പ്രഫ. ഷാജി ജോസഫ്
The Settlers (Chile/97min/2023)
2023ല്‍ ഇറങ്ങിയ രണ്ട് സിനിമകള്‍, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ചിലിയിലെ പാറ്റഗോണിയന്‍ ഗോത്രങ്ങളുടെ (സെല്‍ക്നാം ജനത) വംശഹത്യ ഭീകരത അനാവരണം ചെയ്യുന്ന ‘ദി സെറ്റ്ലേര്‍സ്’ മാര്ട്ടിന് സ്കോര്‍സെസെ സംവിധാനം ചെയ്ത ‘കില്ലിംഗ് ഓഫ് ദി ഫ്ലവര്‍ മൂണ്‍’ അമേരിക്കന്‍ ഗോത്രവര്‍ഗ ഭൂമിയില്‍ ഒക്ലഹോമയുടെ പശ്ചാത്തലത്തില്‍ ഒസ്സേജുകളുടെ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. 1920 കളില്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളോഹരി വരുമാനമുള്ള ജനതയായിരുന്നു അമേരിക്കയിലെ ആദിമ നിവാസികളായ ഒസ്സേജുകള്(റെഡ് ഇന്ത്യന്‍സ്). തങ്ങളുടെ ഭൂമിക്കടിയില്‍ പെട്രോളിയം നിക്ഷേപം കണ്ടെത്തിയതിനെത്തുടര്‍ന്ന് അതിദരിദ്രരായിരുന്ന ഓസ്സേജ് വംശജര്‍ വളരെ പെട്ടെന്ന് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരായി മാറി. ആദിവാസികളുടെ രക്തത്തിനുമുകളില് പണിതുയര്‍ത്തിയ വന്‍ സാമ്പത്തിക ശക്തിയായ അമേരിക്കന്‍ സമൂഹത്തിന്റെ ഓര്‍മ്മകളില്‍ നിന്ന് മനപ്പൂര്‍വ്വം മായ്ച്ചു കളയപ്പെട്ട കറുത്ത ഒരേടാണ് ഒസ്സേജുകളുടെ ചരിത്രം. അത്യാഗ്രഹത്തിന്റെയും, അഴിമതിയുടെയും വംശീയതയുടെയും പാളികള്‍ വടക്കേ അമേരിക്കയുടെയും തെക്കേ അമേരിക്കയുടെയും ഭൂതകാലത്തെ കളങ്കപ്പെടുത്തിയതിന്റെ ഭീകരമായ കഥകളിലേക്ക് കടന്നുചെല്ലുന്നു. പിടിച്ചടക്കലിന്റെയും, കീഴടക്കലിന്റെയും, കൊള്ളയുടേയും കഥകള്‍ വെളിപ്പെടുത്തുന്ന ഈ രണ്ട് സിനിമകള്‍ ഒരേ സമയം വന്നത് യാദൃശ്ചികമാകാം.
രേഖപ്പെടുത്തപ്പെട്ട ലോകചരിത്രത്തില്‍ ഭീകരമായ വംശഹത്യകളും സംസ്കാരഹത്യകളും, ഒഴിവാക്കലുകളോ വളച്ചുകെട്ടുകളോ വഴി ശുദ്ധീകരിക്കപ്പെട്ട രീതിയിലുള്ള ചരിത്രത്തെയാണ് നാം ഇപ്പോഴും പഠിക്കുന്നത്. കുറഞ്ഞ പ്രതിരോധശേഷിയോ, മറ്റസുഖങ്ങളോ ഒക്കെ മൂലമാണ് ആദിവാസികളുടെ കൂട്ട മരണങ്ങള് എന്നാണ് വിശ്വസിച്ചു വന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ചിലിയന്‍ ചരിത്രത്തിന്റെ ഇരുണ്ട അധ്യായത്തിലേക്ക് കടന്നുചെല്ലുന്ന സംവിധായകന് ഫിലിപ് ഗാല്‍വെസ് ഹേബര്ലെയുടെ അരങ്ങേറ്റ ചിത്രമാണ്’ദി സെറ്റ്ലേര്‍സ്’ മഗല്ലന് കടലിടുക്കില്‍ ചിലിക്കും അര്‍ജന്റീനയ്ക്കും ഇടയിലാണ് ‘ടിയറ ഡെല്‍ ഫ്യൂഗോ’ ഭൂപ്രദേശം. ഇതിനു പടിഞ്ഞാറ് ആന്റിസ് പര്‍വ്വതനിരയും കിഴക്ക്, അറ്റ്ലാന്റിക് സമുദ്രവുമാണ്. ഇവിടത്തെ ഏറ്റവും പുരാതനമായ മനുഷ്യവാസകേന്ദ്രം ഏകദേശം 8,000 BC യിലേതാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ പാറ്റഗോണിയന്‍ പുല്‍മേടുകളില്‍ ആടുവളര്‍ത്തല്‍ വ്യവസായത്തില്‍ കുതിച്ചുചാട്ടമുണ്ടായി. കൃഷിയിടങ്ങള്‍ വികസിപ്പിക്കുവാനായി തദ്ദേശീയരായ പാറ്റഗോണിയന്‍ ഗോത്രങ്ങളെ (സെല്‍ക്നാം ജനത) വേട്ടയാടാനും കൂട്ടക്കൊല ചെയ്യാനും കൂലിപ്പടയാളികളെ (ചിലിയന്‍ സര്‍ക്കാരിന്റെ അറിവോടെ) നിയോഗിച്ച വന്‍കിട കര്‍ഷകരുടെയും ഭൂപ്രഭുക്കളുടെയും ചൂഷണത്തിന്റെയും കോളനിവല്‍ക്കരണത്തിന്റെയും ഭയാനകമായ കഥയാണ് സിനിമ ചിത്രീകരിക്കുന്നത്.
