ലോക്സഭാ തിരഞ്ഞെടുപ്പ് പാതിവഴി പിന്നിടുമ്പോള്‍, ‘ഇന്ത്യ’ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായ ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ് രിവാലിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത് ബിജെപി തീരെ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കഴിഞ്ഞ മാര്‍ച്ച് 21ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, 2020 നവംബറില്‍ ഡല്‍ഹിയില്‍ എഎപി സര്‍ക്കാര്‍ നടപ്പാക്കിയ അബ്കാരി നയവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിലെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ കേജ് രിവാളിനെ അറസ്റ്റുചെയ്തത്. ഇന്ത്യയില്‍ ഒരു മുഖ്യമന്ത്രി അറസ്റ്റിലാകുന്ന ആദ്യ സംഭവം. പ്രതിപക്ഷത്തെ ഒരു ദേശീയ പാര്‍ട്ടി നേതാവിനെ ഇങ്ങനെ ജയിലിലടയ്ക്കുന്നതില്‍ യുഎസും ജര്‍മനിയും യുഎന്‍ സെക്രട്ടറി ജനറലും ഉത്കണ്ഠ പങ്കുവച്ചിരുന്നു.
രാഷ് ട്രീയ എതിരാളികളെയും വിമത സ്വരങ്ങളെയും അടിച്ചമര്‍ത്താന്‍ മോദി ഭരണകൂടം സിബിഐ, ഇഡി, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളെയും, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ), നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) തുടങ്ങിയ കിരാത നിയമവ്യവസ്ഥകളെയും ദുരുപയോഗം ചെയ്യുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ നിരവധിയാണ്. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറനെ ഭൂമിതട്ടിപ്പു കേസില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നതിന് കഴിഞ്ഞ ജനുവരിയില്‍ ഇഡി അറസ്റ്റു ചെയ്തപ്പോള്‍ അദ്ദേഹം ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഡല്‍ഹി എഎപി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ 2023 ഫെബ്രുവരിയില്‍ മദ്യനയ അഴിമതിക്കേസില്‍ വിചാരണതടവുകാരനായതാണ്. തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ഭാരത രാഷ് ട്ര സമിതി എംഎല്‍സിയുമായ കല്‍വാകുന്തല കവിതയെ ഇതേകേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ മാര്‍ച്ച് 15ന് ഹൈദരാബാദില്‍ നിന്ന് ഇഡി കസ്റ്റഡിയിലെടുത്ത് ഡല്‍ഹി തിഹാര്‍ ജയിലില്‍ അടച്ചിരിക്കയാണ്. എഎപിയുടെ മുന്‍ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന് മറ്റൊരു മണിലോണ്ടറിങ് കേസില്‍ തിഹാര്‍ ജയിലിലുണ്ട്. റാഞ്ചിയിലെ ഒരു ഫ്ളാറ്റില്‍ നിന്ന് ഈ തിരഞ്ഞെടുപ്പുകാലത്ത് 35 കോടിയുടെ കണക്കില്‍പെടാത്ത ക്യാഷ് പിടിച്ചെടുത്ത കേസില്‍ ഝാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് മന്ത്രി ആലംഗീര്‍ ആലത്തെ ഇഡി അറസ്റ്റുചെയ്യുകയുണ്ടായി.
ജാമ്യം തേടിയല്ല, തന്നെ അറസ്റ്റു ചെയ്തതിന്റെ നിയമസാധുത ചോദ്യം ചെയ്താണ് കേജ് രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ച്, ”ജനാധിപത്യത്തിന്റെ ജീവശക്തിയായ (‘വിസ് വിവ’) തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്കുവേണ്ടി പ്രചാരണം നടത്തുന്നതിന് കേജ് രിവാളിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ”ലോക്സഭാ തിരഞ്ഞെടുപ്പ് ഇക്കൊല്ലത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ്” എന്നു കോടതി നിരീക്ഷിക്കുന്നു. നാല്പത്തേഴു വര്‍ഷം മുന്‍പ്, രാജ്യത്ത് 21 മാസം നീണ്ട ദേശീയ അടിയന്തരാവസ്ഥയ്ക്കു ശേഷം, ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ് പാര്‍ട്ടി വാഴ്ചയ്ക്ക് അറുതിവരുത്തിയ 1977-ലെ തിരഞ്ഞെടുപ്പുമായാണ്, കഴിഞ്ഞ പത്തുവര്‍ഷത്തെ ജനാധിപത്യ അപഹാരത്തിന് അന്ത്യം പ്രതീക്ഷിക്കുന്നവര്‍ 2024-ലെ ജനവിധിയെ തുലനം ചെയ്യുന്നത്.
