കോട്ടയം കളത്തിപ്പടിയില്‍ റോസമ്മ ഇപ്പോഴും ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തുന്നുണ്ട്. തന്റെ അന്നത്തില്‍ മണ്ണ് വാരിയിടാന്‍ വന്നവനെ ആധുനിക സാങ്കേതിക വിദ്യകൊണ്ട് കുടുക്കിയ റോസമ്മ ഒരേസമയം ആധുനിക ടെക്നോളജിയുടേയും ഉന്നതമായ മാനസിക മൂല്യത്തിന്റേയും ഉദാത്ത മാതൃകയായി ശോഭിക്കുന്നു. പാറപ്പുറത്ത് പണിത ഭവനം പോലെയോ, പീഠത്തില്‍ ഉയര്‍ത്തിവച്ച ദീപം പോലെയോ ഈ ഉത്ഥാന നാളുകളില്‍ അവര്‍ ക്രൈസ്തവ സാക്ഷ്യമാകുന്നു. തന്റെ കാര്യങ്ങള്‍ തിരക്കിയിറങ്ങിയ പത്രമാധ്യമക്കാരോട് റോസമ്മ പറഞ്ഞു: ”ഞാന്‍ അവനോട് ക്ഷമിച്ചു. ഇനി തെറ്റ് ആവര്‍ത്തിക്കരുതെന്ന് പറഞ്ഞു. ഞാന്‍ ഒരു ക്രിസ്ത്യാനിയാണ.് എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകുന്നയാളാണ്. പള്ളിയില്‍ ഞങ്ങള്‍ക്ക് പറഞ്ഞുതരുന്ന കാര്യം സ്നേഹത്തെക്കുറിച്ചും ക്ഷമയെക്കുറിച്ചുമാണ്. അതുകൊണ്ട് ഞാനവരോട് ക്ഷമിക്കുന്നു”. ഇതിലും തിളക്കമുള്ള ക്രിസ്തുസാക്ഷ്യം സമീപകാലത്ത് ഈ നാട്ടിലുണ്ടായിട്ടില്ല. തെറ്റ് ചെയ്തവനെതിരെ നാട്ടിലെ ക്രിമിനല്‍ നിയമമനുസരിച്ച് സ്റ്റേറ്റ് സ്വമേധയാ കേസെടുത്താലും എടുത്തില്ലെങ്കിലും റോസമ്മയുടെ ക്രിസ്തുസാക്ഷ്യമെന്ന കുമ്പസാരക്കൂട്ടില്‍ ക്ഷമയുടെ പാപപ്പൊറുതി അവന് കിട്ടി. നമ്മള് കണ്ടു കണ്ടു മടുക്കുന്ന ലോകത്തെ നമ്മളെപ്പോലെയല്ലാതെ അറിയുന്ന റോസമ്മയല്ല, കാഴ്ചയുണ്ടെന്ന് അവകാശപ്പെടുന്ന നമ്മള് തന്നെയാണ് യഥാര്‍ത്ഥത്തില്‍ അന്ധരായവര്‍. നിങ്ങളിലുള്ള വെളിച്ചം തന്നെ ഇരുളാണെങ്കില് നിങ്ങളിലുള്ള ഇരുട്ടുതന്നെ എന്തൊരു ഇരുട്ടായിരിക്കുമെന്ന ക്രിസ്തുവാക്യം റോസമ്മയെപ്പറ്റിയല്ല, നമ്മളെപ്പറ്റിയാണ്.
അവര്‍ കണ്ടത് മനുഷ്യരിലുള്ള നന്മമാത്രമായിരുന്നു. ആരും തന്നെ പറ്റിക്കില്ലായെന്ന ഉത്തമബോധ്യത്തിലാണ് അവര്‍ തന്റെ ജീവന ഉപാധിയുമായി ഈ നാട്ടില്‍ കഴിഞ്ഞത്. എന്നിട്ടും അവരെ പറ്റിക്കാനും നവോത്ഥാന മേനിപ്പറച്ചിലിന്റെ ഈ നാട്ടില്‍ ആളുകളുണ്ടായി.
ഉന്നതമായ ജീവിത മൂല്യങ്ങളെ യുക്തിയുടേയും അന്വേഷണത്തിന്റെയും വിശ്വാസ ധാര്‍മ്മികതയുടേയും മണ്ഡലങ്ങളുമായി ഇണക്കിചേര്ക്കണമെന്ന കാഴ്ചപ്പാടാണ് നവോത്ഥാനമെങ്കില്‍ റോസമ്മയാണ് നവോത്ഥാനത്തിന്റെ സമകാല നായിക.
കാരണം അവര്‍ ആധുനികതയുടെ യുക്തിഭദ്രതയെ ടെക്നോളജിയോട് വിളക്കിച്ചേര്‍ത്ത് ജീവിതത്തെ പടുത്തുയര്‍ത്തുകയും വെല്ലുവിളികളെ നേരിടുകയുമാണ്. അപ്പോഴും അവര്‍ മാനവികതയുടെ മൂല്യങ്ങളെ, വിശ്വാസ ധാര്‍മ്മികതയെ മുറുകെപ്പിടിക്കുകയും ചെയ്യുന്നു. വിഷം വമിക്കാനും വര്‍ഗീയത വളര്‍ത്താനും ടെക്നോളജി പ്രയോജനപ്പെടുത്തുന്നവരുടെ ആള്‍ക്കൂട്ട ആഭാസങ്ങളില്‍ ഒരാള്‍ ജീവിതം കരുപ്പിടിപ്പിക്കാനുള്ള വെല്ലുവിളികള്‍ക്കായി അത് പ്രയോജനപ്പെടുത്തുന്നു. എതിരാളിയെ കുടുക്കാനല്ല, അവനിലെ നന്മയെ ഉണര്‍ത്തുന്ന സുവിശേഷം ഇതിനിടയില്‍ അവര്‍ പറയുന്നു. നല്ല കള്ളനില്‍ ഇനിയും അവശേഷിക്കുന്ന കള്ളനുണ്ടെന്ന് പറയുന്ന കപട ആത്മീയ പ്രഘോഷകര്ക്കിടയില് സുവിശേഷത്തിന്റെ വെളിച്ചമായി കള്ളനിലും നല്ലയാളെ കാണുന്ന റോസമ്മയുടെ ജീവിതം തിളങ്ങുന്നു.
ആഭാസ ആവേശ കാഴ്ചകള്‍ക്കിടയില്‍ നന്മയുടെ ഈ വാര്‍ത്ത കൊടുക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായല്ലോ. ഹാവൂ ആശ്വാസം. സിഡി മെമ്മറികള്‍ മാഞ്ഞുപോകുകയും സ്ത്രീവിരുദ്ധ പെന്‍ഡ്രൈവുകള്‍ വിഷകാഴ്ചകളുമായി പെരുകുകയും ചെയ്യുന്ന ഈ കാലത്ത് റോസമ്മയുടെ കയ്യിലെ പേന-ക്യാമറ കരുത്തായി മാറുന്നു. എങ്ങനെയെല്ലാം കോപ്പിയെടുക്കാമെന്ന് സിനിമയിലൂടെ പഠിപ്പിക്കുന്ന കലാകേരള കാലത്ത്, റോസമ്മ പുത്തന്‍ കാഴ്ചയുടെ കലയാണ് പറയുന്നത്.
