ജെക്കോബി
മുതലപ്പൊഴിയിലെ കടല്‍ ശാന്തമാക്കാന്‍ തന്റെ പക്കല്‍ മോശയുടെ വടിയൊന്നുമില്ലെന്ന ഫിഷറീസ് – ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നിയമസഭയിലെ പ്രസ്താവത്തില്‍, ‘കടല്‍ കൊണ്ടുപോയ തങ്ങളുടെ ആണുങ്ങള്‍ക്കുവേണ്ടി’ വിലപിക്കുന്ന പുതുക്കുറിച്ചിയിലെയും അഞ്ചുതെങ്ങിലെയും വിധവകളുടെ കണ്ണുനീരിനോടും സംസ്ഥാനത്തെ തീരമേഖലയിലെ ഏഴകളുടെ കൊടിയ ദുരിതങ്ങളോടുമുള്ള അവജ്ഞയും നെറികേടും അഹന്തയും വായിച്ചെടുക്കാനാകും. പമ്പയും അച്ചന്‍കോവിലാറും കരകവിഞ്ഞൊഴുകിയ 2018 ഓഗസ്റ്റിലെ പ്രളയകാലത്ത്, ”ചെങ്ങന്നൂരില്‍ അന്‍പതിനായിരം ആളുകള്‍ മുങ്ങിമരിക്കാന്‍ പോകുന്നു, മോദിയോട് പറഞ്ഞ് ഞങ്ങളെ രക്ഷിക്കാന്‍ ഹെലികോപ്റ്റര്‍ കൊണ്ടുവാ” എന്ന് ടിവി ചാനലുകാര്ക്കു മുന്പില് അലമുറയിട്ട ആ എംഎല്‍എ സഖാവിനെയും കൂട്ടരെയും ജീവനോടെ രക്ഷാസങ്കേതങ്ങളില്‍ എത്തിക്കാന്‍ കടല്വള്ളങ്ങളുമായി പാഞ്ഞെത്തിയ മത്സ്യത്തൊഴിലാളികളെ ‘കേരളത്തിന്റെ സൈന്യം’ എന്നൊക്കെ വാഴ്ത്തിയതല്ലാതെ പിന്നീട് അക്കൂട്ടരോട് നന്ദികേടും അവഗണനയുമല്ലാതെ മറ്റെന്താണ് പലപ്പോഴും മാടമ്പിയെ പോലെ സംസാരിക്കുന്ന ആ നേതാവും ഇടതുമുന്നണി സര്‍ക്കാരും കാണിച്ചിട്ടുള്ളത്?
കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 73 മത്സ്യത്തൊഴിലാളികളുടെ ദാരുണാന്ത്യത്തിന് ഇടവരുത്തിയ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് കഴിഞ്ഞയാഴ്ചയും ദുരന്തം ആവര്‍ത്തിച്ച സാഹചര്യത്തില്‍, പ്രശ്നപരിഹാരത്തിനുള്ള നടപടികളെ സംബന്ധിച്ച് നിയമസഭ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോവളം എംഎല്‍എ എം. വിന്‍സന്റ് കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇക്കൊല്ലം രണ്ടു ജീവന് പൊലിഞ്ഞു, 12 അപകടങ്ങളിലായി നിരവധിപേര്‍ക്കു പരിക്കേറ്റു.
സംസ്ഥാനത്തെ 26 ഫിഷിങ് ഹാര്‍ബറുകളില്‍ മറ്റൊരിടത്തും കാണാത്ത ഭയാനകമായ അപകടാന്തരീക്ഷമാണ് മുതലപ്പൊഴിയിലുള്ളത്. അഴിമുഖത്ത് അടിഞ്ഞുകൂടുന്ന മണല്‍തിട്ടകളും അതിശക്തമായ തിരമാലകളും കൊണ്ട് അഴിമുഖം വലിയൊരു മരണച്ചുഴിയായി മാറിയിരിക്കയാണ്. പുലിമുട്ടുകളുടെ അശാസ്ത്രീയ നിര്‍മിതിയാണ് അടിസ്ഥാന പ്രശ്നമെന്ന് വിദഗ്ധ പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്.
