പ്രഫ. ഷാജി ജോസഫ്
The Green Border (Poland/152 minutes/2023)
Director: Agnieszka Holland
യുദ്ധവും ക്ഷാമവും പ്രകൃതി ദുരന്തങ്ങളും എല്ലാക്കാലത്തും മനുഷ്യരെ അഭയാർത്ഥികളായി പലായനം ചെയ്യാൻ പ്രേരിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ലോകമൊട്ടാകെ അഭയാർത്ഥികൾ പെരുകുന്ന നടപ്പുകാലം. പശ്ചിമേഷ്യയിൽനിന്നും ആഫ്രിക്കയിൽ നിന്നുമാണ് കൂടുതൽ അഭയാർത്ഥികൾ പുറത്തേക്ക് ഒഴുകുന്നത്. കടലിലും കരയിലും ഇവരിൽ പലരുടേയും ജീവിതയാതനകൾക്ക് അവസാനം ഉണ്ടാവുന്ന കാഴ്ചകൾ നാം പലവുര കണ്ടതാണ്. ഐ എസ്സിന്റെ ആക്രമണം സൃഷ്ടിച്ച സിറിയയിലെ ദുരന്തഭൂമിയിൽ നിന്നും ജീവനും കൊണ്ട് പാലായനം ചെയ്ത അഭയാർത്ഥികളുടെ ജീവിതം യൂറോപ്യൻ യൂണിയനിലെ പല രാജ്യങ്ങളുടെ അതിർത്തികളിലും അനിശ്ചിതത്വത്തിലാണ്. പോളണ്ട് -ബെലാറസ് അതിർത്തിയിൽ കുടുങ്ങിയ അഭയാർത്ഥികൾ ലുകാഷെങ്ക ഭരണകൂടത്തിന് ഒരു ‘ആക്രമണ ഉപകരണവും’ പോളണ്ടിന് ആവശ്യമില്ലാത്ത ജീവിതങ്ങളുമാണ്.
മനുഷ്യർ സൃഷ്ടിച്ച രാജ്യ അതിർത്തികൾ അഭയാർത്ഥികളുടെ രക്തം കൊണ്ട് ചുവക്കുന്നു. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിന് ഏകദേശം ഒരു വർഷം മുമ്പ് സിറിയ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, യെമൻ, ഡെമോക്രാറ്റിക്റി പ്പബ്ലിക് ഓഫ് കോംഗോ തുടങ്ങിയ യുദ്ധബാധിത രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ പോളണ്ടിലേക്കുള്ള ഒരു കവാടമായി ബെലാറസ് ഉപയോഗിക്കാൻ പ്രസിഡന്റ് ലുകാഷെങ്കോ പ്രോത്സാഹിപ്പിച്ചതോടെയാണ് അഭയാർത്ഥി നീക്കം ആരംഭിക്കുന്നത്.
ബെലാറസിൽ നിന്ന് പോളണ്ടിലൂടെ യാത്ര ചെയ്തു സ്വീഡനിൽ എത്താൻ ശ്രമിക്കുന്ന സിറിയയിലെ ഹരസ്തയിൽ നിന്നുള്ള ആറംഗ കുടുംബം. ബഷീർ (ജലാൽ അൽതവിൽ), ഐ എസ്സ് ഭീകരർ സമ്മാനിച്ച മർദ്ദനത്തിന്റെ പാടുകൾ അവൻ്റെ മുതുകിലുണ്ട്. ബഷീറിനൊപ്പം അവൻ്റെ പിതാവ് (മുഹമ്മദ് അൽ റാഷി), ബഷീറിൻ്റെ ഭാര്യ ആമിന (ദാലിയ നൗസ്), ബാലനായ മകൻ നൂർ (തൈം അജ്ജാൻ), ഇളയ സഹോദരി ഗാലിയ (താലിയ അജ്ജാൻ), കൂടെ ഒരു കൈക്കുഞ്ഞും. അവരുടെ കൂടെ താലിബാൻ ഭരണത്തിൽ നിന്ന് രക്ഷപ്പെട്ടോടി വരുന്ന ലൈല എന്ന അഫ്ഗാൻ അധ്യാപികയുമുണ്ട്. ആഫ്രിക്കയിൽ നിന്ന് വരുന്ന കുറച്ച് യുവാക്കളും യുവതികളും കൂട്ടത്തിലുണ്ട്. ഇവരുടെ പലായനത്തിന്റെ ദുരിതപൂർണ്ണമായ കഥയാണ് ‘ദി ഗ്രീൻ ബോർഡർ’ ചർച്ച ചെയ്യുന്നത്. ബെലാറസിലെ ഏകാധിപതിയായ പ്രസിഡന്റ് അലക്സാൻഡർ ലുകാഷെങ്കോ അഭയാർത്ഥികളെ ടൂറിസ്റ്റ് വിസയിൽ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നു. ബെലാറസിനും പോളണ്ടിനും ഇടയിലുള്ള കാടും ചതുപ്പുനിലങ്ങളും കൂടിച്ചേർന്ന ‘ ഗ്രീൻ ബോർഡർ ‘ എന്ന് വിളിക്കപ്പെടുന്ന സ്ഥലത്തേക്കാണ് അവർ എത്തിപ്പെടുന്നത്.