തിരഞ്ഞെടുപ്പു പ്രചാരണം മൗലികാവകാശമോ ഭരണഘടനാപരമായ അവകാശമോ നിയമപരമായ അവകാശമോ അല്ലെന്നും തിരഞ്ഞെടുപ്പിന്റെ പേരില്‍ രാഷ് ട്രീയ നേതാക്കള്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുന്നത് വിവേചനമാണെന്നും സൊളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. കേജ് രിവാള്‍ ഭീകരവാദിയൊന്നുമല്ല, തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ദേശീയ നേതാവിന് ജാമ്യം നല്‍കേണ്ടതാണെന്ന് കോടതി വാക്കാല്‍ പറഞ്ഞതിനെ തുടര്‍ന്ന്, ഇഡി ഏകപക്ഷീയമായി ഒരു സത്യവാങ്മൂലം സമര്‍പ്പിച്ചതില്‍, തിരഞ്ഞെടുപ്പ് വര്‍ഷം തോറുമുണ്ടാകും; ഇങ്ങനെ ജാമ്യം നല്കാന് തുടങ്ങിയാല്‍ രാഷ് ട്രീയ നേതാക്കളെ അറസ്റ്റു ചെയ്യാന്‍ പറ്റാത്ത സാഹചര്യമുണ്ടാകും എന്നു ബോധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്ത് 123 തിരഞ്ഞെടുപ്പുണ്ടായി. തടങ്കലില്‍ കഴിയുന്ന സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിനോ വോട്ടു ചെയ്യാനോ അവകാശമില്ല. ജയിലിലുള്ള കര്‍ഷകര്‍ക്ക് വിളവെടുപ്പിനും ബിസിനസുകാര്‍ക്ക് ബോര്‍ഡ് മീറ്റിങ്ങിനുമായി ജാമ്യം അനുവദിക്കാമോ? ദേശീയ സുരക്ഷാ നിയമപ്രകാരം അസമിലെ ദിബ്രുഗഢ് ജയിലില്‍ കഴിയുന്ന ഖാലിസ്ഥാന്‍വാദിയായ വാരിസ് ദെ പഞ്ചാബ് നേതാവ് അമൃത് പാല് സിംഗ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനെന്ന പേരില്‍ ജാമ്യം തേടുന്നുണ്ടെന്നും തുഷാര്‍ മേത്ത പറഞ്ഞുവച്ചു.
വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭരണഘടന 21-ാം അനുച്ഛേദം വ്യാഖ്യാനിച്ച് ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ 1977കാലത്ത് അവതരിപ്പിച്ച ‘ജാമ്യമാണ് ന്യായം, ജയില്‍ അപവാദവും’ എന്ന ജുഡീഷ്യല്‍ തത്ത്വത്തിനു വിരുദ്ധമായി പിഎംഎല്‍എ, യുഎപിഎ ജാമ്യവ്യവസ്ഥകള്‍ ദുഷ്കരമാക്കിയതും ഇഡിക്കും എന്‍ഐഎയ്ക്കും മറ്റും അനിയന്ത്രിതമായ അധികാരം അനുവദിച്ചതും അത്തരം സ്പെഷല്‍ നിയമങ്ങള്‍ വ്യാഖ്യാനിച്ച ജുഡീഷ്യറി തന്നെയാണ്.
വിരമിക്കുന്നതിന് രണ്ടുനാള്‍ മുന്‍പ്, പിഎംഎല്‍എ നിയമത്തിന്റെ ഭരണഘടനാ സാധുത അംഗീകരിച്ച് ഇഡിക്ക് ചോദ്യംചെയ്യപ്പെടാനാവാത്തവണ്ണം വിപുലമായ അധികാരം കല്പിച്ചുനല്കിയ ജസ്റ്റിസ് എം.എം. ഖാന്വില്കറിന് പിന്നീട് ലോക്പാല്‍ ചെയര്മാന് പദവി മോദി സര്‍ക്കാര്‍ സമ്മാനിച്ചു.
വിചാരണകോടതിയും ഹൈക്കോടതിയും ജാമ്യം അനുവദിക്കുന്നതില്‍ പലപ്പോഴും വിമുഖത കാട്ടുന്നത് ക്രിമിനല്‍ ജസ്റ്റിസ് വ്യവസ്ഥയുടെ അപചയത്തെയാണ് സൂചിപ്പിക്കുന്നത്.