അഞ്ചു മീറ്റര്‍ ആഴം നിലനിര്‍ത്തേണ്ട അഴിമുഖത്തെ പ്രവേശന ചാനലിന് ഇപ്പോള്‍ രണ്ടു മീറ്റര്‍ പോലും ആഴമില്ല. ഡ്രെജിങ് നടത്തി ആഴം കൂട്ടുന്നതില്‍ കാണിക്കുന്ന കുറ്റകരമായ അനാസ്ഥയും വീഴ്ചയുമാണ് ദുരന്ത പരമ്പരകള്‍ക്കു കാരണമെന്ന് വിന്‍സന്റ് എംഎല്‍എയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കുറ്റപ്പെടുത്തി.
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് നിര്‍മാണത്തിനും ഓപ്പറേഷനും കരാറെടുത്ത അദാനി പോര്‍ട്സ് ആന്‍ഡ് സെസ് കമ്പനി വിഴിഞ്ഞത്ത് തീരക്കടലില്‍ 3,100 മീറ്റര്‍ വരുന്ന പുലിമുട്ട് (ബ്രേക്ക് വാട്ടര്‍) പണിക്കായി 70 ലക്ഷം ടണ്‍ കരിങ്കല്ല് ക്വാറികളില്‍ നിന്ന് മുതലപ്പൊഴിയിലെത്തിച്ച് അവിടെ നിന്ന് ബാര്‍ജില്‍ കയറ്റി വര്ക്സൈറ്റിലേക്കു കൊണ്ടുപോകുന്നതിന് ഫിഷിങ് ഹാര്‍ബറിന്റെ തെക്കുവശത്തായി ഒരു വാര്‍ഫും പെരുമാതുറ പാലത്തിനു പടിഞ്ഞാറായി ഗോള്‍ഡന്‍ ബീച്ചില്‍ സ്റ്റോക് യാര്‍ഡും നിര്‍മിക്കാന്‍ 2017 നവംബറില്‍ സംസ്ഥാന സര്‍ക്കാരുമായി ധാരണയുണ്ടാക്കി. ബാര്‍ജ് ജെട്ടിക്കായി ഹാര്‍ബറിന്റെ തെക്കുഭാഗത്തെ പുലിമുട്ടിന്റെ കുറെ ഭാഗം പൊളിച്ചുമാറ്റി. ബാര്‍ജ് ഗതാഗതം സുഗമമാക്കാന്‍ അഴിമുഖത്തും അകംചാലിലും ആഴം കൂട്ടേണ്ടതുണ്ടായിരുന്നു. ഹാര്‍ബര്‍ മുഖത്തും ചാലിലും ചിതറിവീണുകിടന്നിരുന്ന പാറക്കല്ലുകളും അടിഞ്ഞുകൂടിയ മണല്‍തിട്ടകളും നീക്കം ചെയ്യാനും പുലിമുട്ടുകളുടെ മെയ്ന്റനന്സിനും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് 2018 ഏപ്രില്‍ മാസം ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇതനുസരിച്ച് അഞ്ചു മീറ്റര്‍ ആഴം നിലനിര്‍ത്താനുള്ള ഡ്രെജിങ് നടത്താന്‍ അദാനി കമ്പനിക്കു ബാധ്യതയുണ്ട്.
