ബിജോ സിൽവേരി
ദൈവം കൂടെകൂട്ടിയവര്‍
മാറ്റത്തിനായി സ്വയം ഒരുങ്ങാതെ, സാഹചര്യങ്ങളെ കുറ്റം പറയുന്നവര്‍ക്ക് മാതൃകയാക്കാന്‍ പറ്റുന്ന നിരവധി വ്യക്തികളുണ്ട്. നേടുമെന്ന ദൃഢനിശ്ചയം ഹൃദയത്തിലുണ്ടെങ്കില്‍ ഈ ലോകം നമുക്ക് കീഴടക്കാമെന്നാണ് അവരുടെ ജീവിതപാഠം പഠിപ്പിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാര്യമെടുക്കാം. അദ്ദേഹം ഒരു ഹൃദ്രോഗി ആയിരുന്നു. പിതാവും സഹോദരനും അമിത മദ്യപന്മാര്, അമ്മ കാന്‍സര്‍ രോഗി. 18 വയസ്സുവരെ ദാരിദ്ര്യവും രോഗവും അവഗണനകളും സഹിച്ച ക്രിസ്റ്റ്യാനോ അസാധ്യതകളെ സാധ്യതയാക്കി ലോകത്തെ ഒന്നാം നമ്പര്‍ ഫുട്ബോള്‍ താരമായി ഉയര്‍ന്നു. 21 വയസ്സുള്ളപ്പോഴാണ് ഋതിക് റോഷനോട് ജീവിതത്തിലൊരിക്കലും ആക്ഷനും നൃത്തവും ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചത്. 50 വയസിലെത്തിയ ബോളിവുഡ് സൂപ്പര്‍താരം മരുന്നിനെക്കാള്‍ വലിയ ശക്തി മനസിനാണെന്ന് തെളിയിച്ച് ഇപ്പോഴും നൃത്തത്തിലും ആക്ഷനിലും തന്നെ. 1960ലെ റോം ഒളിംപിക്സില്‍ കായിക ലോകത്തെ മാത്രമല്ല, വൈദ്യശാസ്ത്രത്തെയും അദ്ഭുതപ്പെടുത്തിയ ഒരു സുവര്‍ണ താരം ജനിച്ചു. വില്‍മ റുഡോള്‍ഫ് എന്നറിയപ്പെടുന്ന വില്‍മ ഗ്ലോഡിയന്‍ റുഡോള്‍ഫ്. കൊടുങ്കാറ്റ്, കറുത്തമുത്ത് എന്നെല്ലാം മാധ്യമങ്ങള്‍ വിശേഷിപ്പിച്ച വേഗത്തിന്റെ ഈ രാജകുമാരി, വിധിയെഴുതിയ ജീവിതം ഇച്ഛാശക്തികൊണ്ട് മാറ്റിയെഴുതിയവളാണ്. അത്ലറ്റിക്സില് അഞ്ജു ബേബി ജോര്‍ജിനു പുറമെ, ഒരു ലോക മെഡല്‍ നേടുന്ന രണ്ടാമത്തെ താരമായിരുന്നു ഭിന്നശേഷിക്കാരനായ നമ്മുടെ സ്വന്തം ജോബി. ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ജോബി വെങ്കല മെഡല്‍ നേടിയത് വികലാംഗരുടെ വിഭാഗത്തിലല്ല, അരോഗദൃഢഗാത്രര്ക്കൊപ്പം മത്സരിച്ചാണ്. ഇവരുടെയെല്ലാം പോരാട്ടങ്ങള്‍ തനിച്ചായിരുന്നില്ല. ബന്ധുക്കളോ സുഹൃത്തുക്കളോ തികച്ചും അപരിചിതരായ ചിലരോ ദൈവത്തിന്റെ രൂപത്തില്‍ അവര്‍ക്കു പിന്നില്‍ നിഴലായി കൂടെയുണ്ടായിരുന്നു.
