കൊച്ചി:കനത്ത മഴയില്‍ കൊച്ചി ചെല്ലാനം മേഖലയില്‍ കടലാക്രമണം രൂക്ഷം. കണ്ണമാലി പ്രദേശത്ത് വീട്ടുകളില്‍ വെള്ളം കയറി. റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.
ഇന്നലെ ഉച്ചയോടെയാണ് കണ്ണമാലി, ചെറിയ കടവ്, സൗദി, മാനാശേരി, കാട്ടിപ്പറമ്പ്, പൊലീസ് സ്റ്റേഷൻ പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ കടൽവെള്ളം ഇരച്ചുകയറിയത്. പൊലീസ് സ്റ്റേഷന്റെ പുറക് വശത്തെ മതിൽ ഇടിഞ്ഞു വീണതിനെത്തുടർന്ന് പ്രദേശവാസികൾ സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടി.
കടലില്‍ നിന്നും വീടുകളിലേക്ക് വെള്ളം ഒഴുകിയെത്തിയതോറ്റ നാട്ടുകാർ ദുരിതത്തിലായി . റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. മഴയെ തുടര്‍ന്നു മാത്രമല്ല വാവ് തൊട്ടു അഷ്ടമി വരെയുള്ള ദിവസങ്ങളില്‍ കടലാക്രമണം രൂക്ഷമാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.പുത്തൻതോട് മുതൽ ചെറിയകടവ് ഭാഗം വരെയാണ് കടലേറ്റം ശക്തമായത്.
ഈ ഭാഗത്ത് ടെട്രാപോഡ് നിർമ്മാണം കഴിഞ്ഞവർഷം പൂർത്തിയാക്കുമെന്നാണ് അധികാരികൾ അറിയിച്ചിരുന്നത്. കടൽവെള്ളം ഇരച്ചുകയറിയതോടെ ഈ ഭാഗത്തെ നൂറ് കണക്കിന് വീടുകൾ വെള്ളത്തിലായി. വീട്ട് സാമഗ്രികളും നിർമ്മാണ സാമഗ്രികളും വെള്ളത്തിൽ ഒലിച്ചുപോയി. തെക്കെ ചെല്ലാനം മുതൽ പുത്തൻതോട് വരെ ടെട്രോപോഡ് നിർമ്മാണം പൂർത്തിയാക്കിയതിനാൽ ഈ ഭാഗത്ത് കടൽ കയറ്റം ഒഴിവായി. വെള്ളംകയറിയ വീട്ടുകാരെ ക്യാമ്പുകളിലേക്ക് മാറ്റണമെന്ന് വാർഡ് മെമ്പർമാർ ആവശ്യപ്പെട്ടു.
ചെല്ലാനം മുതൽ സി എം എസ് വരെയുള്ള ഭാഗത്തു ആദ്യ ഘട്ട ട്രെട്രപോട് കടൽ ഭിത്തി നിർമ്മിക്കാമെന്ന് പറഞ്ഞിരുന്നത് പുത്തൻതോട് വരെ മാത്രമേ പണി നടന്നിട്ടുള്ളു.ബാക്കി പ്രദേശങ്ങൾ ഇപ്പോഴും ശക്തമായ കടലാക്രമണഭീഷണിയിൽ തന്നെയാണ്.കാട്ടിപ്പറമ്പ് മുതൽ ബീച്ച് റോഡ് വരെ കടലിൽ നിന്നുമുള്ള വെള്ളം ഭിത്തിയിൽ തട്ടി വീടുകൾക്കു കേടുപാടുകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
ശക്തമായ കാറ്റോ, ന്യൂനമർദ്ധമോ ഇല്ലാത്ത ഈ സമയത്തുള്ള കടൽ ക്ഷോഭം പലതിന്റെയും മുന്നോടിയാണ് . അടിയന്തിര സാഹചര്യമുണ്ടായാൽ ആളുകളെ താത്കാലികമായി മാറ്റി പാർപ്പിക്കാനുള്ള നടപടികൾ അധികാരികൾ മുൻകൂട്ടി തയാറാക്കണമെന്ന് ജനകീയ വേദി വർക്കിംഗ് ചെയർമാൻ ജയൻ കുന്നേൽ ആവശ്യപ്പെട്ടു.
സർക്കാർ അടിയന്തിരനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.