തിരുവനന്തപുരം: ജൂൺ 1 ലോക ക്ഷീര ദിനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ സെമിനാറുകളും അനുബന്ധ പരിപാടികളും നടക്കും .ക്ഷീര മേഖലയുടെ സുസ്ഥിര വികസനവും അതോടൊപ്പം പാരിസ്ഥിതികവും പോഷക പ്രദവും സാമ്പത്തികവുമായ ഉന്നമനം എന്ന ആശയം മുന്‍നിര്‍ത്തിയാണ് ദിനാചരണം.
ലോകത്തിലെ ഏറ്റവും വലിയ പാല് ഉല്പാദക രാജ്യമായ ഇന്ത്യയെ സംബന്ധിച്ചും ഈ ദിനം പ്രധാനമാണ്. ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ക്ക് ഒരു ഉപജീവനമാര്‍ഗ്ഗം തന്നെയാണ് ക്ഷീര വ്യവസായം.ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഫുഡ് ആന്റ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ ആഹ്വാന പ്രകാരം ആണ് ജൂൺ 1 ന് ലോക ക്ഷീര ദിനമായി ആചരിക്കുന്നത്. 2001 മുതൽ ആണ് ദിനാചരണം തുടങ്ങുന്നത്. കേരളത്തിന്റെ കാര്‍ഷിക പുരോഗതിയില്‍ ക്ഷീരമേഖല നല്കുന്ന സംഭാവനകള്‍ എടുത്തുപറയേണ്ടതാണ്.
പാല് വിവിധരൂപങ്ങളില്‍ നമ്മുടെ നിത്യേനയുള്ള സമീകൃതാഹാരത്തില്‍ പ്രത്യേകിച്ച് കുട്ടികളുടെ ഭക്ഷണക്രമത്തിലെ അവിഭാജ്യഘടകമാണ്. മനുഷ്യശരീരത്തിന് അത്യാവശ്യമായ പ്രോട്ടീന്‍, കാത്സ്യം, കൊഴുപ്പ്, അയഡിന്‍, പൊട്ടാസ്യം, വിറ്റാമിന്‍ ബി2 ബി 12, ഫോസ്ഫറസ് തുടങ്ങിയവയുടെ കലവറയാണ് സമീകൃതാഹാരം ആയ പാല്. കൂടുതല്‍ അളവില്‍ ഭക്ഷണം കഴിച്ചു ശീലിച്ച മലയാളികള്‍ ഇന്ന് ആഹാരത്തിന്റെ ഗുണനിലവാരത്തില്‍ ശ്രദ്ധചെലുത്താന്‍ തുടങ്ങിയിരിക്കുന്നു.ആരോഗ്യകാര്യത്തില്‍ മുന്‍തൂക്കം കൊടുക്കുന്നത് കൊണ്ടുതന്നെ കഴിഞ്ഞ വര്‍ഷങ്ങളില്‍ പാലിനും പാലുല്‍പ്പന്നങ്ങളും വിപണിയില്‍ ആവശ്യക്കാര്‍ ഏറുകയാണ്.
ഇന്ത്യയുടെ ഗ്രാമീണ ജീവിതത്തില്‍ ക്ഷീര വ്യവസായം എത്രത്തോളം സാധാരണക്കാര്‍ക്ക് ഉപകാരപ്രദം ആകും എന്ന് തെളിയിച്ച ധവള വിപ്ലവത്തിന്റെ പിതാവാണ് ഡോക്ടര്‍ വര്‍ഗീസ് കുര്യന്. ഇന്ന് അമുല്‍ എന്ന പേരില്‍ വളര്‍ന്ന് പടര്‍ന്നുപന്തലിച്ച വ്യവസായ സ്ഥാപനത്തിന് പിന്നില്‍ ആയിരമായിരം ക്ഷീരകര്‍ഷകരുടെയും ഡോക്ടര്‍ വര്‍ഗീസ് കുര്യന് എന്ന മനുഷ്യന്റെയും വിയര്‍പ്പുണ്ട്.
ഇന്ത്യയിലെ ഡെയറി വ്യവസായത്തെ രാജ്യത്തെ ഏറ്റവും വലിയ ഗ്രാമീണ തൊഴില്‍ദാന പദ്ധതി ആക്കി മാറ്റാന്‍ കഴിഞ്ഞതിനൊപ്പം സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള വ്യവസായ സംഘങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനും അദ്ദേഹത്തിന് സാധിച്ചു.