സഹതാപം ഊറുന്ന കണ്ണുകളില്‍ നിന്നും നിസ്സഹായത നിറഞ്ഞ അവസ്ഥയില്‍ നിന്നും രക്ഷപ്പെടണം എന്ന ചിന്തയാണ് തന്നെ ഇപ്പോഴത്തെ നിലയിലെത്തിച്ചതെന്ന് കൊച്ചി നസ്രത്ത് സ്വദേശി ബെന്നി ബെര്‍ണാഡ് പറയുന്നത് പ്രശസ്തരുടെ ഈ അനുഭവങ്ങളോടു കൂട്ടിവായിക്കണം. ശാരീരിക വൈകല്യങ്ങളെ തുടര്‍ന്ന് കനത്ത വിഷാദരോഗത്തിലേക്കും മാനസിക സമ്മര്‍ദത്തിലേക്കും ആണ്ടുപോയി ജീവിതം തകര്‍ന്ന നിരവധി പേരുടെ മുന്നില്‍, ജീവിതത്തിനും മരണത്തിനുമിടയ്ക്ക് വൈദ്യശാസ്ത്രം 48 മണിക്കൂര്‍ നേരം മാത്രം അനുവദിച്ചു നല്കിയ ബെന്നിയുടെ പോരാട്ടങ്ങള്‍ വേറിട്ടുനില്ക്കുന്നു. ഏതാണ്ട് 600 കെട്ടിടങ്ങളുടെ പ്ലാനുകള്‍, എക്സ്റ്റീരിയര്‍ ഇന്റീരിയര്‍ വര്‍ക്കുകള്‍, നിരവധി ദേവാലയങ്ങള്‍. എറണാകുളത്തെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഗവണ്മെന്റ് ഗസ്റ്റ്ഹൗസിനു സമീപത്തെ സിഎസ്ഐ ഇമ്മാനുവല്‍ കത്തീഡ്രല്‍ പള്ളി, മേഘാലയയിലെ സേക്രഡ് ഹാര്‍ട്ട് തീര്‍ഥാടനകേന്ദ്രം, ചെല്ലാനത്തെ നിത്യസഹായമാതാ പള്ളി, മുണ്ടന്‍വേലിയിലെ സെന്റ് ലൂയീസ് പള്ളിയുടെ പാരിഷ് ഹാള്‍, ജിസിഡിഎ പദ്ധതിയായ ക്വീന്‍ ഓഫ് അറേബ്യ – അങ്ങനെ എത്ര ലാന്‍ഡ്മാര്‍ക്ക് സൃഷ്ടികള്‍. പണികളുടെ തിരക്കിലാണിപ്പോള്‍ ബെന്നി.
ശയ്യാവലംബിയായിരുന്ന 23 വയസുകാരന്, രണ്ടര പതിറ്റാണ്ട് പിന്നിടുമ്പോള്‍ ആത്മാവിഷ്കാരങ്ങളുടെ പൂര്‍ണതകളിലേക്ക് മുന്നേറിയതെങ്ങനെ?
