കൊച്ചി:ഇനി കൊച്ചിയിൽ നിന്ന് ദുബായിലേക്ക് കപ്പൽ മാർഗ്ഗം പോകാം .പാസഞ്ചർ കപ്പൽ സർവീസ് നടത്താനായി രണ്ട് ഷിപ്പിംഗ് കമ്പനികളെ തിരഞ്ഞെടുത്തതായി തുറമുഖ മന്ത്രി വി എൻ വാസവൻ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു .
1200 പേരിൽ കുറയാത്ത യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന കപ്പലുകളാണ് സർവീസിനായി പരിഗണിച്ചിരുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് പരമാവധി മൂന്നരദിവസം കൊണ്ട് ദുബായിൽ എത്തിച്ചേരാനാവുമെന്നാണ് കരുതുന്നത്. പതിനായിരം രൂപയിൽ താഴെയാവും ടിക്കറ്റ് നിരക്ക് . കുറഞ്ഞ ടിക്കറ്റ് നിരക്ക് വേണമെന്ന ആവശ്യം പദ്ധതിയെക്കുറിച്ച് ചർച്ച തുടങ്ങിയ വേളയിൽ തന്നെ പല കോണുകളിൽ നിന്നും ഉയർന്നിരുന്നു.
സീസനനുസരിച്ച് ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ കൊള്ളയിൽ നിന്ന് പ്രവാസികൾ ഉൾപ്പടെയുള്ളവർക്ക് ഇതൊരു രക്ഷയാകും എന്നാണ് പ്രതീക്ഷ .കേരളത്തിൽ നിന്നുള്ള വിഭവങ്ങൾ വൻതോതിൽ ഗൾഫ് നാടുകളിൽ എത്തിക്കാനും കപ്പൽസർവീസ് യാഥാർത്ഥ്യമാകുന്നതോടെ കഴിയും. നിലവിൽ കേരളത്തിൽ നിന്നുള്ള കാർഷിക വിളകൾ ഉൾപ്പടെയുള്ളവ ഗൾഫിൽ എത്തിക്കാൻ വിമാനസർവീസുകൾ കുറവാണ്.
കപ്പൽ സർവീസ് നടപ്പിൽ വരുന്നതോടെ ടൂറിസം രംഗവും ഉഷാറാവും.കൊച്ചി-ദുബായ് കപ്പൽസർവീസ് സംബന്ധിച്ച ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് കേരള മാരിടൈം ബോർഡാണ്. കപ്പൽസർവീസ് ആരംഭിക്കാൻ താൽപ്പര്യമുള്ളവരിൽ നിന്ന് കഴിഞ്ഞ മാർച്ചിൽ മാരിടൈം ബോർഡ് താൽപ്പര്യപത്രം ക്ഷണിച്ചിരുന്നു. അതിൽ നിന്നാണ് കോഴിക്കാേടും, ചെന്നൈ എന്നിവിടങ്ങൾ ആസ്ഥാനമായുള്ള രണ്ട് കമ്പനികളെ ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്.
രണ്ടുകൂട്ടരുമായും ഇതിനകം ചർച്ചകൾ നടത്തിക്കഴിഞ്ഞു. സർക്കാരിന്റെ സമ്മതപത്രം കിട്ടിയാൽ മൂന്നുമാസത്തിനുള്ളിൽ കപ്പൽസർവീസുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് കമ്പനികൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുള്ളത്.ബേപ്പൂരിൽ നിന്ന് ദുബായിലേക്ക് സർവീസ് നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീടാണ് കൊച്ചിയെ അന്തിമമായി തീരുമാനിച്ചത്.