ബാര്‍ബഡോസ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. അഫ്ഗാനിസ്ഥാനെതിരെ 47 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 181 റണ്‍സായിരുന്നു നേടിയത്.
ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന് ബാറ്റിങ് 134 ൽ അവസാനിച്ചു.
ഇന്ത്യൻ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബുമ്രയും അര്‍ഷ്ദീപും 3 വിക്കറ്റും കുല്‍ദീപ് 2 വിക്കറ്റും ജഡേജ, അക്സര്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും നേടി. ബുമ്ര 4 ഓവറില്‍ 7 റണ്‍ മാത്രം വഴങ്ങിയാണ് 3 വിക്കറ്റ് എടുത്തത്. 26 റണ്‍സ് എടുത്ത അസ്മതുള്ള അഫ്ഗാന്റെ ടോപ് സ്കോറര്‍ ആയി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കുവേണ്ടി വേണ്ടി സൂര്യകുമാര്‍ യാദവ് നേടിയ അര്‍ദ്ധസെഞ്ചുറിയാണ് ആശ്വാസമായത്. 28 പന്തുകള്‍ നേരിട്ട താരം അഞ്ച് ബൗണ്ടറികളും മൂന്ന് സിക്സറും സഹിതം 53 റണ്‍സെടുത്തു. താരത്തിനൊപ്പം ഹാര്‍ദിക് പാണ്ഡ്യയും(24 പന്തില്‍ 32) നന്നായി പൊരുതി നിന്നു.
തുടക്കത്തിലേ തന്നെ ഇന്ത്യയെ വലിയ പ്രതിസന്ധിയിലാക്കാന്‍ അഫ്ഗാന് ബൗളര്‍മാര്‍ക്ക് സാധിച്ചു. വിരാട് കോഹ്ലി(24), ഋഷഭ് പന്ത്(20) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും വമ്പന്‍ ഇന്നിങ്സ് കെട്ടിപ്പടുക്കാന്‍ സാധിച്ചില്ല.