പരാധീനതകളുടെ ബാല്യം; തളിരിട്ട ഭാവി
കൊച്ചിയില്‍ നസ്രത്തിനടുത്ത് ചെമ്മീന്‍സ് എന്ന പ്രദേശത്ത് കൂട്ടുപറമ്പില്‍ ജോസഫിന്റെയും മേരിയുടെയും മകനായി 1973 സെപ്റ്റംബര്‍ 23നാണ് ബെന്നിയുടെ ജനനം. നാലു മക്കളില്‍ ഇളയവന്. അപ്പച്ചന് പള്ളി പരിസരത്ത് മെഴുകുതിരി കച്ചവടമായിരുന്നു. സാമ്പത്തിക പരിമിതിക്കുള്ളില്‍ ആയിരുന്നതുകൊണ്ട് പഠനം പത്താംക്ലാസ്സില്‍ നിര്‍ത്തേണ്ടിവന്നു. തുടര്‍ന്ന് ചിത്രകലാ പഠനത്തിനു ചേര്‍ന്നു. അതും സാമ്പത്തികപ്രശ്നംമൂലം നിര്‍ത്തി (വീട്ടുകാരെ ആശ്രയിക്കാതെയാണ് ചിത്രകല പഠിച്ചിരുന്നത്). സ്പോര്‍ട്സും വരകളും നൃത്തവും നന്നേയിഷ്ടം. അതിനിടയില്‍ വാരിക്കൂട്ടിയ സര്‍ട്ടിഫിക്കറ്റുകള്‍ അനവധി. ബെന്നിയുടെ ഇഷ്ടങ്ങളുടെ തെളിവുകളായി അത് ഇന്നും സൂക്ഷിച്ചിരിക്കുന്നു. ചെറുപ്പത്തിലേയുള്ള ആര്‍ട്ട്, ക്രാഫ്റ്റ് വര്‍ക്കുകളോടുള്ള ഇഷ്ടമാണ് ചിത്രകല പഠനത്തിലേക്ക് തിരിയാന്‍ കാരണം. അത് ജീവിതത്തിലെ വഴിത്തിരിവായി. ചില പരസ്യകമ്പനികളില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ചു. ആ സമയത്താണ് ഡല്‍ഹിയിലെ എം.ആര്. ബാബുറാമിന്റെ ഉടമസ്ഥതയിലുള്ള പവലിയന്‍സ് ആന്‍ഡ് ഇന്റീരിയേഴ്സ് എന്ന കമ്പനിയില്‍ ആര്‍ട്ടിസ്റ്റ് ആയി എത്തപ്പെടുന്നത്. ജീവിതം പച്ചപിടിക്കുന്നു എന്നു തോന്നിയ ഘട്ടം. തലസ്ഥാനത്ത് ഉയര്‍ന്നുപോകാന്‍ നിരവധി അവസരങ്ങളുണ്ടായിരുന്നു.
48 മണിക്കൂറിന്റെ കാലാവധി; രക്തത്തില്‍ മുങ്ങിയ കൊന്ത
1997 മാര്‍ച്ച് 17. അന്ന് ഓഫീസ് ജോലിയെല്ലാം കഴിഞ്ഞ് ബെന്നിയും ഏതാനും സഹപ്രവര്‍ത്തകും ഒമിനി വാനില്‍ ആഗ്രയിലേക്ക് ഷോപ്പിംഗിനായി പോവുകയായിരുന്നു. കമ്പനി ആവശ്യവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം തന്നെ അവര്‍ക്ക് ജര്‍മനിയിലേക്ക് പോകേണ്ടതുണ്ടായിരുന്നു. അതിനു മുന്നോടിയായി നാട്ടില്‍ വന്നു പോകാന്‍ വേണ്ടിയും മറ്റുമുള്ള ഷോപ്പിംഗിനാണ് ആഗ്രയിലേക്കു പോയത്. എല്ലാവരും ക്ഷീണിതരായിരുന്നു. യാത്രക്കിടയില്‍ ഇടയ്ക്ക് വഴിയിലിറങ്ങി കുറച്ച് ഫ്രൂട്സ് വാങ്ങി തിരികെ വണ്ടില് കയറുമ്പോള്‍ കാറില്‍ ബെന്നി സീറ്റ് മാറി ഇരുന്നു. രണ്ടു സഹപ്രവര്‍ത്തകരുടെ മധ്യത്തിലിരുന്ന് ഉറങ്ങിപ്പോയി. വലിയ ശബ്ദം കേട്ടാണ് ഉറക്കമുണര്‍ന്നത്. എതിരെ വന്ന ലോറി അവര്‍ സഞ്ചരിച്ചിരുന്ന വാനില്‍ ഇടിക്കുകയായിരുന്നു. ഉറക്കത്തില്‍ ആയിരുന്നതുകൊണ്ട് ബെന്നിക്ക് കാര്യങ്ങള്‍ പെട്ടെന്ന് മനസിലായില്ല. ബെന്നിയുടെ സമീപത്ത് ഇരുന്ന സുഹൃത്തും ബെന്നി ആദ്യം ഇരുന്ന സീറ്റില്‍ ബെന്നിക്ക് പകരം പിന്നീടിരുന്ന സുഹൃത്തും അപകടത്തില്‍ മരിച്ചു. വഴിയിലൂടെ കടന്നുപോകുകയായിരുന്ന ഒരു ട്രാക്ടറിലാണ് സമീപവാസികള്‍ ബെന്നിയെ ആശുപത്രിയില്‍ എത്തിക്കുന്നത്.
