണ്ടുപരിചയിച്ചിട്ടില്ലാത്ത ആളുകളുമായി ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ശീലിക്കുന്നു… ഉള്‍വലിഞ്ഞു മാറിനില്ക്കുന്നവരാകാതെ, തങ്ങളും അവരിലൊരാളാണെന്ന് അവര്‍ തിരിച്ചറിയുന്നു. ഇവരും പൊതുസമൂഹത്തിന്റെ ഭാഗമാണെന്ന് ഇവിടെവരുന്നവരും മനസ്സിലാക്കുന്നു. ആ തിരിച്ചറിവും ഉള്ളുകൊണ്ടും ഉള്ളറിഞ്ഞുമുള്ള സ്പര്‍ശവുമാണ് ഇവരുടെ വളര്‍ച്ചയുടെ ഏറ്റവും കരുത്തേകുന്ന ഇന്ധനം’ സിസ്റ്റര്‍ ടിന്‍സി അഭി
മാനത്തോടെ പറയുന്നു.
ഇവര്‍ പണി പഠിച്ച കാത്തുനില്പുകാര്
ആവശ്യക്കാരന്റെയടുത്ത് മെനുകാര്‍ഡ് കൊടുക്കാനും ഓര്‍ഡര്‍ എടുക്കാനും ഭക്ഷണം വിളമ്പാനും, എല്ലാം കഴിഞ്ഞ് ടേബിള്‍ ക്ലിയര്‍ ചെയ്ത് മേശ വൃത്തിയാക്കാനുമെല്ലാം നീണ്ടനാളത്തെ പരിശീലനം കഴിഞ്ഞാണ് ഈ പുതിയ വെയിറ്റര്‍മാര്‍ ഇവിടെ നില്‍ക്കുന്നത്. കഴിഞ്ഞ സമ്മര്‍ വെക്കേഷന്‍കാലത്ത് ഇന്റന്‍സീവ് പ്രാക്ടിക്കല്‍ ട്രെയിനിങ് ഇവര്‍ക്കുണ്ടായിരുന്നു. ഓരോ ദിവസം കഴിയുന്തോറും, കൂടുതല്‍ ആത്മവിശ്വാസത്തിലാണവര്‍. നിറഞ്ഞുതുളുമ്പിയ, മൂന്നും നാലും ചായക്കോപ്പകളുമായി ഇപ്പോള്‍ അവര്‍ നിഷ്പ്രയാസം നടക്കുന്നു; വിഗഗ്ധമായി എടുത്തു വച്ച് വിളമ്പുന്നു… ഒരിക്കലും നിലയ്ക്കാത്ത പുഞ്ചിരിയുമായി, വന്നവരെ വാതില്‍പ്പടിവരെ ചെന്നു യാത്രയാക്കുന്നു….
തിരുഹൃദയദാസികളുടെ സ്നേഹനിലയം
വിശുദ്ധ റഫേലാ മരിയ സ്ഥാപിച്ച ‘ഈശോയുടെ തിരുഹൃദയ ദാസികള്‍’ എന്ന സന്ന്യാസ സഭയുടെ കീഴിലാണ് 1977-ല്‍ സ്നേഹനിലയം സ്പെഷ്യല്‍ സ്കൂള്‍ സ്ഥാപിതമാകുന്നത്. ബുദ്ധിവളര്‍ച്ചയില്‍ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുള്ള എറണാകുളത്തെ ആദ്യത്തെയും കേരളത്തിലെ മൂന്നാമത്തെയും വിദ്യാലയം. ഇന്ന് നൂറ്റിയിരുപതിലേറെ വിദ്യാര്‍ഥികളും മുപ്പതിലേറെ അധ്യാപക-അനധ്യാപക കൂട്ടായ്മയുമായി നിലനില്‍ക്കുന്ന ഈ കേന്ദ്രം ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍സിന്‍ട്രോം, എ.ഡി.എച്ച്.ഡി. തുടങ്ങിയ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ പഠിപ്പിച്ച് തൊഴില്‍ പരിശീലിപ്പിച്ച് സ്വയം പര്യാപ്തരാക്കാന്‍ നേതൃത്വം നല്കുന്നു.
ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, യോഗാ, അക്യുപങ്ചര്‍ എന്നീ വിവിധ ചികിത്സാരീതികള്ക്കപ്പുറം, വിദ്യാര്‍ഥികളെ അവരുടെ കഴിവിനും അഭിരുചിക്കുമനുസരിച്ച് വഴിതിരിച്ചുവിടാനും സ്നേഹനിലയത്തിനു പദ്ധതികളുണ്ട്. ആണ്‍കുട്ടികള്‍ക്കുള്ള വൊക്കേഷണല്‍ ട്രെയിനിങ് സെന്ററിനും പെണ്‍കുട്ടികള്‍ക്കുള്ള ഹോം സയന്‍സ് സെന്ററിനും പുറമെ, പൊതുപരിപാടികളില്‍ അവതരണത്തിനു പോകുന്ന ബാന്റ്സെറ്റ് ഗ്രൂപ്പും ചെണ്ടമേള ടീമും എറണാകുളം നഗരത്തിന് സുപരിചിതമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു കീഴില്‍നിന്നു ലഭിക്കുന്ന നാമമാത്രമായ സാമ്പത്തിക പിന്തുണയ്ക്കപ്പുറം അനേകം സുമനസ്സുകളുടെ സഹായവും പലരുടെയും വോളന്റിയറായുള്ള സേവനസന്നദ്ധതയുമൊക്കെയാണ് സ്നേഹനിലയത്തിന്റെ ബലം.
ഞാന്‍ വളരുകല്ലേ, മമ്മീ….!
സ്നേഹസ്പര്‍ശത്തില്‍ കയറിയിറങ്ങിപ്പോകുന്നവരെ, ഇവിടെ ഭക്ഷണത്തോടൊപ്പം വിളമ്പുന്ന സ്നേഹവും പുഞ്ചിരിയും സ്പര്‍ശിക്കും എന്നുറപ്പാണ്. അതിലേറെ, വിശപ്പും ദാഹവും തീര്‍ത്ത്, പണവും കൊടുത്തിറങ്ങുന്നവര് വിളമ്പുകാര്‍ക്ക് സമ്മാനിച്ചു മടങ്ങുന്നത് ജീവന്റെയും വളര്‍ച്ചയുടെയും പുതിയൊരു നാമ്പാണ്. തിരിച്ചിറങ്ങും മുന്‍പ്, അത്രയുംനേരം വിളമ്പുകാരനായും വിശേഷം പറഞ്ഞും തൊട്ടടുത്തു ചുറ്റിപ്പറ്റിനിന്നിരുന്ന റിഷി, നിഷ്കളങ്കമായ പുഞ്ചിരിയോടെ പറഞ്ഞു:
‘കുറച്ചുദിവസം കൂടി കഴിഞ്ഞാല്‍, ഞങ്ങള്‍ക്ക് ശമ്പളം കിട്ടും’…
‘ആഹാ…. അതുകൊള്ളാല്ലോ. ശമ്പളം കിട്ടിയിട്ട്, അതുകൊണ്ട് എന്തുചെയ്യാനാ പരിപാടി ?’…
‘സിസ്റ്ററിന് ഒരു ചോക്ലേറ്റ് ഐസ്ക്രീം വാങ്ങിച്ചുകൊടുക്കും…. പിന്നെ, ബാക്കി എല്ലാവര്ക്കും ബിരിയാണി’
അതു പറയുമ്പോള്‍ റിഷിയുടെ കണ്ണുകളില്‍ തിളക്കം കൂടിവരുന്നുണ്ട്. അതെ….അതുതന്നെയാണ് ഇവിടത്തെ സിസ്റ്റേഴ്സും അധ്യാപകരും സ്വപ്നം കാണുന്നത്. ഈ കുട്ടികള്‍, സാധാരണക്കാരെപ്പോലെ സ്വപ്നങ്ങള്‍ കാണുന്നവരും സമ്പാദിക്കുന്നവരും സ്വന്തംകാര്യം നോക്കുന്നവരുമാകണം എന്ന സ്വപ്നം….. അതിലേറെ, ജനിച്ചനാള്‍ മുതല്‍, ഇവരെ ക്ഷമയോടെ പരിചരിച്ചുകൊണ്ടിരിക്കുന്ന സ്വന്തം മാതാപിതാക്കന്മാര് അറിയട്ടെ, ഇവര്‍ ഇനിയും വളര്‍ന്നുകൊണ്ടേയിരിക്കുന്നു എന്ന സത്യം!