ജര്‍മനിയുടെ ഏകീകരണത്തിനു മന്‍പ് കിഴക്കന്‍ ജര്‍മനിയുടെ (ജിഡിആര്‍ ജര്‍മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്) കുപ്രസിദ്ധ രഹസ്യ പൊലീസായ സ്റ്റാസിയുടെ ഏജന്റുമാര്‍ രഹസ്യമായി ബെര്‍ലിനിലെ സാമൂഹ്യജീവിതം നിരീക്ഷിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ഇതിന്റെ ഭാഗമായി ചുമതലപ്പെടുത്തിയ ക്യാപ്റ്റന്‍ ഹോപ്മാന്‍ ഗേര്‍ഡ് വിസ്ലറിന് നാടകകൃത്തായ ജോര്‍ജ് ഡ്രേമാനെയും അദ്ദേഹത്തിന്റെ കാമുകിയായ മാര്‍ട്ടിന ഗേഡെക്കിനേയും രഹസ്യമായി നിരീക്ഷിക്കേണ്ടി വരുന്നു. ഇവരുടെ വിവരങ്ങള്‍ ചോര്ത്തിയെടുക്കന്നതിന്റെ ഭാഗമായി ഇരുവരും താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ രഹസ്യമായി നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നു വിസ്ലര്‍.
പൗരന്റെ സ്വകാര്യ ജീവിതത്തിനു യാതൊരു വിലയും കല്‍പ്പിക്കാത്ത കാലം. ഭരണാധികാരികളും അവരുടെ ചൊല്‍പ്പടിക്ക് നില്ക്കുന്ന അഴിമതിക്കാരായ നീതിപാലകരും ഉദ്യോഗസ്ഥന്മാരും കൈകോര്‍ക്കുമ്പോള്‍ ജനങ്ങളുടെ ജീവിതം എത്രമേല്‍ ദുരിതത്തിലാക്കും എന്നതിന്റെ നേര്‍ക്കാഴ്ചകള്‍ ലോകത്തെവിടെയും കാണാം.
ചാരപ്പണിക്കിടെ റെക്കോര്‍ഡ് ചെയ്യപ്പെട്ട സംഭാഷണങ്ങളിലൂടെ വിസ്ലര്‍ ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങള്‍ മനസ്സിലാക്കുന്നു. ഡ്രെമാനെപ്പറ്റിയുള്ള തന്റെ ധാരണകള്‍ പലതും തെറ്റായിരുന്നു എന്നു വിസ്ലര്‍ തിരിച്ചറിയുന്നു. നാടകകൃത്തായ ഡ്രെമാനോടുള്ള വിശ്വാസക്കുറവോ വിയോജിപ്പോ അല്ല, ഡ്രെമാന്റെ കാമുകി, നടി ക്രിസ്റ്റ-മരിയ സീലാന്ഡിലുള്ള സാംസ്കാരിക മന്ത്രി ബ്രൂണോ ഹെംഫിന്റെ പ്രണയ താല്‍പ്പര്യത്തിനായാണ് ഡ്രെമാന് നിരീക്ഷിക്കപ്പെടുന്നതെന്ന് കണ്ടെത്തുന്ന വിസ്ലര്‍ നിരാശനാകുന്നു. അത് ക്യാപ്റ്റന്‍ ഗേര്‍ഡ് വിസ്ലറിനെ വലിയ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നു, കേസന്വേഷണം മറ്റൊരു ദിശയില്‍ നീങ്ങുന്നു.