ബെന്നി പറയുന്നു, ”അന്നേരം എന്റെ കഴുത്തില്‍ ഒരു കൊന്ത കിടപ്പുണ്ടായിരുന്നു. അപകടത്തില്‍ കഴുത്തിന് ഫ്രാക്ച്ചര്‍ ആയതുകൊണ്ട് ആശുപത്രിയില്‍ വച്ച് കൊന്ത മുറിച്ചുമാറ്റുകയാണ്.
അര്‍ദ്ധബോധാവസ്ഥയിലും കൊന്ത കട്ടു ചെയ്യരുതെന്ന് ഞാന്‍ പറയുന്നുണ്ടായിരുന്നുവെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. എന്റെ കൈയില്‍ ആ കൊന്ത തിരികെ കിട്ടുന്നത് ഉണങ്ങിപിടിച്ച രക്തത്തോടെയാണ്.
ഈശോയുടെ കുരിശോട് ഞാന്‍ ചേര്‍ന്നതുപോലെ. ‘ദൈവിക പരിപാലനം’ അറിഞ്ഞു തുടങ്ങിയ നിമിഷങ്ങള്‍ അവിടെ തുടങ്ങുകയായിരുന്നു.”
അപകടത്തില്‍ ബെന്നിയുടെ സ്പൈനല്‍കോഡിന് ക്ഷതം സംഭവിച്ച് ശരീരം കഴുത്തിനു കീഴ്പ്പോട്ട് തളര്‍ന്നുപോയി. സ്വന്തം മകനെ എന്നപോലെയാണ് ബാബു റാം സാറും ബീന ചേച്ചിയും (ശ്രീമതി ബാബു റാം) അപ്പോളോ ഹോസ്പിറ്റലില്‍ തന്റെ ചികിത്സയ്ക്ക് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്ത് തന്റെ മാതാപിതാക്കള്‍ക്ക് തുണയായതെന്ന് ബെന്നി ഓര്‍ക്കുന്നു. അന്നു കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ല ചികിത്സയായിരുന്നു അത്. ദൈവം കൂടെയുണ്ടെന്ന ആത്മവിശ്വാസം വളര്‍ന്നത് തൊഴില്‍ദാതാക്കളായ ആ ദമ്പതിമാര്‍ വിട്ടുമാറാതെ കൂടെച്ചേര്ന്നപ്പോഴാണ്.
മാനസികമായ ഒരുക്കം:
കൂട്ടുകാരുടെ കൈത്താങ്ങ്
ആറുമാസത്തെ ചികിത്സകൾക്കുശേഷം ബെന്നി നാട്ടിലെത്തി ഡോക്ടർ ടി. ഡി ബോസ്സിന്റെ നേതൃത്വത്തിൽ വർഷങ്ങളോളം ആയുർവേദ ചികിത്സ ചെയ്തു പോന്നു. മരുന്നുകളുടെ ലോകത്തേക്കുള്ള ബെന്നിയുടെ യാത്ര തുടങ്ങുകയായിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ എന്നപോലെ അമ്മ, ബെന്നിയുടെ ഓരോ കാര്യത്തിലും കരുതലായി. അവിടെ വാത്സല്യവും സ്നേഹവും കാരുണ്യവും അമ്മിഞ്ഞപ്പാലെന്ന പോലെ നിറഞ്ഞൊഴുകി.