ഡല്‍ഹി എക്സൈസ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക് ടോബറില്‍ ഇഡി കസ്റ്റഡിയിലെടുത്ത രാജ്യസഭാംഗമായ സഞ്ജയ് സിങ്ങിന് ഈ തിരഞ്ഞെടുപ്പുകാലത്ത് ജാമ്യം അനുവദിച്ചത്, കേസില്‍ കുറ്റാരോപിതനായിരുന്ന ദിനേശ് അരോര പിന്നീട് മാപ്പുസാക്ഷിയായി, രണ്ടു കോടി രൂപ സഞ്ജയ് സിങ്ങിനു കൈമാറിയതായി പത്താമത്തെ മൊഴിയില്‍ പറഞ്ഞതുപ്രകാരമാണ് സിങ്ങിനെ ആറുമാസം തിഹാര്‍ ജയിലില്‍ അടച്ചതെങ്കില്‍, കൈമാറിയ ആ പണത്തിന്റെ ട്രെയില്‍ കണ്ടെത്താനായോ എന്ന ഒരൊറ്റ ചോദ്യത്തിന് ഉത്തരം മുട്ടി ഇഡി കുഴഞ്ഞതിന്റെ പേരിലാണ്. ഇഡി 2021-ല്‍ 3,985 പിഎംഎല്‍എ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു – സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും എന്‍സിപി നേതാവ് ശരദ് പവാറും ശിവസേനയിലെ സഞ്ജയ് റാവുത്തും കുറ്റാരോപിതരുടെ പട്ടികയിലുണ്ട്.
ആന്ധ്രപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഓംഗോള്‍ എംപി മാഗുണ്ട ശ്രീനിവാസലു റെഡ്ഡി, മകന് മാഗുണ്ട രാഘവ റെഡ്ഡി, ബിആര്‍എസ് നേതാവ് കെ. കവിത, ഹൈദരാബാദിലെ അരബിന്ദോ ഫാര്‍മ കമ്പനി ഡയറക്ടര്‍ പി. ശരത് ചന്ദ്ര റെഡ്ഡി തുടങ്ങിയവര്‍ ഉള്‍പ്പെട്ട സൗത്ത് ഗ്രൂപ്പ് എന്ന കാര്‍ട്ടലിന് ഡല്‍ഹിയിലെ ഇന്‍ഡോ സ്പിരിറ്റ്സും ഫ്രഞ്ച് വൈന്‍ ആന്‍ഡ് സ്പിരിറ്റ്സ് കമ്പനിയായ പെര്‍നോഡ് റിച്ചാര്‍ഡിന്റെ മൊത്തവ്യാപാര ബിസിനസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ റീട്ടെയില്‍ സോണ്‍ ലൈസന്‍സുകള്‍ ലഭ്യമാക്കി 100 കോടി രൂപ എഎപി തിരഞ്ഞെടുപ്പു ഫണ്ടിലേക്കു കൈപ്പറ്റി എന്നതാണ് സിസോദിയയ്ക്കും കേജ് രിവാളിനും കവിതയ്ക്കും മറ്റും എതിരായ ഇഡി കേസ്.
രാഘവ റെഡ്ഡി അഞ്ചു മാസം ജയിലില്‍ കിടന്നപ്പോള്‍ മാഗുണ്ട ശ്രീനിവാസലു റെഡ്ഡി കേജ് രിവാളിനെതിരെ മൊഴി നല്കി; ഉടന്‍ രാഘവ മോചിതനായി.
ശ്രീനിവാസലു റെഡ്ഡി ഈ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യകക്ഷിയായ തെലുഗു ദേശം പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഓംഗോളില്‍ മത്സരിക്കുന്നു. ഇഡി 2022 നവംബറില്‍ ശരത് ചന്ദ്ര റെഡ്ഡിയെ അറസ്റ്റു ചെയ്ത് നാലു ദിവസം കഴിഞ്ഞപ്പോള്‍ അരബിന്ദോ ഫാര്‍മ ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപിക്ക് അഞ്ചു കോടി രൂപ നല്കി. 2023 മേയില്‍ ശരത് ചന്ദ്ര റെഡ്ഡിയുടെ ജാമ്യാപേക്ഷയെ ഇഡി എതിര്‍ത്തില്ല. ജയിലില്‍ നിന്നിറങ്ങി 2023 ജൂണില്‍ അയാള്‍ കേസില്‍ മാപ്പുസാക്ഷിയായി. 2023 നവംബറില്‍ അരബിന്ദോ ഫാര്‍മ 25 കോടി രൂപ ബോണ്ടിലൂടെ ബിജെപിക്കു നല്കി. ശരത് ചന്ദ്രയുമായി ബന്ധപ്പെട്ട രണ്ടു കമ്പനികള്‍, എപിഎല്‍ ഹെല്‍ത്ത്കെയര്‍ ലിമിറ്റഡ് 10 കോടിയും, യൂജിയ ഫാര്‍മ സ്പെഷ്യാലിറ്റീസ് ലിമിറ്റഡ് 15 കോടിയും ബിജെപിക്ക് ബോണ്ടായി നല്കി. ഈ മാപ്പുസാക്ഷിയുടെ മൊഴിയെ ആധാരമാക്കിയാണ് കേജ് രിവാളിനെ ഇഡി 51 ദിവസം വിചാരണതടവുകാരനാക്കിയത്.
