ഡോ. ആഡ്രിൻ കൊറയ
പാഠം 1 മഴ പെയ്യുന്നത് എങ്ങനെ ?
ഇരുപത്തിയഞ്ച് അടിയോളം വരുന്ന തെങ്ങിന്റെ മുകളില്‍ എങ്ങനെയാണ് കരിക്കിന് വെള്ളം എത്തുന്നത് എന്ന ചോദ്യത്തിലും കഠിനം ആണ് ഒരു സംസ്ഥാനത്തിനു വേണ്ട വൈദ്യുതി ഉല്പാദിപ്പിക്കാന് പാകത്തിന് വെള്ളം ആകാശത്ത് നിന്നും എങ്ങനെ ഭൂമിയില്‍ എത്തുന്നു എന്നുള്ളത്. ഇത്രയും വെള്ളം എങ്ങനെ പറന്നുയരുന്നു, എന്തു കൊണ്ടു വീഴുന്നു, എവിടെ പെയ്യുന്നു, ഇങ്ങനെ പല ചോദ്യങ്ങള്‍. സ്കൂളില്‍ പഠിച്ച ജലചക്രം (water cycle)തന്നെ ആവട്ടെ നമ്മുടെ തുടക്കം. സമുദ്രത്തില്‍ നിന്നും ഉയരുന്ന നീരാവി മഴമേഘങ്ങളായി അന്തരീക്ഷത്തില്‍ ഉയരുകയും കരയില്‍ മഴയായി പെയ്യുകയും ചെയ്യുന്നു. പെയ്യുന്ന മഴ പല ശ്രോതസ്സുകളിലൂടെ തിരിച്ച് സമുദ്രത്തിലേക്ക് ഒഴുകുകയും ചെയ്യുന്നു. അന്ന് ടീച്ചറെ പേടിച്ച് ചോദിക്കാതെ പോയ ചില സംശയങ്ങള്‍ പുനരാലോചിക്കാം.
സമുദ്രം മാത്രമോ സ്രോതസ്സ് ?
സമുദ്രം കഴിഞ്ഞാല്‍ ഏറ്റവും അധികം ബാഷ്പീകരണം നടക്കുന്നത് കാടുകളിലൂടെ ആണ്. മരങ്ങള്‍ ഭൂഗര്‍ഭജലം വലിച്ചെടുത്ത് നീരാവി ആയി അന്തരീക്ഷത്തില്‍ ശേഖരിക്കുകയും അതു വഴി മഴ പെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. ദക്ഷിണ അമേരിക്കയിലെ ആമസോണ്‍ കാടുകളിലും ഭൂമധ്യരേഖ കടന്നു പോകുന്ന ആഫ്രിക്കന്‍ കാടുകളിലും ഈ പ്രതിഭാസം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
മേഘം വീഴാത്തത് എന്തുകൊണ്ട് ?
മേഘങ്ങള്‍ കറുത്തയെങ്കില് ജലകണങ്ങള്‍ ആയും വെള്ളയെങ്കില്‍ മഞ്ഞുപരല് ആയും രൂപപ്പെടും എന്ന് നാം പഠിച്ചിട്ടുണ്ട്. ഇവ ആകാശത്തില്‍ തന്നെ വീഴാതെ തങ്ങുന്നത് എല്ലാ ദ്രാവകങ്ങള്‍ക്കും ഉള്ള ഒരു പ്രത്യേകത കൊണ്ടാണ്; ഊഷ്മാവിന്റെയും മര്‍ദ്ദത്തിന്റെയും ചില പ്രത്യേക അളവുകളില്‍ ദ്രാവകങ്ങള്‍ ഒരേ സമയം രണ്ട് അവസ്ഥകളില്‍ ആയി പെരുമാറാറുണ്ട്. ചില ഉയരങ്ങളില്‍ ചൂട് കൃത്യം ആകുമ്പോള്‍ മഞ്ഞോ വെള്ളമോ ആയി നീരാവി പരിണമിക്കും. കൃത്യമായ ഈ അളവില്‍ നിന്ന് വ്യതിചാലിക്കുമ്പോള് മഴയോ മഞ്ഞോ പെയ്യുന്നു. അഥവാ മേഘങ്ങള്‍ നീരാവി ആയി അപ്രത്യക്ഷമാകുകയോ ചെയ്യുന്നു.
പേമാരി എന്തുകൊണ്ട് ?
വളരേ നാള് മഴ പെയ്യാതെ ഒരു മഴക്കാലം വരുമ്പോള്‍ ഉള്ള സുഖം ഒന്ന് വേറെ തന്നെയാണ്. എന്നാല്‍ പെരുമഴ എന്ന വാക്ക് മാറി മേഘവിസ്ഫോടനം എന്ന് വാക്ക് കുറച്ചു നാളായി കേള്‍ക്കുന്നു. ചൂട് കൂടുതല്‍ ഉള്ള കരകളില്‍ മഴമേഘങ്ങള്‍ പൊടുന്നനെ പെയ്യുന്ന ഒരു പ്രതിഭാസമാണിത്. പറയും പോലെ നിസ്സാരമല്ല ഈ പ്രക്രിയ. എങ്കിലും ആഗോളതാപം കൂടി വരുന്ന സ്ഥിതിക്ക് വരും നാളുകളില്‍ ഇത് കൂടുതല്‍ പ്രതീക്ഷിക്കാം.
കയ്യില്‍ ഒതുങ്ങുമോ ?
പ്രകൃതി ശക്തികളെ നേരിട്ട് നിയന്ത്രിക്കാന്‍ മനുഷ്യന് ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും മഴയും മഴക്കെടുതിയും എങ്ങനെ ലഘൂകരിക്കാം എന്ന് വിലയിരുത്താം. കാടുകള്‍ കാരണം മഴ പെയ്യുന്നത് പോലെ മേഘവിസ്ഫോടനം, ഉരുള്‍പൊട്ടല്‍, മിന്നല്‍ അപകടങ്ങള്‍ എന്നിവ തടയാന്‍ ഇവയ്ക്ക് ഒരു പരിധി വരെ കഴിയും. ഇതിനായി വീടുകളുടെ സമീപത്ത് മരങ്ങള്‍ നടുകയും, ജനവാസ കേന്ദ്രങ്ങളുടെ ഇടയ്ക്ക് 2-3 സെന്റ് ഭൂമിയില്‍ ചെറുകാടുകള്‍ ആസൂത്രണം ചെയ്യാന്‍ അയല്പക്കങ്ങള് ഒരുമിക്കുകയും ചെയ്യണം.
നമ്മുടെ ചുറ്റുപാടും വൃത്തിയായി സൂക്ഷിച്ചാല്‍ വെള്ളക്കെട്ടും മറ്റ് പ്രശ്നങ്ങളും ഒഴിവാക്കാം. ചുറ്റുപാട് എന്ന് പറയുമ്പോള്‍ വീടും പരിസരവും മാത്രമല്ല വഴിയും പരിസരങ്ങളും ഉള്‍പ്പെടും. മഴവെള്ളം മുഴുവന്‍ ഒഴുകിപ്പോകാതെ ഭൂമിയില്‍ ഇറങ്ങാന്‍ അനുവദിക്കണം. ഇങ്ങനെ നമുക്ക് അറിയാവുന്ന പല വിദ്യകളും ഒരു പരിധി വരെ മഴയെ മെരുക്കാന്‍ സഹായിക്കും. സുരക്ഷിതവും ഭംഗിയുള്ളതുമായ ഒരു മഴക്കാലം നമുക്ക് ഒരുമിച്ച് സ്വപ്നം കാണാം.