എന്നാൽ അതിർത്തി കടക്കുമ്പോൾത്തന്നെ രാജ്യങ്ങൾ തമ്മിൽ വേർതിരിക്കുന്ന ഇരുമ്പ് വേലിയിലൂടെ അവരെ പോളണ്ടിലേക്ക് കടത്തിവിടുന്നു ബെലാറസ് ഗാർഡുകൾ. പോളിഷ് ഭൂമിയിൽ കണ്ടെത്തുന്ന അഭയാർത്ഥികളെ യാതൊരു കരുണയുമില്ലാതെ ബോർഡർ പട്ടാളം തിരിച്ച് ബെലാറസ്സിലേക്ക് അതെ ഇരുമ്പ് വേലിയിലൂടെ തള്ളിവിടുന്നു. ഇതിനിടയിൽ കുട്ടികളും സ്ത്രീകളുമടക്കമുള്ള അഭയാർത്ഥിക്കൂട്ടം ദാഹവും വിശപ്പും തണുപ്പും ക്രൂരമായ മർദ്ദനങ്ങളും അനുഭവിച്ച് അവശരാകുന്നു. അനുസരിക്കാത്തവരെ അവർ തോക്കിനിരയാക്കുന്നുമുണ്ട്. അവശയായ ഒരു ഗർഭിണിയെ പട്ടാളക്കാർ തൂക്കിയെടുത്ത് കമ്പിവേലിക്ക് മുകളിലൂടെ അപ്പുറത്തേക്ക് വലിച്ചെറിയുന്നുണ്ട് ഒരിടത്ത്. അങ്ങോട്ടുമിങ്ങോട്ടുള്ള ഈ കടത്തിവിടൽ പലതവണ ആവർത്തിക്കുന്നുണ്ട്. നിസ്സഹായരായ മനുഷ്യരോട് ചെയ്യുന്ന ക്രൂര പ്രവർത്തികൾ കണ്ട് പ്രേക്ഷകൻ വൈകാരികമായി വളരെ സങ്കീർണമായ അവസ്ഥയിൽ എത്തുന്നു.
അതിർത്തിയിലെ ചതുപ്പുകളിൽ അതിജീവനത്തിനായുള്ള അഭയാർത്ഥികളുടെ പോരാട്ടത്തിൻ്റെ കഥ ഹൃദയഭേദകമാണ്. അതേസമയം നിയമത്തെ മറികടന്ന് അഭയാർത്ഥികളെ സഹായിക്കാനായി ഒരു കൂട്ടം ചെറുപ്പക്കാർ തയ്യാറാവുന്നുണ്ട്. വൈദ്യസഹായവും നിയമസഹായവും നൽകുന്നതിനായി വനത്തിനുള്ളിലേക്ക് വരുന്ന ഗറില്ലാപ്രവർത്തിന് സമാനമായ പോളിഷ് സന്നദ്ധ പ്രവർത്തകരുടെ സാന്നിദ്ധ്യം നൽകുന്ന ആശ്വാസം ചെറുതല്ല അഭയാർത്ഥികളെ സംബന്ധിച്ച്. യഥാർത്ഥ കാഴ്ചയുടെ അനുഭവം ലഭിക്കാനായിരിക്കണം സിനിമ കറുപ്പിലും വെളുപ്പിലുമാണ് സംവിധായിക ചിത്രീകരിച്ചിരിക്കുന്നത്.
