വില്‍സി സൈമണ്‍
പഠിക്കാന്‍ മിടുക്കി, പഠനത്തോടൊപ്പം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ധാരാളം ഫോളോവേഴ്സ് ഉള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവെന്‍സര്‍… ഒന്നുരണ്ടു ആഴ്ച മുമ്പാണ് ജീവനൊടുക്കിയത്. കാരണം ‘ബ്രേക്ക് അപ്പ് ‘. അതിന്റെ പേരില്‍ ഫോളോവേഴ്സ് ചേരിതിരിഞ്ഞ് സൈബര്‍ ആക്രമണം നടത്തിയതാണ് കാര്യങ്ങള്‍ വഷളാക്കിയതെന്ന് പറയപ്പെടുന്നു. ഒരു ലക്ഷത്തോളം ഫോളോവേഴ്സിന്റെ അഭിപ്രായപ്രകടനങ്ങളെയും അത് ഉയര്‍ത്തിയ സമ്മര്‍ദ്ദങ്ങളെയും അഭിമുഖീകരിക്കുവാനും അതിജീവിക്കുവാനും പതിനേഴു വയസ്സ് മാത്രമുള്ള ആ കുട്ടിക്ക് കഴിഞ്ഞില്ല. ചുറ്റും വെളിച്ചം കാണാത്ത ഇത്തരം നിരവധി സംഭവങ്ങള്‍ ഇനിയുമുണ്ടായിരിക്കും.
ഒരു കാര്യം വ്യക്തമാണ്. സോഷ്യല്‍ മീഡിയ ഒരു മാസ്മരിക ലോകമാണ്. പൊതുസമൂഹം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഒരേ സമയം ലക്ഷക്കണക്കിന് ആളുകള്‍ സോഷ്യല്‍മീഡിയ വഴി കണ്ണിചേര്‍ക്കപ്പെടുന്നുണ്ട്. അവിടെ എന്തും ചവച്ചരയ്ക്കപ്പെടും. പ്രണയവും തട്ടിപ്പും രാഷ്ട്രീയവും എന്നുവേണ്ട സകലതും അവിടെ വലിച്ചിഴക്കപ്പെട്ട് വിചാരണ നടക്കുന്നു. എന്നിട്ടും സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന വെല്ലുവിളികളെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇപ്പോഴും പരിമിതമായ ചിന്തകളും ചര്‍ച്ചകളുമാണ് നടക്കുന്നത്.
സോഷ്യല്‍മീഡിയ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെകുറിച്ച് ചെറുപ്പം മുതലേ വ്യക്തമായ ഒരു അവബോധം നല്കുന്ന പാഠ്യപദ്ധതി പോലും നമുക്കില്ല.
സോഷ്യല്‍ മീഡിയയുടെ നെറ്റ് വര്‍ക്ക് ശൃംഖലയിലേക്കാണ് ഒരു കുഞ്ഞ് ഇപ്പോള്‍ ജനിച്ചുവീഴുന്നത്. അവരുടെ കാഴ്ചപ്പാടുകളും അഭിരുചികളും മൂല്യങ്ങളും രൂപപ്പെടുത്തിയെടുക്കുന്നതില്‍ സോഷ്യല്‍ മീഡിയക്ക് നല്ല പങ്കുണ്ട് .
ചെറിയകുട്ടികള്‍ പോലും ലൈക്കും കമന്റും ലഭിക്കുന്നതിന് വേണ്ടി കാണിക്കുന്ന പ്രകടനങ്ങള്‍ പലപ്പോഴും അതിര് വിടുന്നതാണ്. കഴിഞ്ഞ ദിവസം സിനിമ കണ്ട ആവേശത്തില്‍ കാറില്‍ നീന്തല്‍ കുളം ഉണ്ടാക്കി നീന്തി തുടിച്ച യൂ ട്യൂബ് ബ്ലോഗറെ ഗതാഗത വകുപ്പ് നന്നായി തന്നെ കൈകാര്യം ചെയ്തു. വൈറല്‍ ഡാന്‍സും പാട്ടും കൂത്തും അരങ്ങ് വാഴുമ്പോള്‍ ഒരു കാര്യം മറന്നുപോകരുത്; സൂക്ഷിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും. സോഷ്യല്‍മീഡിയയില്‍ നന്മയും തിന്മയും ഉണ്ട്. അതിന്റെ നല്ല വശങ്ങള് പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തണമെന്നതില് ആര്‍ക്കും എതിരഭിപ്രായം ഇല്ല. പക്ഷേ, അത് നമ്മുടെ ജീവിതത്തിലേക്ക് നുഴഞ്ഞു കയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കരുത്.
