കൊച്ചി: കേരളത്തിലെ ലത്തീൻ കത്തോലിക്കാ സഭയുടെ ഭാരതീയനായ ആദ്യ മെത്രാപ്പോലീത്ത ദൈവദാസൻ ആർച്ച്ബിഷപ് ജോസഫ് അട്ടിപ്പേറ്റിയുടെ പ്രസംഗങ്ങളുടെ സമാഹാരത്തിൻ്റെ പുതിയപതിപ്പ് വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഷെവലിയർ ഡോ. പ്രീമുസ് പെരിഞ്ചേരിക്കു നൽകി പ്രകാശനം ചെയ്തു.
അഭിവന്ദ്യ അട്ടിപ്പേറ്റി പിതാവിൻ്റെ പ്രസംഗങ്ങളും എഴുത്തുകളും പുതിയ തലമുറക്ക് വെളിച്ചമായി മാറട്ടെയെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.
ലോകത്ത് ഒരു മെത്രാനും ചെയ്യാത്ത കാര്യമാണ് അട്ടിപ്പേറ്റി പിതാവ് ചെയ്തത്.
അതിരൂപതയിലെ എല്ലാ അജഗണങ്ങളുടെ ഭവനങ്ങളും സന്ദർശിക്കാൻ സമയം കണ്ടെത്തിയ ഇടയനാണ് അട്ടിപ്പേറ്റി പിതാവെന്ന് ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.ആർച്ച് ബിഷപ് ഡോ. അട്ടിപ്പേറ്റിയുടെ 130-ാം ജന്മദിനമായ ജൂൺ 25ന് വരാപ്പുഴ അതിരൂപത അല്മായ കമീഷൻ്റെ നേതൃത്വത്തിൽ ആർച്ച്ബിഷപ്സ് ഹൗസിൽ നടന്ന പുസ്തകപ്രകാശന ചടങ്ങിൽ ജീവനാദം മാനേജിംഗ് എഡിറ്റർ ഫാ. ക്യാപിസ്റ്റൻ ലോപ്പസ് പുസ്തകം പരിചയപ്പെടുത്തി.
അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജീവനാദം ചീഫ് എഡിറ്റർ ജെക്കോബി, അല്മായ കമ്മീഷൻ ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, മിനിസ്ട്രി ജനറൽ കോഡിനേറ്റർ ഫാ. യേശുദാസ് പഴമ്പിള്ളി, അല്മായ കമ്മീഷൻ സെക്രട്ടറി ജോർജ് നാനാട്ട്, വിൻസെൻ്റ് ഡി പോൾ സൊസൈറ്റി പ്രസിഡൻ്റ് റോക്കി രാജൻ എന്നിവർ പ്രസംഗിച്ചു.
ഒന്നര വർഷം സഹായമെത്രാനായും പിന്നീട് മെത്രാപ്പോലീത്തയായും 1938 മുതൽ 1970 വരെ വരാപ്പുഴ അതിരൂപതയിൽ ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി സേവനം ചെയ്തു. ഈ കാലഘട്ടത്തിൽ അദ്ദേഹം നടത്തിയ പ്രസംഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത എഴുപ്പത്തിമൂന്നു പ്രസംഗങ്ങളാണ് 1964ൽ “ആർച്ച്ബിഷപ്പ് അട്ടിപ്പേറ്റിയുടെ പ്രസംഗങ്ങൾ “എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചത്.
അതിൻ്റെ പുതിയ പതിപ്പാണ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്. പത്രപ്രവർത്തകൻ ജെക്കോബി എഴുതിയ ദൈവദാസനായി പ്രഖാപിക്കപ്പെട്ട ആർച്ച്ബിഷപ്പ് അട്ടിപ്പേറ്റിയുടെ ജീവചരിത്രവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രണതാ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രായപൂർത്തി വോട്ടവകാശത്തിന്മേൽ തിരഞ്ഞെടുക്കപ്പെട്ട ഒന്നാമത്തെ കൊച്ചി നിയമസഭയിലെ അംഗങ്ങളെ അനുമോദിച്ചു കൊണ്ട് നടത്തിയ 1948ലെ പ്രസംഗവും മൂന്നായി വിഭജിച്ചു കിടന്നിരുന്ന മലയാളക്കരയെ ഭാഷയുടെ അടിസ്ഥാനത്തിൽ യോജിപ്പിച്ച് കേരളം രൂപീകരിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ട സമസ്ത കേരള സാഹിത്യ പരിഷത്തിൻ്റെ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് 1938ൽ കോട്ടയത്ത് നടത്തിയ പ്രസംഗവും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്