കൊച്ചി: ആത്മാർഥതയും വിശ്വാസ്യതയും കൈവിട്ടുപോയ കാലഘട്ടത്തിലൂടെയാണ് മാധ്യമ പ്രവർത്തനം കടന്നുപോകുന്നതെന്നും ഇവ വീണ്ടെടുക്കാൻ മാധ്യമപ്രവർത്തകർ ശ്രമിക്കണമെന്നും പ്രമുഖ സാഹിത്യകാരൻ എൻ. എസ്. മാധവൻ. മുഖ്യവാർത്തകളാകുന്ന പ്രധാന വിഷയങ്ങൾ പലതും ഒരു പരിധി കഴിഞ്ഞാൽ മൃദു വാർത്തകളായി മാറുന്ന രീതിയാണ് നിലവിൽ മാധ്യമങ്ങൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എറണാകുളം പ്രസ്ക്ലബിൻ്റെ സി.വി. പാപ്പച്ചൻ സ്മാരക മാധ്യമ പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എൻ.എസ്. മാധവൻ. എറണാകുളം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എസ്. മൊഹിയുദ്ദീൻ സി.വി. പാപ്പച്ചൻ അനുസ്മരണ പ്രഭാഷണം നടത്തി. സി.വി. പാപ്പച്ചൻ സ്മാരക പ്രശസ്തിപത്രം ജില്ലാ നിർവ്വാഹക സമിതി അംഗം സുനി അൽഹാദി അവതരിപ്പിച്ചു.
മാതൃഭൂമി ന്യൂസ് കൊച്ചി റിപ്പോർട്ടർ റിയ ബേബി 20,000 രൂപയും പ്രശസ്തിപത്രവും മെമൻ്റോയും അടങ്ങുന്ന പുരസ്കാരം എൻ. എസ്. മാധവനിൽനിന്ന് ഏറ്റു വാങ്ങി. കാട്ടാന ആക്രമണത്തിൽ മരിച്ച മാതൃഭൂമി ന്യൂസ് പാലക്കാട് കാമറാമാൻ എ.വി. മുകേഷിനു വേണ്ടി ജൂറിയുടെ പ്രത്യേക ആദരം 10,000 രൂപയും മെമൻ്റോയും മുകേഷിൻ്റെ ഭാര്യ ടിഷ ഏറ്റുവാങ്ങി.
പ്രസ്ക്ലബ് പ്രസിഡൻ്റ് എം.ആർ. ഹരികുമാർ അധ്യക്ഷത വഹിച്ചു. റിയ ബേബിയും ടിഷ മുകേഷും മറുപടി പ്രസംഗം നടത്തി. പ്രസ്ക്ലബ് സെക്രട്ടറി എം. സൂഫി മുഹമ്മദ് സ്വാഗതം പറഞ്ഞു. സി.വി പാപ്പച്ചൻ്റെ കുടുംബാംഗങ്ങൾ, മുതിർന്ന മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.