ആഗോള ടെന്‍ഡര്‍ വിളിച്ച് നടപ്പാക്കാനിരുന്ന ഡ്രെജിങ് പദ്ധതി അദാനി കമ്പനി ‘ഔദാര്യപൂര്‍വം’ ഏറ്റെടുത്തു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയും നിയമസഭയില്‍ പറഞ്ഞത്. രണ്ടുവര്‍ഷം ഗംഭിയായി ഡ്രെജിങ് നടന്നു. ഹാര്‍ബര്‍ തടത്തില്‍ ചിതറികിടന്നിരുന്ന വലിയ പാറക്കല്ലുകള്‍ പൊട്ടിച്ച് നീക്കം ചെയ്യാനും മണല്‍തിട്ടകള്‍ മാന്തിനീക്കാനും കട്ടര്‍ സക് ഷന് ഡ്രെജറുകള്‍ വിന്യസിക്കപ്പെട്ടു. വിഴിഞ്ഞത്തേക്കുള്ള ബാര്‍ജ് നീക്കത്തിന്റെ ലോജിസ്റ്റിക്സ് ക്ലിയറായതോടെ അദാനി കമ്പനിക്ക് മുതലപ്പൊഴിയിലെ ഡ്രെജിങ്ങിന്റെ ആവശ്യംതന്നെ ഇല്ലാതായി. 2019 ഡിസംബറില്‍ കമ്മിഷന് ചെയ്യേണ്ടിയിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആദ്യഘട്ട ഓപ്പറേഷന് ആവശ്യമായ പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയായിരിക്കെ ഇപ്പോള്‍ മുതലപ്പൊഴി വാര്‍ഫിന്റെ പേരിലുള്ള ഡ്രെജിങ് ബാധ്യതയില്‍ നിന്ന് ഒഴിയാനാണ് അവര്‍ക്കു താല്പര്യം.
കഴിഞ്ഞ ജൂലൈയില്‍ മുതലപ്പൊഴി അഴിമുഖത്ത് വള്ളം മറിഞ്ഞ് നാലു മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിമാരായ സജി ചെറിയാന്, വി. ശിവന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ അദാനി കമ്പനി പ്രതിനിധികളെ വിളിച്ചുവരുത്തി നടത്തിയ യോഗത്തില്‍, പിറ്റേന്നുതന്നെ ഡ്രെജിങ് പുനരാരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായി. എന്നാല്‍ പ്രതികൂല കാലാവസ്ഥയില്‍ ഡ്രെജറുകള്‍ അഴിമുഖത്തേക്കു കൊണ്ടുവരാനാവില്ലെന്നും നാഗര്‍കോവിലില്‍ നിന്നു പല്ച്ചക്രമുള്ള ലോങ്ബൂം എക്സ്കവേറ്റര്‍ റോഡ്മാര്‍ഗം എത്തിക്കാന്‍ ശ്രമിക്കാമെന്നുമൊക്കെ പറഞ്ഞ് അദാനി കമ്പനി ഒഴിഞ്ഞുമാറി. ഹാര്‍ബര്‍ മുഖത്തെ പാറക്കല്ലും ടെട്രോപോഡും അവശിഷ്ടങ്ങളും നീക്കം ചെയ്യാതെ എക്സ്കവേറ്റര്‍ മാത്രം കൊണ്ട് മണ്ണുമാന്തുന്ന പണിയാണ് പിന്നീട് അവര്‍ ചെയ്തത്. ഇക്കഴിഞ്ഞ ജനുവരിയിലും മേയിലും മന്ത്രിതല ഉപസമിതി കാലവര്‍ഷത്തിനു മുന്‍പ് ഡ്രെജിങ് പൂര്‍ത്തിയാക്കാന്‍ അദാനി കമ്പനിക്ക് ‘കര്‍ശന നിര്‍ദേശം’ നല്കിയത്രെ. മേയ് 15ന് അകം ഡ്രെജിങ് തീര്‍ക്കണമെന്ന അന്ത്യശാസനം പിന്നീട് ജൂണ്‍ ആറ് എന്നാക്കിയിട്ടും ഒന്നും സംഭവിച്ചില്ലെന്നും ജെസിബി ഉപയോഗിച്ചാണ് മണല്‍ നീക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
മറ്റേതെങ്കിലും ഏജന്‍സിയെ ഡ്രെജിങ് ഏല്പിച്ച് അതിന്റെ ചെലവ് അദാനി കമ്പനിയില്‍ നിന്ന് ഈടാക്കണമെന്നാണ് നിയമസഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടത്. അതേസമയം, അദാനി കമ്പനിയെ ഒരു തരത്തിലും കുറ്റപ്പെടുത്താതെ, മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ക്ക് കാലാവസ്ഥയെയും മത്സ്യത്തൊഴിലാളികളെയും പഴിക്കാനാണ് ഫിഷറീസ് മന്ത്രി ശ്രമിച്ചത്.