യുക്രൈൻ-റഷ്യ യുദ്ധ മുഖത്തുനിന്നും പലായനം ചെയ്യുന്ന ഇരുപതു ലക്ഷത്തോളം വരുന്ന അഭയാർത്ഥികളെ സ്വാഗതം ചെയ്തു പോളണ്ടിലെത്തിക്കുന്ന സീനോട് കൂടിയാണ് സിനിമ അവസാനിക്കുന്നത്. ബെലാറസ്-പോളിഷ് അതിർത്തിയിലെ ക്രൂരരായ ഗാർഡുകൾ തന്നെയാണ് ഇതിനായി നിയോഗിക്കപ്പെടുന്നത്. ഇവിടെ അവർ അഭയാർത്ഥികളെ ഹാർദ്ദവമായി സ്വീകരിച്ചാനയിക്കുന്നു. ഓമനയായ വളർത്തുമൃഗത്തെ ചേർത്ത് പിടിച്ചു വരുന്ന സ്ത്രീയെ ശ്രദ്ധയോടു കൂടിയാണ് ആ ഗാർഡ് വാഹനത്തിലേക്ക് നയിക്കുന്നത്.
ഇത് ശ്രദ്ധിച്ച ഒരു സ്ത്രീ അയാളോട് ചോദിക്കുന്നുണ്ട്, ‘നിങ്ങൾ ബെലാറസ്സ് അതിർത്തിയിൽ കുഞ്ഞുങ്ങളുമായിവന്ന സ്ത്രീകളോട് എന്ത് കൊണ്ട് കരുണ കാണിച്ചില്ല’. പ്രേക്ഷകന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ ചോദ്യം. ഒരു രാജ്യത്തിന്റെ തന്നെ രണ്ടതിർത്തികളിൽ രണ്ടു നീതി.
പോളിഷ് ഭരണകൂടം ഈ സിനിമയെ അങ്ങേയറ്റം അപലപിച്ചു കൊണ്ടിരിക്കുകയാണ്. നാസി പ്രൊപ്പഗാണ്ട സിനിമകളെപ്പോലെ തരം താണതാണ് ഈ സിനിമ എന്നാണു അവരുടെ പ്രചാരണം. പക്ഷേ സംവിധായിക ആഗ്നിസ്ക ഹോളണ്ട് അതിനെ ഗൗനിക്കുന്നില്ല തനിക്ക് പറയാനുള്ളത് ഇതെല്ലാം തന്നെയാണ് എന്ന് ആണയിട്ട് ഉറപ്പിക്കുന്നുണ്ട് അവർ. എഴുപത്തിയഞ്ചുകാരിയായ ആഗ്നിസ്കയുടെ മെൻറ്ററായിയിരുന്നു പ്രശസ്ത പോളിഷ് സംവിധായകനായ ആന്ദ്രേ വൈദ. ക്രിസ്റ്റോഫ് സാനുസിക്കൊപ്പം അസിസ്റ്റൻ്റ് ഡയറക്ടറായും അവർ പ്രവർത്തിച്ചിട്ടുണ്ട്. ഈ സിനിമയുടെ തിരക്കഥയിലും നിർമ്മാണത്തിലും അവർ പങ്കാളിയാണ്. 1981ൽ, പോളണ്ടിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ്, ആഗ്നിസ്ക ഫ്രാൻസിലേക്ക് കുടിയേറി. ഒരു ഓസ്കാർ അവാർഡും, നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ നിന്നും 51 അവാർഡുകളും 65 നോമിനേഷനുകളും അവർക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്.
ഈ സിനിമയോടൊപ്പം തന്നെ ഇറങ്ങിയ ‘മി ക്യാപ്റ്റൻ (ഇറ്റലി)’, ‘ദി ഓൾഡ് ഓക്ക് (യു കെ)’ എന്നീ സിനിമകളും പ്രധാന വിഷയങ്ങളായി അഭയാർത്ഥി പ്രശ്നങ്ങൾ ആണ് ചർച്ച ചെയ്യുന്നത്. ദാരിദ്ര്യത്തിൽ നിന്നും സംഘർഷങ്ങളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ലോകമെമ്പാടും ആയിരക്കണക്കിന് അഭയാർത്ഥികൾ മരിച്ചുവീഴുന്നുവെന്ന് സമ്മതിക്കുമ്പോൾ തന്നെ ആ അസന്തുലിതാവസ്ഥ എങ്ങിനെ പരിഹരിക്കാം എന്ന് ലോകത്തോട് ചോദ്യമെറിയുന്നു സംവിധായിക ഈ സിനിമയിലൂടെ.