കെ ജെ സാബു
കേരളരാഷ്ട്രീയത്തിലെ ഒരു തലമുതിർന്ന നേതാവാണ് കെ സുധാകരൻ .സുധാകരൻ വെറുമൊരു ചോട്ടാ നേതാവല്ല,പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രസിഡന്റാണ് .തലമുതിർന്ന് മുതിർന്ന് അങ്ങേരിപ്പോൾ തലമറന്ന് എണ്ണതേയ്ക്കുന്ന പരുവത്തിൽ ആയിട്ടുണ്ട് . കണ്ണൂര്‍ ഡിസിസി ഓഫിസില്‍ വിവിധ ബോംബുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച സംഭവം പോലുമുണ്ടായിട്ടുണ്ടെന്ന മുഖ്യമന്തിയുടെ പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് സുധാകരന്റെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു പ്രതികരണത്തിനു മറുപടിയായി സുധാകരന് മൊഴിഞ്ഞ വാക്കുകൾ സാംസ്കാരിക കേരളത്തിന് അപമാനമാണ് എന്ന് പറയാതെ വയ്യ .
മുഖ്യമന്ത്രിയെ അവന് എന്ന് വിശേഷിപ്പിച്ചാണ് സുധാകരന്റെ പ്രതികരണം .”അവന് വെട്ടിക്കൊന്നതും വെടിവച്ചു കൊന്നതും ബോംബെറിഞ്ഞു കൊന്നതും എത്രപേരെ? സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ട് വെട്ടാനും കുത്താനും തുടങ്ങിയതല്ലേ. എനിക്ക് ആ റെക്കോഡില്ല. പിണറായി വിവരം കെട്ടവന്. ആണത്തമുണ്ടോ?” എന്നാണ് സുധാകരന്റെ വാമൊഴിവഴക്കം .
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒരു പത്രസമ്മേളനത്തിന് എത്താൻ വൈകിയതിന് ശ്മശ്രു എന്നർഥം വരുന്ന ഒരു നാടൻ തെറിവിളിച്ചാണ് സുധാകരൻ പ്രതികരിച്ചത് .അതിനര്‍ഥം തന്റെ രാഷ്ട്രീയ എതിരാളിയായ പിണറായിയും തന്റെ പാർട്ടിയുടെ നേതാവായ സതീശനും സുധാകരന്റെ തെറിക്ക് മുന്നിൽ സമന്മാരാണ് എന്നതാണ് .
തലശേരി എരഞ്ഞോളിയില്‍ കഴിഞ്ഞ ദിവസം ഒരു വയോധികന് ബോംബ് പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തിലും സുധാകരന് വിവരക്കേട് വിളമ്പി . ‘വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ’ എന്നായിരുന്നു പ്രതികരണം. ബോംബ് ഇനിയും പൊട്ടാനുണ്ട് എന്നിട്ട് പറയാമെന്നായിരുന്നു സുധാകരന്റെ ആദ്യ പ്രതികരണം അഹിംസാപാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിന് ഒത്ത പ്രതികരമായിരുന്നു ഇതും . ഇത് വാർത്തയായതോടെ വിശദീകരണവുമായി സുധാകരന് വീണ്ടുമെത്തി. സിപിഎം ആക്രമണത്തില്‍ ചെറുപ്പക്കാരന് കൊല്ലപ്പെടാതിരുന്നത് ആദ്യമായിട്ടാണ് എന്നായിരുന്നു ആ വിശദീകരണം.
കഴിഞ്ഞ ചൊവ്വാഴ്ചയാണു തലശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വേലായുധന് എന്ന എണ്പത്തിയാറുകാരൻ മരിച്ചത്. വീടിനോട് ചേര്‍ന്ന് ആള്‍താമസമില്ലാത്ത പുരയിടത്തിൽ തേങ്ങ പെറുക്കാന്‍ പോയതായിരുന്നു ആ പാവം . പറമ്പില്‍നിന്നു കിട്ടിയ വസ്തു തുറന്നു നോക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അയാൾ കൊല്ലപ്പെട്ടത് .ഒരു വയോവൃദ്ധന്റെ മരണത്തെപ്പോലും പരിഹസിക്കുന്ന ഒരാൾ നയിക്കേണ്ട പ്രസ്ഥാനമാണോ കോൺഗ്രസ്സ് എന്ന് നേതാക്കളും പ്രവർത്തകരും ചിന്തിക്കണം .കാരണം ഓരോ ദിവസം ചെല്ലുന്തോറും കേരളത്തിലെ യുവതലമുറ കൂടുതൽ കൂടുതൽ അരാഷ്ട്രീയവൽക്കരിക്കപ്പെടുകയാണ് .
ഭാവിയുടെ വാഗ്ദാനങ്ങൾ എന്നൊക്കെ മൈക്കിനുമുന്നിൽ നിന്നും അലറുന്ന സുധാകരനെയൊക്കെ കണ്ട് തലയ്ക്കകത്ത് ആളുതാമസമുള്ള ഏതെങ്കിലുമൊരു കുട്ടി യൂത്ത് കോൺഗ്രസ്സിൽ ചേരുമോ ?
അതെ സമയം ലോക് സഭാ തെരഞ്ഞെടുപ്പ് നൽകുന്ന സൂചനകൾ അനുസരിച്ച് ബി ജെപി വലിയതോതിൽ മുന്നേറ്റമുണ്ടാക്കുകയാണ് കേരളത്തിൽ . യുവതയെ കോൺഗ്രസ്സിൽ അണിനിരത്താൻ എന്തെങ്കിലും കാര്യപരിപാടികൾ ആവിഷ്കരിക്കേണ്ടവർ മദ്യപിച്ച് കെ എസ് യു ക്യാമ്പിലെത്തി തമ്മിലടിച്ച് പിരിയുന്ന പുതുതലമുറ കോൺഗ്രസ്സിനെ വാർത്തെടുക്കാനാണ് ശ്രമിക്കുന്നത് .കേരളത്തിലെ മാധ്യമങ്ങളൊക്കെയും പിണറായിയേയും ഇടത് പാർട്ടികളെയും ശുദ്ധീകരിക്കുന്നതിൽ പുലർത്തുന്ന ജാഗ്രത എന്തായാലും സുധാകരന്റെയും കോൺഗ്രസ്സിന്റെയും കാര്യത്തിൽ ഉണ്ടാകില്ല എന്നുറപ്പാണ് .അതൊരു സൗകര്യമായി കാണുന്ന സുധാകരന്മാർ വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കടതുറക്കാനായി ,ഈ രാജ്യം മുഴുവൻ അലഞ്ഞ ഒരു അന്പത്തിനാലുകാരനെ മറന്നുകൂടാ .അയാൾ ഉയർത്തിവിട്ട ആവേശം ഒരു രാജ്യത്തെ തിരിച്ചുപിടിച്ചത് കാണാതിരുന്നുകൂടാ .ഇതിൽ കൂടുതൽ എന്തുപറയാനാണ് ,ഇത്തരം മത്തങ്ങാത്തലയന്മാരോട് .