കൊച്ചി :സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു . എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളിൽ തക്കാളി വില ഇന്നലെ നൂറുകടന്നു. മറ്റു ജില്ലകളിൽ 80ൽ എത്തി . വരും ദിവസങ്ങളിൽ ഇവിടെയും തക്കാളി വില നൂറിലെത്തുമെന്ന് കച്ചവടക്കാർ പറയുന്നു.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ കടുത്ത വേനലിൽ കൃഷി വ്യാപകമായി കുറഞ്ഞിരുന്നു. ഇത് വിളവിനെയും ബാധിച്ചു. ഇതാണ് വില കൂടാൻ കാരണമായത്.ഒരു മാസത്തിനിടെ ബീൻസ്, പച്ചമുളക്, ഇഞ്ചി, മുരിങ്ങാക്കായ, കാബേജ്, ഉരുളക്കിഴങ്ങ് തുടങ്ങിയവയ്ക്കെല്ലാം ഇരട്ടിയിലേറെയാണ് വില വർധന. കിലോയ്ക്ക് 70 രൂപയുണ്ടായിരുന്ന ബീൻസിന് 160 രൂപയായി.
രണ്ടാഴ്ച മുമ്പ് 110 രൂപയായിരുന്നു. പച്ചമുളകിന് ഇരട്ടിയായി 120ൽ എത്തി. 40 രൂപയുണ്ടായിരുന്ന തക്കാളി 60,70,80 എന്നിങ്ങനെ വർധിച്ച് 100ൽ എത്തി. ഇഞ്ചിക്ക് 180 മുതൽ 240 രൂപ വരെയാണ് ഇന്നലത്തെ വില. 20- 25 രൂപയ്ക്ക് ലഭിച്ചിരുന്ന കാബേജ് 60ൽ എത്തി. സംസ്ഥാനത്തേക്കുള്ള കാബേജ് വരവിലും കുറവുണ്ട്. മാർച്ച്, ഏപ്രിൽ മാസത്തെ വേനലിൽ പലയിടത്തും കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാതെ ലക്ഷക്കണക്കിന് രൂപയുടെ വിളകൾ ഉണങ്ങി നശിച്ചിരുന്നു.