ഞായറാഴ്ചകളില്‍ റോസമ്മ ദേവാലയത്തിലെത്തുന്നത് എത്രയോ വിശ്വാസത്തോടുകൂടിയാണ്. കണ്ടിട്ടും വിശ്വസിക്കാത്തവരുടെ കൂട്ടത്തില്‍ കാണാതെ വിശ്വസിക്കുകയാണ് അവര്‍. ദൈവവചനത്തെ ഗൗരവതരമായും വിശ്വാസത്തോടെയും അവര്‍ സമീപിച്ചു. എത് നിസ്സാരകാര്യമല്ല. അവന് ചുറ്റും ജനക്കൂട്ടം ആര്‍ത്തിരമ്പി നടന്നപ്പോഴും അവള് മാത്രമായിരുന്നല്ലോ അന്നും അവന്റെ വസ്ത്രവിളുമ്പില്‍ സ്പര്‍ശിച്ചത്. ഒരാളും നശിച്ചുപോകാന്‍ അനുവദിക്കില്ലെന്ന ക്രൈസ്തവ മൂല്യബോധത്തെ അവര്‍ ഗൗരവതരമായെടുത്തത് ഈ കാലത്തെ നമ്മുടെ ആരാധനാ തര്‍ക്കങ്ങളുടെ പൊള്ളത്തരത്തിനുള്ള മറുപടി കൂടിയാണെന്ന് തോന്നുന്നു. ആ മലയിലോ ഈ മലയിലോ, കിഴക്കേട്ടോ പടിഞ്ഞാറേയ്ക്കോ തിരിയേണ്ടത് എന്നീ തര്‍ക്കങ്ങളില്‍ സഹോദരങ്ങളെ പുച്ഛിക്കുയും ഇകഴ്ത്തുകയും ചെയ്യുന്ന ആരാധകര്‍ക്കിടയില്‍ റോസമ്മ ദൈവവചനത്തെ വിശ്വസിക്കുകയും തന്റെ ജീവിതത്തിലെ പ്രതിസന്ധികള്‍ക്കിടയില്‍ അത് ജീവിക്കുകയും ചെയ്തു!
നമുക്കിടയില്‍ എത്രയോ സാധാരണക്കാര്‍ ക്രിസ്തുവെന്ന വെളിച്ചവുമായി ജീവിതപാത താണ്ടുന്നു എന്ന അറിവ് നമ്മളെ കൂടുതല്‍ വിനയമുള്ളവരും വിശ്വാസികളുമാക്കേണ്ടതല്ലേ.
പിന്കുറിപ്പ്:
തിരുവനന്തപുരം കളക്ടര്‍ സാറേ, അന്ന് തിരുവനന്തപുരം താലൂക്ക് ആശുപത്രിയില്‍ ക്യൂ നിന്ന മുന്നൂറു പേരിലൊരാളായി ഞാനുമുണ്ടായിരുന്നു. സാറിന്റെ കുഴിനഖ ചികിത്സയ്ക്കായി കാത്തുകെട്ടി കിടന്ന ഞങ്ങള്‍ വിശന്നും ദാഹിച്ചും ചൂടത്ത് വലഞ്ഞും തളര്‍ന്നു പോയി. വീട്ടില്‍ വന്ന് വെള്ളം കുടിക്കുന്നതിനു മുമ്പ്, കെ. രാജഗോപാലിന്റെ ‘കയ്പനാരകം’ എന്ന കവിതയാണ് ആദ്യം തപ്പിയെടുത്ത് വായിച്ചത്.
”കുഴിനഖം തെളിച്ച്
ചെളിക്കറ വടിച്ചു മാറ്റാന്‍
കെടുവളം കടിച്ച വിരല്‍
ക്കുമിള കുത്തി വാര്‍ക്കാന്‍
മുനകറുത്ത് പാകമായ
മുള്ളിനെങ്ങു പോകും”
എന്ന് പറഞ്ഞ് വെട്ടിമാറ്റാത്ത ‘കയ്പനാരകം’ ഏകയായി ഇപ്പോഴും പറമ്പതിരില്‍ നില്പുണ്ട് എന്ന് കവി കാണുകയാണ്. അധികാര രസത്തിന്റെ വളം കടിക്കുമിളകളെ കുത്തിവാര്ക്കാന് മുള്ളുകള്‍ കൂര്‍ത്തു പാകമാകുന്നുണ്ട്.