ലഖ്നൗ: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയായി ജനവിധി. ബിജെപിയുടെ ശക്തികേന്ദ്രമായ യുപിയില്‍ വലിയ ആഘാതമാണ് ഉണ്ടായിരിക്കുന്നത്.
ആറ് കേന്ദ്രമന്ത്രിമാരാണ് പിന്നിലായിരിക്കുന്നത്. അതേസമയം അമേഠിയിലും റായ്ബറേലിയും കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇന്ത്യ സഖ്യം 80 സീറ്റുകളില്‍ ഭൂരിഭാഗം സീറ്റുകളിലും മുന്നിലാണ്.
നിലവില്‍ എന്‍ഡിഎ സഖ്യത്തിന് 280 സീറ്റിൽ ലീഡുണ്ടെങ്കിലും 239 സീറ്റുകളില്‍ ഇന്ത്യാ സഖ്യത്തിന് ലീഡുണ്ട്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങിയ ആദ്യ ഘട്ടത്തില്‍ എന്‍ഡിഎ സഖ്യം ബഹുദൂരം മുന്നിലായിരുന്നെങ്കിലും പിന്നീട് ഇന്ത്യാ സഖ്യം ഒപ്പത്തിനൊപ്പമെത്തി. ഇരുമുന്നണികളും ഒരു ഘട്ടത്തില്‍ 260 സീറ്റുകളില്‍ ലീഡ് പിടിച്ചെങ്കിലും പിന്നീട് എന്‍ഡിഎ ലീഡുയര്‍ത്തി.
ബിജെപിക്ക് ഒറ്റയ്ക്ക് 249 സീറ്റുകളിലാണ് ലീഡ് നേടാനായത്. കഴിഞ്ഞ തവണത്തെപ്പോലെ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.