കൊച്ചി : കുണ്ടന്നൂർ കായലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിനെത്തുടർന്ന് കൂടുകൃഷി നടത്തുന്നവർക്കും, മത്സ്യബന്ധന തൊഴിലാളികൾക്കും നഷ്ടം സംഭവിച്ചതിൽ പരിഹാര നടപടികൾ നടപ്പാക്കാത്തതിൽ പ്രതിഷേധം ഉയരുന്നു.
സംഭവം നടന്ന് ഏതാണ്ട് ഒരു മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള ഫയൽ നടപടികൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. നിയമാനുസൃതം സർക്കാരിൻറെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന സംരംഭകർക്കാണ് ഇത്തരത്തിൽ നഷ്ടം സംഭവിച്ചത്. അതോടൊപ്പം കായലിൽ മത്സ്യലഭ്യത കുറഞ്ഞതിനാൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നവർക്കും ബുദ്ധിമുട്ടായിരിക്കുന്നു.
കുണ്ടന്നൂർ കായലിലെ ജലമലിനീകരണത്തിനും മത്സ്യക്കുരുതിക്കും എതിരെ സംഘടിപ്പിച്ച പ്രതിഷേധ ധർണ കെഎൽസിഎ സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ് ഉദ്ഘാടനം ചെയ്തു. നെട്ടൂരിൽ നിന്ന് വള്ളവുമായി പ്രതീകാത്മക പ്രകടനം നടത്തിയാണ് പ്രവർത്തകർ കുണ്ടന്നൂർ ജംഗ്ഷനിൽ എത്തിയത്.
കായൽ മലിനമാക്കിയവർക്കെതിരെ എന്തൊക്കെ നടപടികൾ കൈക്കൊണ്ടുവെന്ന് വെളിപ്പെടുത്താൻ തയ്യാറാകണമെന്നും നഷ്ടപരിഹാര നടപടികൾ വേഗത്തിൽ ആക്കണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.
മേഖലാ പ്രസിഡൻറ് ഐ എം ആന്റണി അധ്യക്ഷത വഹിച്ചു. ഷാജി കാട്ടിത്തറ, റോയ് പാളയത്തിൽ, വിൻസ് പെരിഞ്ചേരി, അഡ്വ. ജിജോ. K.S, നിക്സൺ ജോസഫ്, സിബി മാസ്റ്റർ, സുനില സിബി, ഡ്രൌസീയേഴ്സ്, N T ജോസ്, ജോസഫ് M X, പീറ്റർ പ്രവീൺ, ഷാജി കേളന്തറ, ജോജോ മനയത്ത്, പോൾ ഇത്തിപ്പെറ്റ, ഓർഫിയോസ് , ബൈജു തോട്ടാള്ളി, T. P ആൻ്റണി മാസ്റ്റർ, ജയ ജോസഫ്, മിനി ഷാജി, മോളി ഡെന്നി, പാൻക്രിയാസ് ആൻ്റണി, ജാക്സൺ സിമേന്തി എന്നിവർ പ്രസംഗിച്ചു.