ബിജോ സിൽവേരി
പൊക്കാളിയും നന്മയും വിളയുന്ന കൊച്ചിയിലെ കായല്‍തുരുത്തുകളിലൊന്നായ പിഴലയില്‍, സെന്റ് ഫ്രാന്‍സിസ് സേവ്യറിന്റെ നാമധേയത്തിലുള്ള ഇടവകസമൂഹത്തിന്റെ പുണ്യങ്ങളുടെ കൊയ്ത്തുകാലത്തെ കനപ്പെട്ട കറ്റകള്‍ മെതിച്ചുകൂട്ടുന്നവരില്‍ വേദപാഠ ക്ലാസുകളിലെ കുട്ടികള്‍ വരെയുണ്ട്. വിശ്വാസപ്രമാണങ്ങള്‍ ഹൃദിസ്ഥമാക്കി ചൊല്ലുക മാത്രമല്ല കരുണയുടെയും സാഹോദര്യത്തിന്റെയും സ്നേഹശുശ്രൂഷയുടെയും സുവിശേഷം ജീവിക്കുക കൂടി ചെയ്യേണ്ടതാണെന്ന് ദ്വീപനിവാസികളുടെ ജൈവിക സ്വത്വബോധത്തോടും അതിജീവനത്തിന്റെ സംഘാതസ്മൃതിയോടുമൊപ്പം അവര്‍ സമൂര്‍ത്തമായി സാക്ഷാത്കരിക്കുന്നു. തങ്ങള്‍ക്ക് ക്രൈസ്തവമൂല്യങ്ങള്‍ പകര്‍ന്നു നല്കിയ ഒരു ഗുരുനാഥനെ പിഴലയിലെ മതബോധന ക്ലാസിലെ കുട്ടികള്‍ ആദരിച്ചത് അദ്ദേഹത്തിനുവേണ്ടി ഒരു സ്നേഹഭവനം നിര്‍മിച്ചുനല്‍കിയാണ്. വിശ്വാസപരിശീലകനായ ആ ധന്യസ്വീകര്ത്താവോ, ദ്വീപിലെ ഓരുവെള്ളം കയറി നശിച്ച വീട്ടില്‍ രോഗബാധിതരായ മാതാപിതാക്കളെ പരിചരിക്കാനാവാത്ത അവസ്ഥയില്‍ കൊച്ചി നഗരത്തിന്റെ തെക്കുകിഴക്കേ അതിരില്‍, ഇടക്കൊച്ചിയില്‍ ഭാര്യയുടെ വീടിനടുത്ത് ഒരു വാടകവീട്ടില്‍ താമസിക്കുമ്പോഴും തന്റെ മാതൃഇടവകയിലെ കുട്ടികളെ വേദപാഠം പഠിപ്പിക്കാനായി ഞായറാഴ്ച തോറും സ്വന്തം ഓട്ടോറിക്ഷ ഓടിച്ച് കൃത്യമായി പിഴലയില്‍ വന്നെത്തുന്ന അര്‍പ്പണബോധമുള്ള, യേശുവിന്റെ ഒരു എളിയ പ്രേഷിതശിഷ്യനും.