പക്ഷേ ഒരു കൊച്ചുകുഞ്ഞിന്റെ ശാരീരിക അവസ്ഥയിലേക്ക് താന്‍ മാറ്റപ്പെട്ടിരിക്കുകയാണെന്ന് ബെന്നി തിരിച്ചറിഞ്ഞു. പരസഹായമില്ലാതെ അനങ്ങാന്‍ പോലുമാകാത്ത അവസ്ഥ. അതുള്‍ക്കൊള്ളാന്‍ നന്നേ പാടുപെട്ടു. മാതാപിതാക്കളും സഹോദരങ്ങളും തുണയായി കൂടെ നിന്നെങ്കിലും അവരുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും തന്നെ വല്ലാതെ വേദനിപ്പിച്ചു. ശാരീരികവും മാനസികവും ആയ യാതനകളിലൂടെ കടന്നുപോയ ദിനങ്ങള്‍.
”എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. ലീവില്‍ വന്നാല്‍ ഭക്ഷണം കഴിക്കാന്‍ പോലും നേരമില്ല എന്നു പറഞ്ഞ് അമ്മച്ചി പരിഭവിക്കുമായിരുന്നു. ഞാന്‍ നാട്ടില്‍ വന്നു എന്ന് അടുത്തുള്ളവര്‍ മനസ്സിലാക്കുന്നത് എന്റെ സുഹൃത്തുക്കളുടെ വണ്ടികളുടെ ഇരമ്പല്‍ കേട്ടാണ്.
അത്രയ്ക്ക് തിരക്കായിരുന്നു. എനിക്ക് അപകടം പറ്റിയെന്ന് അറിഞ്ഞപ്പോള്‍ കൂട്ടുകാര്‍ക്ക് അത് ഉള്‍കൊള്ളാന്‍ പറ്റിയില്ല. ആദ്യനാളുകളില്‍ ചികിത്സയും മറ്റുമായി മുന്നോട്ടുനിങ്ങുമ്പോള് ചെറിയ ഒരു പ്രതിക്ഷ ഉണ്ടായിരുന്നു, സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ആവുമെന്ന്. ദിവസങ്ങള്‍ കഴിയും തോറും എന്നെത്തന്നെ ഉള്‍കൊള്ളാന്‍ പഠിച്ചു തുടങ്ങി. കാര്യങ്ങള്‍ എളുപ്പമല്ല എന്നു ബോധ്യപ്പെട്ടു. പക്ഷേ കീഴടങ്ങാനോ അതിനെ പ്രതി വിഷമിക്കാനോ തയ്യാറായിരുന്നില്ല. സാമ്പത്തികമായി അപ്പച്ചന് എങ്ങനെയെങ്കിലും താങ്ങാകണമെന്നു ഞാന്‍ തീരുമാനിച്ചു. പലവിധ കാര്യങ്ങളും ആലോചനയില്‍ വന്നു. അപ്പോഴും എന്റെ ശരീരത്തില്‍ ഒരു കൊതുകു വന്നിരുന്നാല്‍ അതിനെ ഓടിക്കാന്‍ മറ്റൊരാള്‍ വേണമായിരുന്നു. തൊട്ടുമുന്നിലിരിക്കുന്ന ഗ്ലാസ്സിലെ വെള്ളം എടുത്തു കുടിക്കണമെങ്കില്‍ പോലും പരസഹായം വേണമായിരുന്നു. എന്നിട്ടും പിന്മാറാന് ഞാന്‍ തയ്യാറായില്ല. എന്തെങ്കിലും ചെയ്യണമെന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടിയിരുന്നു,” ബെന്നി പറയുന്നു.