വോട്ടെടുപ്പ് പൂര്‍ത്തിയായി കഴിയുമ്പോള്‍ ജൂണ്‍ രണ്ടാം തീയതി കേജ് രിവാള്‍ ഇഡിക്കു കീഴടങ്ങണമെന്നാണ് ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശിച്ചിട്ടുള്ളത്. 2023 ഒക് ടോബര്‍ മുതല്‍ ഒന്‍പതു വട്ടം ഇഡിയുടെ സമന്‍സ് കൈപ്പറ്റാതിരുന്നത് കേജ് രിവാളിനെതിരായ വലിയ കുറ്റമായി കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേജ് രിവാളിനും മറ്റു നേതാക്കള്‍ക്കുമെതിരെ അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് ഇഡി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അതിനെക്കാള്‍ വലിയ ഭീഷണിയാണ്, ആം ആദ്മി പാര്‍ട്ടിയെതന്നെ പ്രതിയാക്കി കുറ്റപത്രം നല്‍കുമെന്ന ഇഡിയുടെ പ്രഖ്യാപനം. മണിട്രെയില് തെളിയിക്കാനായാല്‍ എഎപിയുടെ ആസ്തികളെല്ലാം കണ്ടുകെട്ടാനും പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കാനും കഴിയുമത്രെ.
ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങള്‍ ഭരിക്കുന്ന എഎപിക്ക് ലോക്സഭയില്‍ ഒരു സീറ്റു പോലുമില്ല. ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളില്‍ എഎപി കോണ്‍ഗ്രസുമായി സഖ്യത്തിലാണ്. ഡല്‍ഹിയിലെ ഏഴു സീറ്റുകളില്‍ നാലെണ്ണത്തില്‍ എഎപിയും മൂന്നെണ്ണത്തില്‍ കോണ്‍ഗ്രസും മത്സരിക്കുന്നു. ഇക്കുറി എഎപി മത്സരിക്കുന്ന 22 സീറ്റുകളില്‍ ഒന്‍പതെണ്ണത്തിലാണ് ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്നത്. പഞ്ചാബില്‍ 13 സീറ്റിലും കോണ്‍ഗ്രസിനെതിരായാണ് എഎപിയുടെ മത്സരം. ഹരിയാനയില്‍ ഒരു സീറ്റിലും ഗുജറാത്തിലും അസമിലും രണ്ടു സീറ്റില്‍ വീതവും എഎപി സ്ഥാനാര്‍ഥികളുണ്ട്. കേജ് രിവാളിനെ തിഹാര്‍ ജയിലില്‍ അടച്ചതിനെതിരെ ‘ഇന്ത്യ’ സഖ്യകക്ഷികള്‍ വ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കുകയും എഎപി ‘ജയില്‍ കാ ജവാബ് വോട്ട് സേ’ പ്രചാരണം ശക്തമാക്കുകയും ചെയ്തിരുന്നു.
വോട്ടെടുപ്പിന്റെ അവസാനത്തെ മൂന്നുഘട്ടങ്ങളില്‍ ബിജെപി വിരുദ്ധ മുന്നണിയുടെ പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരാന്‍ കേജ് രിവാളിന്റെ സാന്നിധ്യം പ്രയോജനപ്പെടും. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കേജ് രിവാളിനു കഴിഞ്ഞേക്കും.
തിഹാര്‍ ജയിലില്‍ നിന്നിറങ്ങി ഡല്‍ഹി കൊണാട്ട്പ്ലേസിലെ ഹനുമാന് മന്ദിരത്തില്‍ ദര്‍ശനം നടത്തി ‘മിഷന് 2024’ പ്രചാരണം ആരംഭിച്ച കേജ് രിവാള്‍ മോദിയുടെ ചില ഹിന്ദുത്വ അനുഷ്ഠാനമുറകള്‍ പിന്തുടരാറുണ്ട്.