അദാനി കമ്പനി മുതലപ്പൊഴി ഹാര്‍ബര്‍ തടത്തിലെ 80 ശതമാനം പാറക്കല്ലും ടെട്രോപോഡും നീക്കം ചെയ്തുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കടല്‍ക്ഷോഭം രൂക്ഷമാകുന്നതിന് അദാനിയെ വെറുതെ പഴിക്കുന്നതിലാണ് അദ്ദേഹത്തിനു കുണ്ഠിതം. വിഴിഞ്ഞം തുറമുഖത്തിനായുള്ള പുലിമുട്ട് നിര്‍മാണത്തിന്റെയും കടല്നികത്തലിന്റെയും ആഘാതം തിരുവനന്തപുരം ജില്ലയിലെ മിക്ക കടലോരഗ്രാമങ്ങളിലും രൂക്ഷമായ കടലേറ്റത്തിനും തീരശോഷണത്തിനും ഇടയാക്കുന്നതിനെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തി പ്രതിവിധി കണ്ടെത്തണം എന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭം നടത്തിയപ്പോള്‍ മുഖ്യമന്ത്രി അസന്ദിഗ്ധമായി പ്രഖ്യാപിച്ചത് അത് ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിഭാസമാണെന്നാണ്. മുതലപ്പൊഴിയിലെ പുലിമുട്ടുകളുടെ വടക്കുഭാഗത്ത് നൂറുകണക്കിന് വീടുകള്‍ കടലെടുത്തുപോയിട്ടുണ്ട്. നഷ്ടപ്പെട്ട പുരയിടങ്ങള്‍ക്കും തൊഴിലിടങ്ങള്‍ക്കും ന്യായമായ നഷ്ടപരിഹാരമോ മറ്റ് ആനുകൂല്യങ്ങളോ പുനരധിവാസ സഹായമോ കിട്ടാത്ത പാവപ്പെട്ടവരുടെ ഗതികേട് ആരന്വേഷിക്കുന്നു?
കഴിഞ്ഞ 13 വര്‍ഷത്തിനിടെ മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഏഴു വിദഗ്ധസമിതികളെ ചുമതലപ്പെടുത്തുകയുണ്ടായി. പുനെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷനാണ് ഏറ്റവും ഒടുവിലത്തേത് അടക്കം നാലു പഠനറിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു നല്‍കിയത്. പുലിമുട്ടുകള്‍ നീളം കൂട്ടി പുനഃക്രമീകരിക്കുക, അഴിമുഖത്തിന്റെ പ്രവേശനകവാടത്തിന്റെ ദിശ മാറ്റുക, അഴിമുഖത്ത് മണല്‍ അടിഞ്ഞുകൂടുന്നതു തടയാനും വടക്കുവശത്ത് താഴമ്പള്ളി, അഞ്ചുതെങ്ങ് ഭാഗത്ത് കടലെടുത്തുപോകുന്ന തീരം വീണ്ടെടുക്കാനുമായി തെക്കുഭാഗത്തു നിന്ന് സാന്ഡ്ബൈപാസിങ് നടത്തുക എന്നീ നിര്‍ദേശങ്ങള്‍ നേരത്തേതന്നെ അവര്‍ സമര്‍പ്പിച്ചിട്ടുള്ളതാണ്.