കമ്പ്യൂട്ടര്‍ പഠനം
ഒടുവില്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും താന്‍ ഉപയോഗിച്ചിട്ടില്ലാത്ത കമ്പ്യൂട്ടറിനെ കുറിച്ച് ചിന്തിക്കാന്‍ ബെന്നിയെ ദൈവം പ്രേരിപ്പിച്ചു. പണം പാഴാക്കാനുള്ള അനാവശ്യ ചിന്തയായി വീട്ടുകാര്‍ അതിനെ കണ്ടു. പക്ഷെ ബെന്നിയുടെ മനസ്സറിയാവുന്ന, ഇച്ഛാശക്തിയുടെ ബലത്തെ കുറിച്ച് ബോധ്യമുണ്ടായിരുന്ന സുഹൃത്തുക്കള്‍ കൂടെ നിന്നു. അങ്ങനെ ഏറെ ശ്രമകരമായി 2000ല്‍ പെന്റിയം 3 മോഡല്‍ കമ്പ്യൂട്ടര്‍ ബെന്നിയുടെ മുറിയിലെത്തി. ”അന്ന് ഞാന്‍ ഉറങ്ങിയില്ല. രാവിലെ കൊണ്ടുവെച്ച കമ്പ്യൂട്ടറില്‍ പാട്ടു വച്ചിട്ട് അത് ഓഫ് ചെയ്യാന്‍ അറിയാത്തതുകൊണ്ട് വൈകീട്ട് ഒരു സുഹൃത്തു വന്നാണ് ഓഫ് ചെയ്തു തരുന്നത്,” ബെന്നി ഓര്‍ക്കുന്നു.
വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്നും മനസ്സിലെ ചങ്ങലകള്‍ പൊട്ടിച്ച് ബെന്നി ജീവിതത്തെ ഒരു പുഞ്ചിരിയോടെ നേരിടാന്‍ തീരുമാനിച്ചു.
കമ്പ്യൂട്ടര്‍ വെറുതേ കൊണ്ടുവച്ചിട്ട് കാര്യമില്ലല്ലോ. കാര്യത്തിലേക്കു കടക്കണമെങ്കില്‍ അത് ഉപയോഗിക്കാന്‍ പഠിക്കണം. കമ്പ്യൂട്ടര്‍ കൊണ്ടുവരുന്നതിനു കുറച്ചു ദിവസം മുന്‍പ് രണ്ടു ദിവസം സുഹൃത്തുകളോടൊപ്പം വീല്‍ചെയറില്‍ ഒരു വര്‍ക്ക്ഷോപ്പില്‍ പോയിരുന്നു. അവരോടു പറഞ്ഞുകൊടുത്ത് ഒരു കമ്പ്യൂട്ടര്‍ സ്റ്റാന്‍ഡ് തയാറാക്കിയെടുത്തു. അക്രിലാക് ഷീറ്റും പിവിസി പൈപ്പും റബര്‍ ചെരിപ്പിന്റെ തുണ്ടും ഉപയോഗിച്ച് ബെന്നി സ്വന്തമായി ‘ഫിംഗര്‍ ടൂള്‍സ്’ ഡിസൈന്‍ ചെയ്തെടുത്തു. അങ്ങനെ പതിയെ കട്ടിലില്‍ ചാരിയിരുന്ന് കമ്പ്യൂട്ടര്‍ ഉപയോഗിച്ചു തുടങ്ങി. സിറ്റിംഗ് ബാലന്‍സ് ഇല്ലാത്തതുകൊണ്ട് കട്ടിലും ശരീരവും ചേര്‍ത്ത് ബെല്‍റ്റ് ഇട്ട് ലോക്ക്ചെയ്തു വെക്കുകയായിരുന്നു. ലാന്‍ഡ്ഫോണിന്റെ ഹാന്‍ഡില്‍ കൈയില്‍ കോര്‍ത്തുവെച്ച് ഫോണില്‍ പലരോടും ചോദിച്ചും ട്യൂട്ടോറിയല്‍ സിഡികള്വഴിയും നിരവധി സോഫ്റ്റ് വെയറുകള്‍ പഠിച്ചെടുത്തു. ഫോട്ടോഷോപ്, കോറല്‍ ഡ്രോ, ഓട്ടോകാഡ്, ത്രീഡി മാക്സ് ഇവയൊക്കെ ബെന്നിയുടെ മുമ്പില്‍ കീഴടങ്ങി. മൗസില്‍ ചെറിയ മാറ്റം വരുത്തി രണ്ടു കൈപ്പത്തികളും എടുത്തുവെച്ച് മൗസിന്റെ സൗണ്ട് സെന്‍സ് ചെയ്താണ് ചെയ്തുതുടങ്ങിയത്. കമ്പനിയില്‍ വര്‍ക്കിന് ആവശ്യമായ പ്ലാന്‍ ഒക്കെ വരച്ചിരുന്നതുകൊണ്ട് ഓട്ടോകാഡ് അനായാസം ഉപയോഗിക്കാന്‍ കഴിഞ്ഞു. അതുപോലെ മറ്റു ഡിസൈന്‍ സോഫ്റ്റ് വെയറുകളും. കെട്ടിടങ്ങളുടെ പ്ലാനുകളെല്ലാം ഇപ്പോള്‍ തയ്യാറാക്കുന്നത് ഈ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ്. ഇതിനിടയില്‍ ബെന്നിയെ തേടി നിരവധി പുരസ്കാരങ്ങളെത്തി. കുട്ടത്തില്‍ യൂണിവേഴ്സല്‍ ബുക്ക് ഓഫ് റെക്കോഡും.
കരുത്തും കരുതലുമായി എന്നും കൂടെ
2000ല്‍ തന്നെ തനിക്ക് ഡിജിറ്റല്‍ പെയിന്റിംഗിന്റെ എക്സിബിഷന് തുടങ്ങാന്‍ കഴിഞ്ഞത് ദൈവത്തിന്റെ ചേര്‍ത്തുപിടിക്കലിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു എന്ന് ബെന്നി കരുതുന്നു. അന്ന് പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും ബെന്നി വാര്‍ത്തയായി. അങ്ങനെ ഒരു പത്രവാര്‍ത്തയിലൂടെയും ഒരു സുഹൃത്തുവഴിയുമാണ് ബെന്നിയെ കുറിച്ച് സരിത അറിയുന്നത്. പിന്നെ പരിചയപ്പെടലിന്റെ നാളുകള്‍. അതിനിടയില്‍ പരസ്പരമുള്ള ഇഷ്ടം തുറന്നുപറയല്‍. ഇതിനിടയില്‍ പലരുടെയും എതിര്‍പ്പുകള്‍. അതൊക്കെ മറികടന്നു രജിസ്റ്റര്‍ മാര്യേജ്. ഒരു മാസത്തിനുശേഷം എല്ലാവരെയും സാക്ഷി നിര്‍ത്തി പള്ളിയില്‍ മിന്നുകെട്ട് (2005 നവംബര്‍ 23ന്). പിന്നീടങ്ങാട്ട് ഈശോയുടെ സ്നേഹത്തിന്റെ നിറവ് ആ കൊച്ചുകുടുംബം അറിയുകയായിരുന്നു. ബെന്നിയുടെ കല്ലും മുള്ളും നിറഞ്ഞ ജീവിതയാത്രയില്‍ കഴിഞ്ഞ 19 വര്‍ഷങ്ങളായി സരിതയിലൂടെ ദൈവത്തിന്റെ തന്നോടുള്ള കരുതലും സ്നേഹവും ബെന്നി അറിയുകയാണ്. തന്നോട് ചേര്‍ന്നുനില്‍ക്കേണ്ട പലരും കഠിനമാക്കപ്പെട്ടതു പോലെയായി. അവരെയും ദൈവം ഒരുക്കുകയായിരുന്നു എന്നാണ് ബെന്നി തിരിച്ചറിഞ്ഞത്. അത് പിന്നീട് മുന്നോട്ടുള്ള ജീവിതത്തിനു കരുത്തു നല്കി. ഈശോയുടെ സ്നേഹവാത്സല്യം അറിഞ്ഞ നിമിഷങ്ങള്‍. ആരോഗ്യപരമായ കാര്യങ്ങളില്‍ ഈശോയുടെ ഇടപെടല്‍ എന്നപോലെ ഒരു മാലാഖയെ പോലെ ഡോ. സൈന മേരിയുടെ ചേര്‍ത്തുനിര്‍ത്തല്‍. വര്‍ഷങ്ങളായി ഒരു മടുപ്പും തോന്നാതെ, തന്റെ ഹൃദയത്തോടു ചേര്‍ന്നു നടക്കുന്ന ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. ഈശോയുടെ ഏറ്റവും വലിയ അനുഗ്രഹമായി കരുതുന്ന മകന് ബെന്‍ ബെര്‍ണാഡ് (ഇപ്പോള്‍ 12 വയസ്).
