ലഖ്നൗ: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയായി ജനവിധി. ഇത്തവണ പോരാട്ടം കടുപ്പിച്ച ഇന്ത്യ മുന്നണി 42 സീറ്റുകളില്‍ മുന്നിട്ട് നില്ക്കുമ്പോള് ബിജെപി ലീഡ് ചെയ്യുന്നത് വെറും 36 സീറ്റുകളില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പ്രചാരണങ്ങളും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും കാറ്റില്‍ പറത്തിയാണ് ജനം ഇന്ത്യ മുന്നണിക്ക് പിന്തുണയേകുന്നത്.
വോട്ടണ്ണെലിന്റെ ആദ്യ മൂന്ന് റൗണ്ടുകള്‍ പിന്നിടുമ്പോള്‍ തന്നെ സംസ്ഥാനത്ത് ബിജെപിക്ക് വന്‍ തിരിച്ചടിയുണ്ടായതാണ് കാണാനായത്. 80 സീറ്റുകളുള്ള സംസ്ഥാനത്ത് 36 ഇടത്ത് എന്‍ഡിഎയ്ക്ക് ലീഡ് ലഭിച്ചപ്പോള്‍ ഇന്ത്യ മുന്നണി 42 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇതില്‍ 35 സീറ്റുകളില്‍ സമാജ്വാദി പാര്‍ട്ടിയും 7 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് മുന്നിലുള്ളത്.
സംസ്ഥാനത്ത് ബിജെപി തൂത്തുവാരുമെന്നായിരുന്നു നേതാക്കളുടെ വാദം. എക്സിറ്റ് പോളിലെ പ്രവചനങ്ങളും വിജയം ഉറപ്പിക്കാമെന്നത് തന്നെയായിരുന്നു. എന്നാല്‍ മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ വന്‍ തിരിച്ചടിയാണ് പാര്‍ട്ടിക്കുണ്ടായിട്ടുള്ളത്.