എല്ലാ കഥാപാത്രങ്ങളും തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ‘HGW X-X/7’ എന്ന കോഡ് നാമത്തില്‍ ചാരപ്രവര്‍ത്തനം നടത്തുന്ന കേന്ദ്രകഥാപാത്രത്തെ തിരശീലയില്‍ അവതരിപ്പിച്ച ഉള്‍റിച്ച് മ്യുഹ് എന്ന നടന് എത്ര അനായാസമായാണ ്ഹോപ്മാന് ഗെര്‍ഡ് വിസ്ലറെ ഉള്‍ക്കൊള്ളുന്നത്. അവിശ്വസനീയമായ സൂക്ഷ്മതയോടെ വിസ്ലര്‍ എന്ന കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഉള്‍റിച്ച് മ്യൂഹ് അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്നു. തുടക്കത്തില്‍ തണുത്തതും നിര്‍മമവുമായ നിരീക്ഷകന്റെ ചിത്രീകരണം ക്രമേണ മനുഷ്യത്വത്തിന്റെയും ദുര്‍ബലതയുടെയും വശങ്ങള് വെളിപ്പെടുത്തുന്നു. ഒട്ടേറെ പുരസ്കാരങ്ങള്‍ ഈ ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി. നിര്‍ഭാഗ്യവശാല്‍ സിനിമ റിലീസ് ചെയ്തതിന്റെ അടുത്ത വര്‍ഷം കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് അദ്ദേഹം മരണപ്പെട്ടു. യൂറോപ്യന്‍ സിനിമക്ക് പ്രഗത്ഭനായൊരു അഭിനേതാവിനെയാണ് നഷ്ടമായത്.
ജോര്‍ജ് ഡ്രേമാനെയും കാമുകി ക്രിസ്റ്റ മരിയ സീലാന്റിനെയും അവതരിപ്പിച്ച സെബാസ്റ്റ്യന്‍ കോച്ചും മാര്‍ട്ടിന ഗെഡെക്കും ഒരു പോലെ ശ്രദ്ധേയരാണ്, സ്റ്റാസിയുടെ ചിലന്തിവലയില്‍ കുടുങ്ങിയ കലാകാരന്മാരായ കമിതാക്കള്‍ എന്ന നിലയില്‍ അവരുടെ റോളുകള്‍ക്ക് ആഴവും ആധികാരികതയും കൈവരുന്നു. സിനിമയുടെ ആഖ്യാനം കര്‍ശനമാണ് അതുകൊണ്ടു തന്നെ ഉടനീളം സ്ഥിരമായി പിരിമുറുക്കം സൃഷ്ടിക്കുന്നു. നിശബ്ദമായി, നിറങ്ങളും നിഴലുകളും ഉപയോഗിച്ച് ഭരണകൂടത്തിന്റെ അന്ധകാരത്തെ പ്രതിഫലിപ്പിക്കുന്ന ഹേഗന്‍ ബോഗ് ഡാന്സ്കിയുടെ ഛായാഗ്രഹണത്താല്‍, നിരന്തരമായ നിരീക്ഷണത്തിന്റെയും ഭ്രമാത്മകതയുടെയും അന്തരീക്ഷം കൈവരുന്നു. ശബ്ദത്തിന്റെ ഉപയോഗം, അല്ലെങ്കില്‍ ചിലപ്പോള്‍ ബോധപൂര്‍വമായ അഭാവം, കഥാപാത്രങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന വികാരത്തെയും അസ്വസ്ഥതയെയും കൂടുതല്‍ തീവ്രമാക്കുന്നു. സ്വേച്ഛാധിപത്യത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ ശക്തികളായി കലയുടെയും മനുഷ്യബന്ധത്തിന്റെയും പാരസ്പര്യം അന്വേഷിക്കുകയാണ് സിനിമ. മനുഷ്യപ്രകൃതിയുടെ സങ്കീര്‍ണ്ണതകളെക്കുറിച്ചും വീണ്ടെടുപ്പിനുള്ള ശേഷിയെക്കുറിച്ചും കാലാതീതമായ പ്രതിഫലനമായ ഈ സിനിമ സ്വാതന്ത്ര്യത്തിന്റെ വിലയെക്കുറിച്ച് വെല്ലുവിളി നിറഞ്ഞ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. സഹാനുഭൂതിയുടെ പ്രാധാന്യത്തെക്കുറിച്ചും മനുഷ്യന്റെ ശാശ്വതമായ ശക്തിയെക്കുറിച്ചുമുള്ള ഓര്‍മ്മപ്പെടുത്തലാണിത്.
