തിരുവനന്തപുരം: പട്ടിക വര്‍ഗക്കാര്‍ ഒന്നിച്ച് താമസിക്കുന്ന സ്ഥലത്തെ ഇനി കോളനിയെന്ന് വിളിക്കേണ്ട. പേരുകള്‍ മാറ്റാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ ഒഴിവാക്കും.
കോളനി എന്ന പേര് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റം സംബന്ധിച്ച നിര്‍ദേശം. കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ക്ക് പകരം കാലാനുസൃതമായി മറ്റ് പേരുകള്‍ നല്‍കണമെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിരുന്നു.
നഗര്‍, ഉന്നതി, പ്രകൃതി എന്നീ പേരുകള്‍ പകരമായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശം. പ്രാദേശിക താല്പര്യം നോക്കിയും മറ്റ് പേരുകള്‍ ഇടാമെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരം പ്രദേശങ്ങള്‍ക്ക് വ്യക്തികളുടെ പേരുകള്‍ നല്‍കുന്നത് പല സ്ഥലത്തും തര്‍ക്കങ്ങള്‍ക്ക് കാരണമാവുന്നതിനാല്‍, വ്യക്തികളുടെ പേരുകള്‍ പരമാവധി ഒഴിവാക്കണം. എന്നാല്‍ നിലവില്‍ വ്യക്തികളുടെ പേരുകള്‍ നല്‍കിയിട്ടുള്ള സ്ഥലങ്ങളില്‍ ആ പേരുകള്‍ തുടരാമെന്നും ഉത്തരവില്‍ പറയുന്നു.
പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന മന്ത്രിസ്ഥാനം രാജിവെക്കുന്നതിന് തൊട്ടുമുന്‍പായാണ് കെ രാധാകൃഷ്ണന് ചരിത്രപരമായ ഈ ഉത്തരവിറക്കിയത്.