ആശാന് കളരിയില്‍ മുളച്ച വിശ്വാസപരിശീലനം
പിഴലയുടെ വിശ്വാസ ലിഖിതചരിത്രം ആരംഭിക്കുന്നത് മിഷണറി വൈദികര്‍ ആരംഭിച്ച കളരിയുടെ ആരംഭത്തോടെയാണ്. ദേവസി ആശാന്റെ അശ്രാന്ത പരിശ്രമത്തിന് വൈദിക ശ്രേഷ്ഠര്‍ പിന്തുണ നല്‍കുകയും, ഓലമേഞ്ഞ കളരിയില്‍ പിഴലയുടെ ബാല്യങ്ങളെ എഴുത്തിനിരുത്തുകയും ചെയ്തു. അക്ഷരാഭ്യാസത്തോടൊപ്പം ദേവസി ആശാന് ചെറുപ്രാര്ഥനകളും അവരെ അഭ്യസിപ്പിച്ചുപോന്നു. ഞായറാഴ്ചകളിലും മറ്റ് പ്രധാന ദിവസങ്ങളിലും വരാപ്പുഴയില്‍ നിന്നു കര്‍മ്മലീത്താ മിഷണറിമാര്‍ വന്ന് ദിവ്യബലി അര്‍പ്പിക്കുകയും ഗ്രാമജനതയെ ദൈവവിശ്വാസത്തിലേക്കും കൂദാശസ്വീകരണത്തിലേക്കും കടന്നുവരാന്‍ സഹായിക്കുകയും ചെയ്തു. വരാപ്പുഴ ഇടവകകയ്ക്കു കീഴില്‍ കടമക്കുടി ദ്വീപമൂഹം വിശ്വാസത്തില്‍ പിച്ചവെച്ച് വളര്‍ന്നു. പിന്നീട് കോതാട് ഇടവക തിരിയുകയും പിഴല ദ്വീപ് കോതാട് ഇടവകയ്ക്കു കീഴില്‍ ആവുകയും ചെയ്തു. കോതാട് നിന്ന് വൈദികര്‍ പിഴല നിവാസികള്‍ക്ക് ആത്മീയവളര്‍ച്ച നല്കിപ്പോന്നു. ദേവസി ആശാന്റെ നേതൃത്വത്തില്‍ പിഴല നിവാസികള്‍ വേദപാഠ ക്ലാസില്‍ പങ്കെടുക്കുകയും മിഷണറി വൈദികരിലൂടെ ആത്മീയ വളര്‍ച്ച നേടുകയും ചെയ്തുപോന്നതാണ് ഈ കൊച്ചുദ്വീപിന്റെ ചരിത്രം. ആശാന് കളരി പിന്നീട് പള്ളിക്കൂടമായി, അതോടൊപ്പം ഒരു പള്ളിയും വികാസം പ്രാപിക്കുകയായിരുന്നു. വൈദികശ്രേഷ്ഠരുടെ നിസ്തുല സേവനങ്ങള്‍ ഈ ദ്വീപിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
വിശുദ്ധ സ്മരണയില്‍ വിശുദ്ധ തീരുമാനം
2022 വര്‍ഷത്തില്‍ പിഴല ഇടവകയില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ 400-ാം വര്‍ഷം ആചരിച്ചിരുന്നു. അതിന്റെ ഭാഗമായി പിഴല സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തെ ദണ്ഡവിമോചന ദേവാലയമായി പരിശുദ്ധ ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിക്കുകയുണ്ടായി. ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് 2023-ല്‍ അതിന്റെ ഓര്‍മ്മയ്ക്കായി പിഴലയില്‍ ഒരു കാരുണ്യഭവനം നിര്‍മിച്ചു നല്കാന് തീരുമാനിക്കുകയും അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു.
ഈ സമയത്ത് മതബോധന ക്ലാസ് നടക്കുന്നതിനിടയില്‍ 12-ാം ക്ലാസിലെ അധ്യാപകന് കുട്ടികളോട് അവരുടെ ജീവിതലക്ഷ്യമെന്താണെന്ന് ആരാഞ്ഞു. കുട്ടികള്‍ ഓരോരുത്തരായി തങ്ങളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും പങ്കുവച്ചു. തുടര്‍ന്ന് കുട്ടികള്‍ അധ്യാപകന്റെ ലക്ഷ്യമെന്താണെന്ന് ആരാഞ്ഞു.
സ്വന്തമായി ഒരു വീട് വെക്കണമെന്നും തന്റെ മകളെ ഉന്നത നിലയില്‍ പഠിപ്പിക്കണമെന്നുമാണ് ആഗ്രഹമെന്ന് അധ്യാപകന്റെ മറുപടി. അധ്യാപകന് പിഴലയില്‍ ഉണ്ടായിരുന്ന വീട്ടില്‍ വേലിയേറ്റ സമയങ്ങളില്‍ വെള്ളം കയറുന്നതുമൂലം അതു വാസയോഗ്യമല്ലാതായിരുന്നു. രോഗബാധിതരായ മാതാപിതാക്കളോടൊന്നിച്ച് അതില്‍ താമസിക്കാന്‍ കഴിയാത്ത അവസ്ഥയില്‍, ഇടക്കൊച്ചിയില്‍ തന്റെ ഭാര്യയുടെ വീടിനടുത്ത് ഒരു വാടകവീട്ടില്‍ താമസിക്കുകയായിരുന്നു, ഓട്ടോറിക്ഷ ഡ്രൈവറായ അധ്യാപകന്. സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും എല്ലാ ഞായറാഴ്ചയും വേദപാഠം പഠിപ്പിക്കാനായി അദ്ദേഹം ഇടക്കൊച്ചിയില്‍ നിന്ന് തന്റെ ഒാേട്ടാറിക്ഷ ഓടിച്ച് പിഴലയിലെത്തി മുടങ്ങാതെ ക്ലാസെടുത്തുവന്നു. അത്യപൂര്‍വമായ ഈ ത്യാഗത്തിന്റെ കഥ വേദപാഠ ക്ലാസിലെ കുട്ടികള്‍ക്ക് അറിയാമായിരുന്നു.
ആര്‍ച്ച്ബിഷപ്പിനെ വിവരമറിയിക്കുന്നു
തങ്ങളുടെ അധ്യാപകന് ഒരു പുതിയ വീട് നിര്‍മ്മിച്ചുനല്‍കണമെന്ന് കുട്ടികള്‍ ആഗ്രഹിച്ചു. അവര്‍ അക്കാര്യം പരസ്പരം പങ്കുവയ്ക്കുകയും ചെയ്തു. അവര്‍ പ്രധാന അധ്യാപകന് ബിജുവിനെ സമീപിച്ചു, തുടര്‍ന്ന് വികാരി ഫാ. ഷോബിന്‍ കുറ്റിക്കാട്ടുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. കുട്ടികളുടെ ആഗ്രഹപ്രകാരം മതാധ്യാപകന് വീടു നിര്മിച്ചുനല്കാന് വികാരിയച്ചന്റെ നേതൃത്വത്തില്‍ പിഴല ഇടവക മതബോധന വിഭാഗം തീരുമാനമെടുക്കുകയായിരുന്നു. വികാരിയച്ചന്റെ നിര്‍ദ്ദേശാനുസരണം പ്രധാന അധ്യാപകനും കുട്ടികളുടെ പ്രതിനിധികളും ചേര്‍ന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദര്‍ശിച്ച് തങ്ങളുടെ ആഗ്രഹം പങ്കുവച്ചു. കുട്ടികളില്‍ നിന്ന് വാത്സല്യപൂര്‍വ്വം വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ആര്‍ച്ച്ബിഷപ് കുട്ടികളെ അഭിനന്ദിച്ചു. വീടുപണി പൂര്‍ത്തിയാക്കാന്‍ വലിയ ധനസ്രോതസ്സ് ആവശ്യമാണെന്ന് അവരെ ഓര്‍മപ്പെടുത്തുകയും ചെയ്തു. പണി ആരംഭിച്ച ശേഷം പുരോഗതി തന്നെ അറിയിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അഭിവന്ദ്യ പിതാവിന്റെ അനുഗ്രഹവും ആശീര്‍വാദവും കുട്ടികള്‍ക്കും പ്രധാന അധ്യാപകനും വലിയ പ്രചോദനമായി. ഇടവകയിലെ മറ്റ് അധ്യാപകരും പിറ്റിഎ അംഗങ്ങളും ചേര്‍ന്ന് വികാരിയച്ചന്റെ നേതൃത്വത്തില്‍ വീടുപണിക്കുള്ള പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചു.
ചെറിയലോകം, വലിയ ഭാരം
എറണാകുളം നഗരത്തിന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയാണെങ്കിലും പിഴല ഗ്രാമത്തില്‍ വലിയ വികസനമൊന്നും വന്നിട്ടില്ല. ഏതാനും വര്‍ഷം മുമ്പ് വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡുമായി ബന്ധിക്കുന്ന ഒരു പാലം വന്നതില്‍ പിന്നെയാണ് ദ്വീപിന്റെ അസൗകര്യങ്ങളില്‍ നിന്നു പിഴല മോചനം നേടിയതുതന്നെ. സാധാരണക്കാരാണ് ജനങ്ങളിലധികവും. കുട്ടികളുടെ നേതൃത്വത്തില്‍ ഒരു വീട് നിര്‍മിച്ചു നല്‍കുകയെന്ന ‘ടാസ്ക്’ അല്പം വിഷമം പിടിച്ചതുതന്നെയായിരുന്നു. എന്നാല്‍ കുട്ടികള്‍ വെല്ലുവിളി ഏറ്റെടുത്തു. വികാരിയച്ചന്റെയും അധ്യാപകരുടെയും പ്രോത്സാഹനം അവര്‍ക്ക് കൂടുതല്‍ ആവേശം പകര്ന്നുനല്കി. പ്രാര്‍ഥനയോടെ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നോട്ടു നീങ്ങി.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി പിഴല ഇടവകയിലെ മുന്‍ മതാധ്യാപകരായ രണ്ടു പ്രവാസികളില്‍ നിന്ന് ലഭിച്ച തുകയും ഇടവകകയ്ക്ക് പുറത്ത് നിന്നുള്ള അഭ്യുദയകാംക്ഷികളില്‍ നിന്ന് ലഭിച്ച തുകയും ചേര്‍ത്ത് ഒരു ലക്ഷം രൂപയുമായാണ് വീടുപണി ആരംഭിച്ചത്. തുടര്‍ന്ന് വികാരിയച്ചന്റെ നേതൃത്വത്തില്‍ പി.റ്റി.എ. ഭാരവാഹികളും അധ്യാപകരും ചേര്‍ന്ന് വരാപ്പുഴ അതിരൂപതയിലെ പ്രധാന പള്ളികളില്‍ നിന്ന് സഹായം അഭ്യര്‍ഥിച്ചു, പിഴല ഇടവകയില്‍ നിന്നുള്ള വൈദികരെയും മറ്റു മതാധ്യാപകരെയും കണ്ട് സഹായം തേടി. അത്തരത്തില്‍ കുറച്ചു പണം ലഭിച്ചു. ഇടവക പെരുന്നാളിനോടനുബന്ധിച്ച് പായസവിതരണം നടത്തിയും ക്രിസ്മസ് കേക്ക്, ബ്രെഡ് എന്നിവ വിതരണം ചെയ്തും പണം സ്വരൂപിച്ചു. വീടുകളില്‍ നിന്നും കടകളില്‍ നിന്നും കുട്ടികള്‍ സ്വരൂപിച്ച ആക്രിസാധനങ്ങള്‍ വിറ്റും കുട്ടികള്‍ കുടുക്കകളിലൂടെ ശേഖരിച്ച പണവും വീടുനിര്‍മാണത്തിന് ഉപകാരപ്രദമായി. കുട്ടികളുടെയും അധ്യാപകരുടെയും ബന്ധുക്കളില്‍ പലരും സഹായവുമായി മുന്നോട്ടുവന്നു.
വീടുനിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി പിഴലയില്‍ നിന്നുള്ള വിദഗ്ധതൊഴിലാളികള്‍ സഹായത്തിനെത്തി. നിര്‍മാണ സാമഗ്രികളും പലരും സ്പോണ്സര് ചെയ്തു. ഇങ്ങനെയൊക്കെയാണ് വലിയൊരു വെല്ലുവിളി കുട്ടികള്‍ മറികടന്നത്. പിഴല ഇടവകയിലെ ജനങ്ങള്‍ എന്നും നന്മയോടൊപ്പം കൂടെനില്ക്കുന്നവരാണ്. ഒപ്പം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് സദ്ധതയുള്ള വികാരിയച്ചന്റെ സാന്നിധ്യവും സര്‍വ്വോപരി സര്‍വ്വശക്തന്റെ അനുഗ്രഹവും വീടുനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സഹായിച്ചതായി പ്രധാന അധ്യാപകന് ബിജു വ്യക്തമാക്കുന്നു.
