ന്യൂ ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ പോളിങ്ങിന്റെ ആദ്യ മണിക്കൂറുകളിൽ 10.27 ശതമാനം പോളിങ്. ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയ പശ്ചിമ ബംഗാളിൽ 15.35 ശതമാനമാണ് പോളിങ്. 6.33 ശതമാനം പോൾ ചെയ്ത മഹാരാഷ്ട്രയിലെ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിഹാർ 8.86, ജമ്മു കാശ്മീർ 7.63, ജാർഖണ്ഡ് 11.68, ലഡാക്ക് 10.51, ഒഡിഷ 6.87, യു പി 12.89 ശതമാനം എന്നിങ്ങനെയാണ് പോളിങ് ശതമാനം.
ഏഴ് ഘട്ടങ്ങളിലായാണ് 2024 ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ഏറ്റവും കുറവ് സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത് അഞ്ചാം ഘട്ടത്തിലാണ്. ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങള്‍, മഹാരാഷ്ട്രയിലെ 13 മണ്ഡലങ്ങള്‍, പശ്ചിമ ബംഗാളിലെ ഏഴ് മണ്ഡലങ്ങള്‍, ബിഹാര്‍, ഒഡിഷ എന്നിവിടങ്ങളിലെ അഞ്ച് മണ്ഡലങ്ങള്‍, ജാര്‍ഖണ്ഡിലെ മൂന്ന് മണ്ഡലങ്ങള്‍, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ ഓരോ മണ്ഡലങ്ങള്‍ തുടങ്ങിയവയിലാണ് പോളിങ് നടക്കുക.
ഉത്തര്‍പ്രദേശിലെ റായ്ബറേലിയും, അമേഠിയുമാണ് അഞ്ചാം ഘട്ടത്തിലെ ശ്രദ്ധേയമായ മണ്ഡലങ്ങള്‍. റായ്ബറേലിയിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്തം കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയാണ്. അഞ്ച് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. രാഹുല്‍ ഗാന്ധിയ്ക്ക് പുറമെ രാജ്നാഥ് സിങ്, സ്മൃതി ഇറാനി, ചിരാഗ് പാസ്വാൻ, ഒമര്‍ അബ്ദുള്ള എന്നിവരാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്ന മറ്റ് പ്രമുഖര്‍.