തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ സമരം തുടരുന്ന സാഹചര്യത്തിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ചർച്ച നടത്തും.
രണ്ടാഴ്ചയിലധികമായി തുടരുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇന്ന് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. സിപിഐഎമ്മിന്റെ ഭാഗത്തുനിന്ന് ഉൾപ്പെടെയുള്ള എതിർപ്പാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിൽ ഉണ്ടായത്. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ മുഴുവൻ സംഘടനാ ഭാരവാഹികളെയും മന്ത്രി ചർച്ചയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ ഗതാഗത മന്ത്രിയുടെ ചേമ്പറിലാണ് നിർണായക ചർച്ച.
തുടക്കം മുതൽ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ് സംഘടനകൾ. വിവാദ സർക്കുലർ പിൻവലിക്കണം എന്നതാണ് ആവശ്യം. എന്നാൽ ഇളവുകൾ അനുവദിച്ചാലും സമരസമിതി വഴങ്ങിയേക്കും. മന്ത്രിയുടെ ഭാഗത്തു നിന്ന് വിട്ടുവീഴ്ചയില്ലെങ്കിൽ പ്രതിഷേധം ഇനിയും കടുക്കും. പ്രതിഷേധത്തിനിടെ കഴിഞ്ഞദിവസം സംസ്ഥാനത്തൊട്ടാകെ 274 ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നിരുന്നു.