കോഴിക്കോട് : വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി നാളെ വയനാട് ലോക്സഭ മണ്ഡലത്തിലെത്തും. മലപ്പുറത്തും കൽപ്പറ്റയിലുമായിരിക്കും രാഹുൽ വോട്ടർമാരെ നേരിൽ കാണുന്നത് .
സിറ്റിങ് സീറ്റായ വയനാട് ഒഴിവാക്കി റായ്ബറേലി നിലനിർത്താനാണ് നിലവിലെ ധാരണ എന്നറിയുന്നു . ഉത്തർപ്രദേശിലെ രാഷ്ട്രീയ കാലാവസ്ഥ മാറിയതിനാൽ, അത് മുതലെടുക്കാൻ രാഹുലിൻ്റെ സാന്നിധ്യം യുപിയിൽ വേണമെന്നാണ് പാർട്ടി നിഗമനം . വോട്ടർമാരെ കാണാൻ വരുമ്പോൾ, രാഹുൽ എന്ത് പറയുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
രാഹുൽ പോയാൽ പകരമാര് എന്നതാണ് ഇനി മറ്റൊരു ആകാംക്ഷ. വയനാട് മണ്ഡലത്തിൽ നിന്ന് യുഡിഎഫ് പ്രതിനിധി സംഘം ഡൽഹിയിലെത്തി മണ്ഡലമൊഴിയരുതെന്ന് അറിയിച്ചിട്ടുണ്ട്. ഒഴിഞ്ഞാൽ, പകരം പ്രിയങ്ക വരണമെന്നാണ് താത്പര്യപ്പെട്ടത്. സംസ്ഥാന നേതാക്കൾ മത്സരിച്ചാൽ കാലുവാരി അത്രയും ഉറച്ച മണ്ഡലം പോയി കിട്ടുമോ എന്ന പേടി കെപിസിസിക്കുണ്ട്. പ്രിയങ്കയും പറ്റില്ല എന്ന് പറഞ്ഞാൽ, കെ മുരളീധരന് നറുക്ക് വീണേക്കും.
ഏത് ലോകസഭാമണ്ഡലത്തിൽ തുടരാനാണ് താത്പര്യമെന്ന് ശനിയാഴ്ചയ്ക്കകം രാഹുൽ ഗാന്ധി ലോക്സഭ സ്പീക്കർക്ക് കത്ത് നൽകും.