ലക്നൗ :ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിൽ ഉയർന്ന ജാതിക്കാരുടെ കാൽ തൊട്ട് വണങ്ങാൻ വിസമ്മതിച്ച പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുടുംബത്തിന് ക്രൂര മർദനം. കുടുംബത്തിലെ യുവതിയെ ഉയർന്ന ജാതിക്കാരുടെ സംഘം ബലാത്സംഗം ചെയ്യുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .ജോലി കഴിഞ്ഞ് വരുന്നതിനിടെ തന്നെ ഒരു സംഘം തടഞ്ഞുനിർത്തിയെന്നും താഴ്ന്ന ജാതിക്കാരനാണെന്ന് പറഞ്ഞ് ആക്രോഷിച്ചുവെന്നും ഇരകളിൽ ഒരാളായ വിഷ്ണുകാന്ത് മാധ്യമങ്ങളോട് പറഞ്ഞു .
‘അക്രമികളിൽ ഒരാൾ എന്നെ തടഞ്ഞുനിർത്തുകയും ഞാനൊരു ശൂദ്രനാണ്, എനിക്ക് അവരുടെ വീടിന് മുമ്പിൽ നിന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ലെന്നും പറഞ്ഞു. അദ്ദേഹം എന്നെ കാൽതൊട്ട് വണങ്ങാൻ ആവശ്യപ്പെട്ടു. ഇത് എതിർത്തതോടെ അദ്ദേഹം കൂട്ടാളികളെയും വിളിച്ചുവരുത്തി. എന്നെ രക്ഷിക്കാൻ ശ്രമിച്ച എൻ്റെ മറ്റ് രണ്ട് സഹോദരന്മാരെയും അവർ മർദിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട സഹോദരിയും ഞങ്ങളെ രക്ഷപ്പെടുത്താനെത്തി. ഇതിനിടെ സംഘം സഹോദരിയുടെ വസ്ത്രം വലിച്ചുകീറുകയും മർദിക്കുകയുമായിരുന്നു’, ആക്രമിക്കപ്പെട്ട വിഷ്ണുകാന്ത് പറഞ്ഞു .
സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികളെ സംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ടെെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും യുപി പൊലീസ് അറിയിച്ചു. സമാനമായ ഇത്തരം സംഭവങ്ങൾ യുപിയിൽ വ്യാപകമാവുകയാണ് .