കഴിഞ്ഞ ജൂലൈയിലെ കൂട്ടമരണം സൃഷ്ടിച്ച ആഘാതത്തില്‍ ഉയര്‍ന്ന ജനരോഷം തണുപ്പിക്കാനായി സജി ചെറിയാന്റെ നേതൃത്വത്തില്‍ മന്ത്രിതല ഉപസമിതി നടത്തിയ 10 പ്രഖ്യാപനങ്ങളില്‍ ആദ്യത്തേത് പെരുമാതുറ ഭാഗത്ത് അടിഞ്ഞുകൂടുന്ന മണല്‍ താഴമ്പള്ളി ഭാഗത്തേക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ ട്രക്കുകളില്‍ ‘ബൈപാസ്’ ചെയ്യുന്നതിന് ഒരു കോടി രൂപ അനുവദിക്കുന്നു, തുടര്‍ന്ന് 11 കോടിയുടെ സാന്ഡ്ബൈപാസിങ് പദ്ധതിക്ക് രണ്ടാഴ്ചക്കകം ടെന്‍ഡര്‍ വിളിച്ച് രണ്ടുമാസത്തിനകം പണി ആരംഭിക്കുന്നു എന്നതായിരുന്നു. കഴിഞ്ഞ 11 മാസത്തിനിടെ ഇങ്ങനെയൊരു ബൈപാസിങ് കരവഴിയോ കടല്‍വഴിയോ നടന്നതായി ആരും കണ്ടിട്ടില്ല.
അദാനി കമ്പനിയുടെ തീവ്ര ഡ്രെജിങ് ഷെഡ്യൂള്‍ ചാര്‍ട്ട്, 24 മണിക്കൂറും രക്ഷാപ്രവര്‍ത്തനത്തിന് 22 മുങ്ങല്‍വിദഗ്ധരുടെ പുതിയ നിയമനം, മൂന്നു സ്പീഡ് ബോട്ടുകള്‍, 24 മണിക്കൂര്‍ ആംബുലന്‍സ്, അഴിമുഖത്ത് റിമോട്ട് കണ്ട്രോള് ബോയ്, ഹൈമാസ്റ്റ് വിളക്കുകള്‍ തുടങ്ങി അന്നു പറഞ്ഞ കാര്യങ്ങളില്‍ നടപ്പായതെന്തൊക്കെയാണെന്ന് നാട്ടുകാരെയെങ്കിലും ബോധ്യപപ്പെടുത്തേണ്ടേ?
പതിനെട്ടു മാസത്തിനകം മുതലപ്പൊഴിയില്‍ ശാശ്വത പരിഹാരമുണ്ടാകുമെന്നാണ് ഏറ്റവും ഒടുവിലത്തെ പ്രഖ്യാപനം. കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള പ്രധാനമന്ത്രി മത്സ്യ സംപദാ യോജനയില്‍ 164 കോടി രൂപയുടെ പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. പദ്ധതിച്ചെലവിന്റെ 60 ശതമാനം കേന്ദ്രം വഹിക്കും. സംസ്ഥാന വിഹിതമായ 40 ശതമാനം അനുവദിച്ചുകഴിഞ്ഞുവത്രെ! മുതലപ്പൊഴി ‘സ്മാര്‍ട് ഗ്രീന്‍’ ഹാര്ബറാക്കാനുള്ള പഠനറിപ്പോര്‍ട്ട് കൂടി കേന്ദ്രം ആവശ്യപ്പെട്ടു. അത് ഒരു മാസത്തിനകം പൂര്‍ത്തിയാക്കും; രണ്ടു മാസത്തിനകം കേന്ദ്രത്തിനു വിശദമായ പദ്ധതിരേഖ സമര്‍പ്പിക്കുമെന്നും സജി ചെറിയാന് പറയുന്നു.
കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രിയായി ചുമതലേറ്റശേഷം താന്‍ രണ്ടുവട്ടം മുതലപ്പൊഴി വിഷയത്തില്‍ യോഗം വിളിച്ചുകൂട്ടിയെന്നും കേരളത്തില്‍ നിന്നു ഡിപിആര്‍ ലഭിച്ചാലുടന്‍ പദ്ധതിക്ക് അംഗീകാരം നല്കി ഫണ്ട് അനുവദിക്കുമെന്നും, ഹാര്‍ബറിന്റെ സ്ട്രക്ചറല്‍ ഡിസൈന്‍ തയാറാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റല്‍ എന്‍ജിനിയറിങ് ഫോര്‍ ഫിഷറി സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുമെന്നും ജോര്‍ജ് കുര്യന് ഡല്‍ഹിയില്‍ കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്.
അപകടസാധ്യത ഒഴിവാക്കാന്‍ രണ്ടു മാസത്തേക്ക് മുതലപ്പൊഴി ഹാര്‍ബര്‍ അടച്ചിടാനുള്ള ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശത്തെ നാട്ടുകാര്‍ എതിര്‍ത്തു. തത്കാലം നീണ്ടകരയിലോ വിഴിഞ്ഞത്തോ പോയി മീന്‍പിടിക്കാനാണ് മുതലപ്പൊഴി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന 140 ഫിഷിങ് ബോട്ട് ഉടമകളോടും എഴുന്നൂറോളം വരുന്ന വള്ളക്കാരോടും സര്‍ക്കാര്‍ പറഞ്ഞത്. 25,000 മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവസന്ധാരണത്തിന്റെയും ഈ മേഖലയിലെ മുഖ്യ സാമ്പത്തികവ്യവഹാരത്തിന്റെയും പ്രശ്നം അത്ര ലാഘവത്തോടെ കാണേണ്ട വിഷയമല്ലല്ലോ.
കാലാവസ്ഥാ മുന്നറിയിപ്പുകളെ അവഗണിച്ച് മത്സ്യത്തൊഴിലാളികള്‍ വള്ളമിറക്കുന്നതാണ് അപകടങ്ങള്‍ക്കു കാരണമെന്ന് സജി ചെറിയാന് കുറ്റപ്പെടുത്തുന്നുണ്ട്. കുടുംബം പോറ്റാന്‍ നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് മരണത്തെ മുന്നില്‍ കണ്ടുകൊണ്ട് കടലില്‍ പോകാന്‍ മിക്കവരും നിര്‍ബന്ധിതരാകുന്നത്. മന്ത്രി പറയുംപോലെ, ലൈഫ്ജാക്കറ്റ് അണിഞ്ഞ ഡോള്‍ഫിന്റെ ആനിമേറ്റഡ് വീഡിയോ കണ്ട് ലൈക്ക് അടിച്ച് സര്‍ക്കാര്‍ വക രക്ഷാകവചം വിശ്വസിച്ച് ധരിച്ചിറങ്ങിയാലും മുതലപ്പൊഴി അഴിമുഖത്തെ ടെട്രാപോഡ് കെട്ടിലേക്ക് ചുഴറ്റിയെറിയപ്പെട്ട് തല ചിതറിയും കഴുത്ത് ഒടിഞ്ഞുതൂങ്ങിയുമുള്ള ദാരുണാന്ത്യം ഒഴിവാക്കാനാകും എന്നതിന് എന്താണുറപ്പ്? ഒന്നര വര്‍ഷം കഴിഞ്ഞ്, പിണറായിയുടെ രണ്ടാമൂഴത്തിന് അറുതിയാകും വരെ കാത്തിരുന്നാലും എന്തെങ്കിലും പ്രത്യാശയ്ക്ക് വകയുണ്ടോ?