ചിലിയിലും അര്‍ജന്റീനയിലും പടര്‍ന്ന് കിടക്കുന്ന ദുര്‍ഘടമായ പാറ്റഗോണിയ പ്രദേശത്തിന്റെ ഭൂരിഭാഗവും കാര്‍ഷിക ബിസിനസുകള്‍ക്കായി കൈവശപ്പെടുത്തിയ സമ്പന്ന ഭൂവുടമയായ ജോസ് മെനെന്‍ഡസ് (ആല്‍ഫ്രെഡോ കാസ്ട്രോ). പ്രകൃതിദത്ത തടസ്സങ്ങളില്‍ നിന്നും, കാട്ടാളന്മാര് എന്ന് വിളിക്കപ്പെടുന്ന ആദിവാസികളില്‍നിന്നും മുക്തമാകും വിധം പാറ്റഗോണിയയിലെ ആടുവളര്ത്തലിനായി തന്റെ വിശാലമായ എസ്റ്റേറ്റ് അതിര്‍ത്തി ഒരുക്കുവാനാണ് മെനെന്‍ഡസ് ആവശ്യപ്പെടുന്നത്. ഇതിന് നേതൃത്വം നല്കാന് ബ്രിട്ടീഷ് സൈന്യത്തിലെ ഒരു സ്കോട്ടിഷ് ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് മക്ലെനനെ (മാര്‍ക്ക് സ്റ്റാന്‍ലി) മെനെന്‍ഡസ് തിരഞ്ഞെടുക്കുന്നു, ‘മൈലുകള്‍ അകലെ നിന്ന് ഒരു ആദിവാസിയുടെ മണം’ അറിയാന്‍ കഴിയുന്ന ഒരു അമേരിക്കന്‍ കൂലിപ്പടയാളിയായ ബില്ലാണ് (ബെഞ്ചമിന്‍ വെസ്റ്റ്ഫാള്‍) രണ്ടാമന്. മനസ്സില്ലാമനസ്സോടെ മൂന്നാമനായി കൂടിയ, സമ്മിശ്ര പാരമ്പര്യമുള്ള ചിലിയന്‍ സ്വദേശി സെഗുണ്ടോ (കാമിലോ അരാന്സിബിയ) ഷൂട്ടിങ്ങില്‍ വിരുതനാണ്. അവരുടെ യാത്ര ‘ടിയറ ഡെല്‍ ഫ്യൂഗോ’ ഭൂപ്രദേശത്തിലൂടെ കടന്നു പോകുന്നു. സമാനതകളില്ലാത്ത ക്രൂരതകളാണ് പിന്നീട് അരങ്ങേറുന്നത്.
എല്ലാം സെഗുണ്ടോയുടെ വേട്ടയാടുന്ന കണ്ണുകളിലൂടെ കാഴ്ചക്കാരിലേക്ക് പ്രതിഫലിക്കുന്നു. പകുതി സ്പാനിഷ്, പകുതി സ്വദേശി, അവന് തന്നോട് തന്നെ യുദ്ധത്തിലാണ്. സെഗുണ്ടോയ്ക്ക് തന്റെ കൂട്ടാളികളെപ്പോലെ അക്രമത്തിന്റെ നടത്തിപ്പുകാരനായി സ്വയം മാറാന്‍ കഴിയില്ലെങ്കിലും, അവരെ എതിര്‍ക്കാന്‍ കഴിയുന്നില്ല. നാമമാത്രമായി ഏറ്റവും സഹാനുഭൂതിയുള്ള കഥാപാത്രമായ സെഗുണ്ടോ പോലും ഈ കുറ്റകൃത്യങ്ങളില്‍ ചിലതില്‍ ഒരുതരം പങ്കാളിയാകാന്‍ നിര്‍ബന്ധിതനാകുന്നു, സിനിമയുടെ അന്ത്യത്തിലേക്ക് എത്തുമ്പോള്‍, ഏഴ് വര്‍ഷത്തിന് ശേഷം മെനെന്‍ഡസിന്റെ പ്രൗഢഗംഭീരമായ ഭവനത്തില്‍ വികുന (മാര്‍സെലോ അലോന്‍സോ) എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എത്തിച്ചേരുന്നു. പ്രഭുവിനെക്കുറിച്ചു മോശം വാര്‍ത്തകള്‍ ദിനേന വന്നുകൊണ്ടിരിക്കുന്നു. പാറ്റഗോണിയയിലെ തദ്ദേശീയ ജനങ്ങളോട് അദ്ദേഹം ചെയ്ത ക്രൂരതകള്‍ മെട്രോപൊളിറ്റന്‍ ഭാഗങ്ങളില്‍ പ്രചരിക്കുന്നു. പ്രഭുവിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രശസ്തിയെക്കുറിച്ച് അദ്ദേഹത്തോട് നേരില്‍ ആശയ വിനിമയം നടത്താനാണ് വികുന എത്തുന്നത്.അയാളുടെ ഭൂതകാല ചെയ്തികള്‍ എങ്ങനെ വെളുപ്പിച്ചെടുക്കാം എന്നതിനെക്കുറിച്ചുള്ള പദ്ധതികള്‍ തയ്യാറാക്കപ്പെടുന്നു. അതുവഴി ചിലി എന്ന ദേശീയ രാഷ്ട്രത്തിന്റെ ഉത്ഭവം തദ്ദേശവാസികളുടെ രക്തക്കറകളില്‍ നിന്ന് മുക്തമാക്കാമെന്നു അവര്‍ കണക്കു കൂട്ടുന്നു.
