വത്തിക്കാൻ : ഐക്യരാഷ്ട്രസഭയുടെ ലോക വയോജന പീഢനവിരുദ്ധദിനമായ ജൂൺ 15-ന് , ഫ്രാൻസീസ് പാപ്പാ എക്സിൽ പാപ്പാ കുറിച്ചത് ഇപ്രകാരമാണ്-
“പ്രായാധിക്യം ചെന്നവർ, യഥാർത്ഥവും ആവൃതവുമായ ദയാവധമായ ഉപേക്ഷിക്കൽ മനോഭാവത്തോടെ എത്രയോ തവണ തള്ളിക്കളയപ്പെടുന്നു! നമ്മുടെ ലോകത്തിന് ഏറെ ദോഷകരമായ ആ വലിച്ചെറിയൽ സംസ്കൃതിയുടെ ഫലമാണത്. ഈ വിഷലിപ്ത സംസ്കാരത്തെ ചെറുക്കാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു!”
ജൂൺ 15 ലോക വയോജന പീഡനവിരുദ്ധ ബോധവൽക്കരണദിനമായി 2011 മുതൽ ആചരിച്ചുവരികയാണ്. ഐക്യരാഷ്ട്രസഭ 2011 ഡിസംബറിൽ അംഗീകരിച്ച 66/127-ാം നമ്പർ പ്രമേയമാണ് ഈ ദിനാചരണത്തിന് ആഹ്വാനം ചെയ്തത്. 2006 ൽ “ഇന്റർനാഷണൽ നെറ്റ് വർക്ക് ഫോർ ദി പ്രിവൻഷൻ ഓഫ് എൽഡർ അബ്യൂസ്’ എന്ന സംഘടനയാണ് ഇതിന് തുടക്കം കുറിച്ചതെങ്കിലും ഒരു അന്തർദേശീയ ദിനാചരണത്തിന്റെ ഔന്നത്യം വന്നുചേർന്നത് യുഎൻ പ്രമേയത്തോടെയാണ്.
2017 ലെ കണക്കനുസരിച്ച് ആറു പേരിൽ ഒരാൾ പീഡിപ്പിക്കപ്പെടുന്നു. 2002 ൽ തന്നെ ലോകാരോഗ്യസംഘടന ഈ കാര്യങ്ങൾ ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയുണ്ടായി. വിവിധ രൂപത്തിലുള്ള പീഡനങ്ങളുടെ ഫലമായി മുതിർന്ന പൗരന്മാർ വളരെ പെട്ടെന്ന് മരണത്തിന് കീഴടങ്ങുന്നു എന്നവർ കണ്ടെത്തി. ശാരീരിക പ്രവർത്തനങ്ങൾ മന്ദഗതിയിലാവുന്നു. മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് അവർ മാറുന്നു. നിസഹായത, മാനസിക സമ്മർദം, മനോബലം നഷ്ടപ്പെടൽ, ആഹാരത്തിനോട് വിരക്തി, ഡിപ്രഷൻ, ഡിമെൻഷ്യ തുടങ്ങിയവ അവരെ പിടികൂടുന്നു. പീഡനങ്ങൾക്ക് വിധേയരാവുന്ന വയോജനങ്ങളുടെ മരണനിരക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്.