ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. കേന്ദ്ര ഏജന്‍സിയായ ഇ.ഡിയുടെ വാദങ്ങളെല്ലാം തള്ളിയാണ് ജസ്റ്റിസ് സഢ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രിംകോടതിയുടെ നടപടി. ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനാണ് ജാമ്യം. ജൂണ്‍ ഒന്ന് വരെ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
ഇടക്കാല ജാമ്യം നിഷേധിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അതിശക്തമായ വാദങ്ങളാണ് മുന്നോട്ടുവച്ചത്. ജാമ്യത്തെ എതിര്‍ത്ത് ഇ.ഡി പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. പ്രചാരണം നടത്തുകയെന്നതു മൗലികാവകാശമോ ഭരണഘടനാവകാശമോ നിയമപരമായ അവകാശമോ അല്ലെന്ന് വ്യക്തമാക്കിയുള്ളതായിരുന്നു സത്യവാങ്മൂലം.
തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കിലും ഇതിന് മുമ്പ് പ്രചാരണത്തിന് മാത്രമായി ഒരു രാഷ്ട്രീയ നേതാവിനും ജാമ്യം നല്‍കിയിട്ടില്ലെന്നും ഇ.ഡി അറിയിച്ചു. സ്വന്തം പ്രചാരണത്തിനായി തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ള സ്ഥാനാര്‍ഥിക്ക് പോലും കസ്റ്റഡിയിലാണെങ്കില്‍ ഇടക്കാല ജാമ്യം ലഭിക്കില്ലെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. ഹരജിയില്‍ വാദം കേട്ട കോടതി, ചൊവ്വാഴ്ച കേസ് വിധി പറയാന്‍ മാറ്റിവച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിയാണ് ഡല്‍ഹി മുഖ്യമന്ത്രിക്ക് കോടതി ജാമ്യം നല്‍കിയത്.
ഇടക്കാല ജാമ്യം ലഭിച്ചതോടെ കെജരിവാള്‍ എ.എ.പിക്കും ഇന്ത്യ മുന്നണിക്കും വേണ്ടി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകും. Read more at: https://www.suprabhaatham.com/details/399906?link=Supreme-Court-grants-interim-bail-to-Delhi-CM-Arvind-Kejriwal-in-excise-policy-case