എന്ത് തിരഞ്ഞെടുക്കണം, എന്ത് വേണ്ടെന്ന് വയ്ക്കണം എന്ന് വരും തലമുറയ്ക്ക് വ്യക്തമായ ദിശാബോധം നല്‍കേണ്ടതുണ്ട്. സോഷ്യല്‍ മീഡിയയുടെ അടിമത്തത്തില്‍ ജീവിക്കുന്ന ഒരു തലമുറ മൂല്യശോഷണം നേരിടേണ്ടി വരുമെന്ന കാര്യത്തില്‍ യാതൊരു സംശയമില്ല. നാം അറിയാതെ തന്നെ നമ്മുടെ ചിന്തകളെയും തീരുമാനങ്ങളെയും നിയന്ത്രണവിധേയമാക്കാന്‍ സോഷ്യല്‍ മീഡിയക്ക് കഴിയുമെന്നതില്‍ തര്‍ക്കം ഇല്ല. അത്രമേല്‍ ഉപഭോഗസംസ്കാരം നമ്മുടെ വിചാര വികാരങ്ങളെ ഇക്കാലഘട്ടത്തില്‍ സ്വാധീനിക്കുന്നുണ്ട്. സത്യവും നീതിയും സ്നേഹവുമൊക്കെ എന്താണെന്ന് നിര്‍വ്വചിക്കുന്നത് പോലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളാണ്.
ഒരു വാര്‍ത്തയ്ക്ക് പിന്നില്‍ ആയിരക്കണക്കിന് അഭിപ്രായങ്ങള്‍ കടന്നു വരുന്നുണ്ട്. ഈ വാര്‍ത്ത സത്യമാണോ യാഥാര്‍ത്ഥ്യമാണോ എന്നൊന്നും അറിയാന്‍ നില്‍ക്കാതെ ലൈക്കും കമന്റും ഷെയറും ചെയ്യാന്‍ പെട്ടെന്ന് കഴിയും. മറ്റുള്ളവരുടെ ജീവിതത്തെ നശിപ്പിച്ചുകൊണ്ട് സ്വയം സന്തോഷിക്കുന്ന ഒരു സംസ്കാരം ഇവിടെ രൂപപ്പെട്ടുകഴിഞ്ഞു.
ഒരു ഇരയെ കിട്ടിയ സന്തോഷത്തോടെ വാര്‍ത്തകള്‍ ആഘോഷിക്കുമ്പോള്‍ എത്രയോ പേരാണ് ഇതിന്റെ പേരില്‍ ജീവിതം അവസാനിപ്പിക്കുന്നതും ജീവിതകാലം മുഴുവന്‍ ഇതിന്റെ അപമാനങ്ങളും സങ്കടങ്ങളും ഒക്കെ സഹിച്ച് ജീവിക്കേണ്ടിവരുന്നതും എന്ന് ഓര്‍ക്കുന്നത് നല്ലതാണ്.
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നേരിടുന്നത് സ്തീകളും കുട്ടികളും ആണ്. ഫോട്ടോസും മറ്റും ദുരുപയോഗം ചെയ്തും ഫെയ്ക്ക് അക്കൗണ്ട് വഴി പണം പിടുങ്ങിയും ചാറ്റിംഗിലൂടെയും മറ്റും ബന്ധം സ്ഥാപിച്ചും, പലര്‍ക്കും ജീവിതവും ജീവനും മാനവും പോയ നിരവധി സംഭവങ്ങള്‍ക്ക് നാം സാക്ഷികളാണ്. ഇതില്‍ ചെറിയ കുട്ടികളും രാഷ്ട്രീയക്കാരും സിനിമക്കാരും നേതാക്കന്മാരുമെല്ലാം ഉള്‍പ്പെടുന്നു എന്നതാണ് വാസ്തവം.
ശക്തമായ നിയമ സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും പലപ്പോഴും ഇവയൊന്നും ആരുടെയും സഹായത്തിന് എത്തുന്നില്ല എന്നതുതന്നെ ഏറെ ഖേദകരമാണ്. അത്യാധുനിക സാങ്കേതിക വിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്‍സും നമ്മുടെ അരികെ എത്തിക്കഴിഞ്ഞു. നാം ആഗ്രഹിക്കുന്നതൊക്കെ ചെയ്തു തരാന്‍ നിര്‍മ്മിത ബുദ്ധി തയ്യാറാണ്. മനുഷ്യന്റെ ബുദ്ധിയൊക്കെയും അപ്രസക്തമാക്കുന്ന വിധത്തില്‍ അവയെല്ലാം മുന്നോട്ട് പോകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നിരുന്നാലും ജീവിതഗന്ധിയായ മൂല്യങ്ങള്‍ എന്നും ഇവിടെ നിലനില്ക്കപ്പെടും എന്നതിലും സംശയമില്ല. സോഷ്യല്‍ മീഡിയയിലെ വികലമായ ജീവിതവീക്ഷണങ്ങളെ തള്ളിക്കളയുകയും ഓരോന്നിനോടും മൂല്യാധിഷ്ഠിതമായി പ്രതികരിക്കുകയും ചെയ്താല്‍ അവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് നമ്മുടെ ജീവിതത്തില്‍ വലിയ പ്രസക്തി ഉണ്ടാകില്ല.
പക്ഷേ വീടുകള്‍ പോലും ചെറിയ സോഷ്യല്‍ മീഡിയ സെല്ലുകളായി രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സോഷ്യല്‍ മീഡിയയുടെ അധിനിവേശം ഇനിയും തുടര്‍ന്നുകൊണ്ടേയിരിക്കും. നമ്മള് അപ്പോഴും നെല്ലും പതിരും അറിയാതെ വട്ടം കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യും.