കഥയുടെ വ്യക്തിപരവും രാഷ്ട്രീയവുമായ വശങ്ങളെ കൃത്യതയോടെ സന്തുലിതമാക്കിക്കൊണ്ട് ഹെന് കെല്‍വോണ്‍ ഡോണേഴ്സ് മാര്‍ക്കിന്റെ സംവിധാനം സൂക്ഷ്മമാണ്. ജര്‍മ്മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ അന്ത്യം കുറിക്കുന്ന ബെര്‍ലിന്‍ മതിലിന്റെ പതനത്തിന് 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം പുറത്തിറങ്ങുന്നത്. ഈ ചിത്രം സംവിധായകന് ഫ്ളോറിയന്‍ ഹെങ്കലേ ലോണ്‍ ഡോണര്‍സ് മാര്‍ക്കിന്റെ ആദ്യ സിനിമയാണ്. ആദ്യ സംരംഭത്തിന്റെ പകപ്പൊന്നുമില്ലാതെ തന്നെ സ്വന്തം തിരക്കഥ മനോഹരമായ രീതിയില്‍ സ്ക്രീനിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ‘ദ ലൈവ്സ് ഓഫ് അദേഴ്സ്’ കൂടാതെ, ജോണി ഡെപ്പും ആഞ്ജലീന ജോളിയും അഭിനയിച്ച ഹോളിവുഡ് ത്രില്ലറായ ‘ദ ടൂറിസ്റ്റ്’ (2010), ജര്‍മന്‍ ചിത്രകാരന് ഗെര്‍ ഹാര്‍ഡ് റിച്ചറിന്റെ ജീവിതം അനാവരണം ചെയ്യുന്ന ‘നെവര്‍ ലുക്ക് എവേ’ (2018) എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.
ഓസ്കര് അവാര്‍ഡ്, മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ബാഫ്റ്റ അവാര്‍ഡ്, ഇംഗ്ലീഷ് ഭാഷയില്‍ അല്ലാത്ത മികച്ച ചിത്രം, യൂറോപ്യന്‍ ഫിലിം അവാര്‍ഡുകള്‍, മികച്ച നടന് (ഉള്‍റിച്ച് മ്യൂഹ്), മികച്ച തിരക്കഥാകൃത്ത്-മികച്ച സംവിധായകന് (ഫ്േളാറിയന് ഹെന്‍കെല്‍ വോണ്‍ ഡോണര്‍സ്മാര്‍ക്ക്), മികച്ചസഹനടന് (ഉള്‍റിച്ച് ടുക്കൂര്), മികച്ച ഛായാഗ്രഹണം (ഹേഗന്‍ ബോഗ് ഡാന്സ്കി), മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ (സില്ക്ക്ബുഹര്)….മുതലായ പുരസ്കാരങ്ങള്‍ നേടുകയുണ്ടായി ഈ ചിത്രം.
ജര്‍മന്‍ മതിലിന്റെ പതനത്തിന് ശേഷം, വീസ്ലര്‍ ഒരു ബുക്ക് സ്റ്റാളിന്നരികിലൂടെ കടന്നു പോകുമ്പോള്‍ ഡ്രെയ്മാന്റെ പുതിയ നോവലായ ‘സൊണാറ്റ ഫോര്‍ എ ഗുഡ്മാന്’ പ്രദര്‍ശനത്തിനു വച്ചിരിക്കുന്നതായി കാണുന്നു. ആകാംക്ഷയോടെ അദ്ദേഹം പുസ്തകം തുറക്കുന്നു. അതിന്റെ ആദ്യ പേജില്‍ ഇപ്രകാരം പ്രിന്റ് ചെയ്തിരുന്നു, ‘HGW XX/7, നന്ദിയോടെ’. തനിക്ക ്സമര്പ്പിക്കപ്പെട്ട പുസ്തകത്തിന്റെ ഒരു പകര്‍പ്പു വാങ്ങുമ്പോള്‍, അതു സമ്മാനമായി പൊതിഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നു ്ചോദിക്കുന്നയാളോടു വീസ്ലര്‍ മറുപടി പറയുന്നു: ‘ഇല്ല, ഇത് എനിക്കുള്ളതാണ്.’