തിരുവനന്തപുരം: യുഡിഎഫിന്റെ കുതിപ്പും ഇടതിന്റെ കിതപ്പുമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. 17 മുതൽ 18 സീറ്റുവരെ യുഡിഎഫ് മുന്നേറുകയാണ്. എന്നാല്‍ ഇടത് മുന്നണിയാകട്ടെ ആലത്തൂർ മണ്ഡലത്തില്‍ മാത്രമാണ് മുന്നേറുന്നത്.
യുഡിഎഫിന്റെ രമ്യ ഹരിദാസിനെതിരേ മന്ത്രി കെ. രാധാകൃഷ്ണനെ നിർത്തിയതാണ് എൽഡിഎഫിന്റെ തന്ത്രങ്ങളിൽ വിജയം കൈവരിച്ച ഒന്നെന്നു പറയാനാകുക. 9996 വോട്ടുകൾക്കാണ് രാധാകൃഷ്ണൻ മുന്നിൽ നിൽക്കുന്നത്. ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്ന പ്രചരണവാക്കുകൾ പോലും ഫലവത്തായില്ലെന്നു വേണം കരുതാൻ.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നും ജയിച്ച എൽഡിഎഫ് പ്രതിനിധി എ.എം. ആരിഫ് ഇത്തവണ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.
2019 ൽ നിന്ന് വ്യത്യസ്തമായി എൻഡിഎയുടെ രണ്ട് സ്ഥാനാർത്ഥികളാണ് കേരളത്തിൽ മുന്നിട്ട് നിൽക്കുന്നത്. തിരുവനന്തപുരത്തും തൃശൂരും ബിജെപി സ്ഥാനാർത്ഥികളാണ് മുന്നിട്ട് നിൽക്കുന്നത്. തുടക്കം മുതൽ ലീഡ് നില ഉയർത്തിയാണ് തൃശൂരിൽ സുരേഷ് ഗോപി മുന്നേറുന്നത്. ഈ ട്രെന്റിനെ പിടിച്ചുകെട്ടാൻ വി എസ് സുനിൽ കുമാറിനോ കെ മുരളീധരനോ ഇതുവരെ കഴിഞ്ഞിട്ടില്ല.
കേരളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ട്രെന്റാണ് ബിജെപിയുടെ മുന്നേറ്റം. അതേസമയം എറണാകുളത്ത് ബിജെപി സ്ഥാനാർത്ഥി കെ എസ് രാധാകൃഷ്ണൻ രണ്ടാമതുള്ളതൊഴിച്ചാൽ ബാക്കി 17 മണ്ഡലങ്ങളിലും ബിജെപി മൂന്നാം സ്ഥാനത്താണ്. എന്നാല്‍ കോൺഗ്രസ് സ്ഥാനാർത്ഥികൾ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.
തിരുവനന്തപുരത്ത് സിറ്റിങ് എംപി ശശി തരൂരിനെ പിന്നിലാക്കി രാജീവ് ചന്ദ്രശേഖർ മുന്നിൽ നിൽക്കുകയാണ്. തുടക്കം മുതൽ രാജീവ് ചന്ദ്രശേഖറും തരൂരും മാറി മാറി ലീഡ് ഉയർത്തുന്ന കാഴ്ചയാണ് മണ്ഡലത്തിൽ ഉള്ളത്. ആറ്റിങ്ങലിൽ അടൂർ പ്രകാശും പത്തനംതിട്ടയിൽ ആന്റോ ആന്റണിയും മുന്നിലാണ്. കൊല്ലത്ത് വ്യക്തമായ ലീഡോടെ എൻ കെ പ്രേമചന്ദ്രൻ മുന്നിലാണ്. ആലപ്പുഴയിൽ കെ സി വേണുഗോപാൽ 10000ന് പുറത്ത് ലീഡ് ഉയർത്തിയിരിക്കുകയാണ്. ഇടതിന്റെ ഏക സിറ്റിങ് എംപി എ എം ആരിഫ് ബഹുദൂരം പിന്നിലാണ്. രണ്ടാമതുണ്ടായിരുന്ന ശോഭ മൂന്നാമതായി.