ഛായാഗ്രാഹകന്‍ സിമോണ്‍ ഡി ആര്കാന്ജെലോയുടെ ക്യാമറ ആന്റിസ് മലയുടെ താഴ്വാരങ്ങളിലെ വിശാലമായ സ്റ്റെപ്പികളും സമുദ്ര തീരവും സഹിതമുള്ള അതിമനോഹരമായ പാറ്റഗോണിയ ദൃശ്യങ്ങള്‍ പകര്‍ത്തുന്നു. ചുറ്റപ്പെട്ട കടല്‍ത്തീരങ്ങളും മലകളും, മൂടല്‍മഞ്ഞുള്ള വനങ്ങളും. വിസ്മയിപ്പിക്കുന്ന വൈഡ് ഷോട്ടുകളില്‍ മഞ്ഞും ഇരുളും കൂടിച്ചേര്‍ന്ന ദൃശ്യങ്ങള്‍ കാഴ്ചകളാല്‍ സമ്പന്നമാണ്. സംവിധായകന് ഫിലിപ്പ് ഗാല്‍വെസ് ഹേബര്ലെ ആദ്യ സിനിമയുടെ പരിചയക്കുറവൊന്നും പ്രദര്‍ശിപ്പിക്കുന്നില്ല. അന്റോണിയ ഗിരാര്ഡി, മരിയാനോ ലിനാസ് എന്നിവരോടൊപ്പം തിരക്കഥയിലും ഹേബര്ലെയുടെ സാന്നിധ്യമുണ്ട്. ബൃഹത്തായ, കാലിക പ്രാധാന്യമുള്ള വിഷയമാണ് അദ്ദേഹം തന്റെ ആദ്യ സിനിമക്ക് വേണ്ടി തിരഞ്ഞെടുത്തത്. അതില്‍ വലിയൊരളവുവരെ അദ്ദേഹം വിജയിച്ചെന്നു പറയാം.
2023 കാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഫിപ്രസ്സി അവാര്‍ഡ്, 2023 ലെ ചിലിയുടെ ഓസ്ക്കാറിനുള്ള ഔദ്യോദിക നോമിനേഷന് എന്നിവ എടുത്തുപറയേണ്ടവയാണ്. നുണകളും അര്‍ദ്ധസത്യങ്ങളും ഉപയോഗിച്ച് ചരിത്രത്തെ വളച്ചൊടിക്കാന്‍ എല്ലാകാലത്തും സാധിക്കില്ല. മണ്ണിന്റെ അവകാശികളായ ആദിമ നിവാസികളുടെ രക്തത്തില്‍ പണിതുയര്‍ത്തിയ നാഗരിതകള്‍ ഒരു നാള് വെളിവാക്കപ്പെടും. യഥാര്‍ത്ഥ ചരിത്രം പുറത്തുവരികതന്നെ ചെയ്യും. ചിത്രത്തിന്റെ അവസാനത്തില്‍ സെഗുണ്ടോയുടെ ഭാര്യയായ (സെല്‍ക്നാം വനിത) റോസയോട് വികുന ചോദിക്കുന്നുണ്ട്, റോസ ഈ രാജ്യത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവോ എന്ന്. അവള് ഉത്തരമൊന്നും പറയാതെ വികുനയെ നോക്കുന്ന ദൃശ്യത്തോടുകൂടിയാണ് സിനിമ അവസാനിക്കുന്നത്. സെല്‍ക്നാം ജനത അനുഭവിച്ച എല്ലാ ദുരിതങ്ങളും ആ നോട്ടത്തിലുണ്ട്, സിനിമ പറയാന്‍ ആഗ്രഹിക്കുന്നതും അതുതന്നെ. ഈ സിനിമ നാം അറിഞ്ഞ ചരിത്രത്തെ ചോദ്യം ചെയ്യുകയും ലാറ്റിനമേരിക്കയുടെ കൊളോണിയല്‍ ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കാന്‍ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു.