തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരും. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ടും ആറ് ജില്ലകളില്‍ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം ഒഴികെയുള്ള ആറ് ജില്ലകളിലും യെല്ലോ അലർട്ടാണ്.
ബംഗാൾ ഉൾക്കടലിനു മുകളിലുള്ള ന്യൂനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള തീരങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മത്സ്യബന്ധന വിലക്കും വിനോദസഞ്ചാര കേന്ദ്രങ്ങലിലേക്കുള്ള യാത്ര വിലക്കും തുടരും. മലയോര മേഖലകളിൽ രാത്രി യാത്ര നടത്തരുതെന്നും നിർദ്ദേശമുണ്ട്.