വോട്ടെടുപ്പിന്റെ നാലു ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍, ‘ഇക്കുറി നാനൂറിനപ്പുറം’ എന്ന ചരിത്ര വിജയപ്രതീക്ഷയില്‍ ലേശം മങ്ങലേറ്റപോലെ, ഹിന്ദു-മുസ് ലിം ദ്വന്ദ്വത്തിലെ ഹിംസാത്മക വിദ്വേഷപ്രചാരണം കൂടുതല്‍ രൂക്ഷമാക്കുകയും അംബാനി-അദാനിമാര്‍ ടെമ്പോ കണക്കിന് കള്ളപ്പണം കോണ്‍ഗ്രസിന്റെ ‘രാജകുമാരന്’ എത്തിക്കുന്നു എന്നും മറ്റുമുള്ള വെളിപാടുകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി മോദി വാരാണസിയില്‍ മൂന്നാമൂഴത്തിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോയത് ‘ഗോദി മീഡിയ’ എന്നറിയപ്പെടുന്ന മുഖ്യധാരാ മാധ്യമങ്ങളും ഔദ്യോഗിക ചാനലുകളും വന്‍ ആഘോഷമാക്കി.
തിരഞ്ഞെടുപ്പില്‍ ഏവര്‍ക്കും തുല്യകളിത്തട്ട് ഉറപ്പുവരുത്തുമെന്ന ഇലക് ഷന് കമ്മിഷന്റെ ഉറപ്പ് എത്ര നിരര്‍ഥകമാണെന്ന് തെളിയിക്കുന്നതായി കാശിയില്‍ ഗംഗാനദിയിലും ഘാട്ടുകളിലും നടന്ന മതാനുഷ്ഠാനങ്ങളുടെ കവറേജ്.
അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജയുടെയും പ്രാണപ്രതിഷ്ഠയുടെയും കാശി വിശ്വനാഥ് ഇടനാഴിയുടെയും മുഹൂര്‍ത്തം നിശ്ചയിച്ച തമിഴ് വംശജനായ ആചാര്യ ഗണേശ്വര്‍ ശാസ്ത്രി ദ്രവിഡിനെ കൂടെനിര്‍ത്തിയാണ് മോദി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ബിജെപിയുടെ ദേശീയ നേതാക്കളും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും, കേരളത്തില്‍ നിന്ന് തുഷാര്‍ വെള്ളാപ്പള്ളിയും, തമിഴ്നാട്ടില്‍ നിന്ന് അന്‍പുമണി രാംദാസും, മേഘാലയയില്‍ നിന്ന് കോണ്‍റാഡ് സാംഗ്മയും ഉള്‍പ്പെടെയുള്ള എന്‍ഡിഎ സഖ്യകക്ഷി നേതാക്കളും മുഖ്യമന്ത്രിമാരും പങ്കെടുത്ത റോഡ്ഷോ മോദിക്ക് എന്തു ഗ്യാരന്റി നല്‍കാനായിരുന്നു?
ഗംഗാ ആരതിയും ദശാശ്വമേധ് ഘാട്ടിലെയും കാലഭൈരവക്ഷേത്രത്തിലെയും പൂജയും ഗംഗാ നദിയിലൂടെ നമോഘാട്ടിലേക്കുള്ള വിവിഐപി ക്രൂയിസില്‍ പ്രമുഖ ഹിന്ദി ടിവി ന്യൂസ് ചാനലുകളിലെ താര മഹിളാമണികളുമായി ഹൃദയം തുറന്നു സംസാരിക്കുന്ന പ്രധാനമന്ത്രിയുടെ അത്യപൂര്‍വ ഇന്റര്‍വ്യൂവും. അതിലൊന്നില്‍, മോദി ഇടനെഞ്ഞുവിങ്ങും പോലെ ഗദ്ഗദവാനാകുന്നുണ്ട്: ഗംഗാമാതാ എന്നെ വിളിച്ചു. എന്റെ അമ്മയുടെ മരണശേഷം ഗംഗാമാതാ എന്റെ പോറ്റമ്മയായി. എന്നെ ഗംഗാമാതാ മടിത്തട്ടിലിരുത്തി ആശ്ലേഷിച്ചു… മോദിജി ഇത്ര ലോലഹൃദയനായാല്‍ ജൂണ്‍ നാലിന് എന്താവും സ്ഥിതി!