സ്നേഹത്തട്ടിന്റെ ഭാരം
പുണ്യങ്ങളെയും നന്മകളെയും നിര്‍വചിക്കുക പ്രയാസകരമാണെന്ന് ബെന്നിക്കറിയാം. ലോകത്തിലെ ഏതു നിര്‍വചനം കൊണ്ടു തുലാഭാരം തൂക്കിയാലും സ്നേഹത്തിന്റെ തട്ട് താണുതന്നെയിരിക്കും. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡോക്ടമാര്‍ കുറിച്ചിട്ട 48 മണിക്കൂറിന്റെ കാലാവധിയില്‍ നിന്ന് വര്‍ത്തമാനകാലത്തേക്കുള്ള ബെന്നിയുടെ പ്രയാണത്തില്‍ നിര്‍ണായകമായത് ദൈവത്തിന്റെ കൃപയും ഭാര്യയുടെയും മകന്റെയും സുഹൃത്തുക്കളുടെയും കരുതലുമാണ്.
സഹതാപം ഊറുന്ന കണ്ണുകളില്‍ നിന്നും നിസ്സഹായത നിറഞ്ഞ അവസ്ഥയില്‍ നിന്നും രക്ഷപ്പെടണം എന്നുള്ള ചിന്തയാണ് തന്നെ ഇന്നത്തെ താനാക്കി മാറ്റിയതെന്ന് ബെന്നി പറയുന്നു. ആ 48 മണിക്കൂര്‍ എന്നും മനസ്സില്‍ കണ്ടു. അലസമായി കളയാന്‍ സമയമില്ല എന്ന ചിന്ത എന്നും മനസ്സില്‍ തെളിഞ്ഞുനിന്നു.
കട്ടിലില്‍ കിടന്നുള്ള യാത്രയില്‍ തന്നെ ചേര്‍ത്തുനിര്‍ത്തിയ നിരവധി പേരെ നന്ദിയോടെ ബെന്നി ഓര്‍ക്കുന്നു. ”ഈ കാലയളവിലെ ജീവിതാനുഭവങ്ങളും അതില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളും തരണം ചെയ്ത മാര്‍ഗങ്ങളും എന്റെ മനസ്സിന് കൂടുതല്‍ കരുത്തുപകരുന്നതോടൊപ്പം, സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ അന്തരീക്ഷവും ഇതിലൂടെ ദൈവത്തിന് എന്നും നന്ദിയര്‍പ്പിക്കുക വഴി അവിടുന്ന് എന്നെ ജീവിതത്തിന്റെ തെളിവാര്‍ന്ന അവസ്ഥകളിലേക്ക് നയിക്കുന്നു എന്ന ചിന്തയും കൂടുതല്‍ സന്തോഷകരമാകുന്നു,” ബെന്നി പറഞ്ഞു.