മാതൃകയായി രണ്ടു ഭവനങ്ങള്‍
2023 നവംബര്‍ നാലാം തീയതി മതാധ്യാപകരുടെ മധ്യസ്ഥനായ വിശുദ്ധ ചാള്‍സ് ബൊറോമിയോയുടെ ദിനത്തില്‍ വീടിന്റെ തറക്കല്ലിടല്‍ വികാരി ഫാ. ഷോബിന്‍ കുറ്റിക്കാട്ട് നിര്‍വഹിച്ചു. 2024 മേയ് 2-ാം തീയതി വൈകിട്ട് 5 മണിക്ക് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ 400-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇടവക നിര്‍മിച്ചു നല്കിയ വീടിന്റെയും മതബോധന വിഭാഗം നേതൃത്വം നല്കി നിര്‍മിച്ച വീടിന്റെയും ആശീര്‍വാദം നിര്‍വഹിച്ചു.
യാന്ത്രികമല്ല വിശ്വാസപരിശീലനം
2021 മേയ് 10നാണ് മതാധ്യാപനം സഭയിലെ അല്മായരുടെ ഔദ്യോഗിക ദൗത്യമായി ഉയര്‍ത്തിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പാ ‘അന്തീകുവും മിനിസ്തേരിയും’ (പുരാതന ശുശ്രൂഷ) എന്ന അപ്പസ്തോലിക സന്ദേശം പുറപ്പെടുവിച്ചത്. സഭയുടെ വളര്‍ച്ചയില്‍ മതാധ്യാപകര്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് പാപ്പാ അതില്‍ വ്യക്തമാക്കിയിരുന്നു. സഭയുടെ ആരംഭകാലം മുതല്ക്കേ മതാധ്യാപകര്‍ക്ക് സഭാചരിത്രത്തിലുണ്ടായിരുന്ന പങ്കും അദ്ദേഹം അനുസ്മരിച്ചു. പാപ്പായുടെ അപ്പസ്തോലിക പ്രബോധനം ശ്രവിച്ച് അധികം താമസിയാതെ പ്രായോഗികതലത്തില്‍ സുവിശേഷവത്കരണം പിഴല ഇടവകയിലെ മതാധ്യാപകരും വിദ്യാര്‍ഥികളും നിര്‍വഹിക്കുകയായിരുന്നു. മതാധ്യാപനം വിദ്യാഭ്യാസ സംവിധാനത്തിന്റെ ഒരു അനുബന്ധമല്ല, പ്രത്യുത സമ്പൂര്‍ണ്ണ മനുഷ്യന് രൂപമേകുവാന്‍ സഹായിക്കുന്നതുകൊണ്ട് അത് സംസ്ക്കാരത്തിന്റെ അവശ്യഘടകമാണെന്ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ പറഞ്ഞതും ഇവിടെ സ്മരണീയം.
ക്രൈസ്തവവിശ്വാസത്തില്‍ വിശ്വാസപരിശീലനം യാന്ത്രികമല്ലെന്ന് പ്രധാന അധ്യാപകന് ബിജു പറയുന്നു. കാലഘട്ടത്തിന്റെയും സമൂഹത്തിന്റെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്നതോടൊപ്പം കുട്ടികളെ സമൂഹത്തിനാകെ വേണ്ടപ്പെട്ടവരായി വളര്‍ത്താന്‍ കഴിയുന്നിടത്ത് അത്തരം യാന്ത്രികത ഇല്ലാതാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. വിശ്വാസത്തിലൂന്നി പ്രവര്ത്തനോന്മുഖമായ യുവതലമുറയെ വാര്‍ത്തെടുക്കാന്‍ തക്ക രീതിയിലുള്ള പരിശീലനമാണ് ഇന്നിന്റെ ആവശ്യം.
സമൂഹത്തിലെ ഓരോ നന്മയേയും സാമൂഹിക പ്രവര്‍ത്തനങ്ങളേയും സഭയും സഭാപ്രബോധനങ്ങളും വിശുദ്ധഗ്രന്ഥവുമായി ബന്ധപ്പെടുത്തി കുട്ടികള്‍ക്ക് പ്രചോദനകരമായ വിധത്തില്‍ വിന്യസിപ്പിക്കുന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.