ഗസ്സ: ഇസ്രയേലിൽ ബന്ദി മോചനത്തിനായുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ യാതൊരു പുരോഗതിയുമില്ലെന്നറിയിച്ച് ഹമാസ്. ഹമാസ് വക്താവ് ഉസാമ ഹംദാനാണ് ഇക്കാര്യം അറിയിച്ചത്. യുദ്ധം അവസാനിപ്പിക്കാനായി വെടിര്‍ത്തല്‍ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് സഹകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗസ്സയില്‍ സ്ഥിരമായ വെടിനിര്‍ത്തലിനായുള്ള ചര്‍ച്ചകള്‍ക്ക് ഹമാസ് തയാറാണ്. ചര്‍ച്ചകളെ ഞങ്ങള്‍ പോസിറ്റീവായാണ് കാണുന്നത്- അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇസ്രയേലിന്റെ നിബന്ധനകള്‍ അംഗീകരിക്കാന്‍ ഹമാസിന് മേല്‍ യു.എസ് സമ്മര്‍ദം ചെലുത്തുകയാണെന്നും ഹംദാന്‍ പറകൂട്ടിച്ചേര്ത്തു.
ഗസ്സ മുനമ്പില്‍ നിന്നുള്ള സൈനിക പിന്മാറ്റവും സമ്പൂര്‍ണ വെടിനിര്‍ത്തലും മുന്നോട്ട് വെക്കുന്ന എന്ത് ആലോചനയുമായു സഹകരിക്കാന്‍ ഹമാസ് തയ്യാറാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍, താല്‍ക്കാലിക വെടിനിര്‍ത്തല്‍ മാത്രമേ സാധ്യമാവുവെന്ന നിലപാടിലാണ് ഇപ്പോഴും ഇസ്റാഈല്‍. ഇരു വിഭാഗവും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണമെന്നാണ് സൂചന.
അതേസമയം, ഇസ്രയേലിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാവുകയാണ്. 1.30 ലക്ഷം ആളുകളാണ് ശനിയാഴ്ച രാത്രി നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത്. വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കണമെന്നും ബന്ദികളെ തിരിച്ചെത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിനിടെ ബന്ദികളുടെ ബന്ധുക്കള്‍ വാര്‍ത്തസമ്മേളനം നടത്തുകയും ചെയ്തിരുന്നു.