ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്നു പറഞ്ഞ് കേരളത്തില്‍ വോട്ടു തേടിയ രാജ്യത്തെ ഏക സിപിഎം മുഖ്യമന്ത്രി ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായപ്പോഴേക്കും കുടുംബസമേതം രാജ്യം വിട്ടു. യുഎഇ, ഇന്തോനീഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ 16 ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും പേരക്കുട്ടിയുമുണ്ട്; മരുകനായ മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണാ വിജയനും നേരത്തെ യുഎഇയില്‍ എത്തി അവരെ കാത്തിരിക്കയായിരുന്നു. ഇനിയും വോട്ടെടുപ്പു നടക്കേണ്ട മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനൊന്നും പോകാതെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി ഔദ്യോഗിക അറിയിപ്പൊന്നുമില്ലാതെ വിദേശയാത്ര നടത്തുന്നതിനെക്കുറിച്ചും ആരുടെ ചെലവിലാണ് ആ യാത്ര എന്നതിനെക്കുറിച്ചുമൊക്കെ പാര്‍ട്ടി അറിഞ്ഞാല്‍ മതി, മറ്റാരും വേവലാതിപ്പെടേണ്ടതില്ല എന്നാണ് ഇതേക്കുറിച്ച് ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരോടു കയര്‍ത്തുകൊണ്ട് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന് പറയുന്നത്.
രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളെയും മാധ്യമസ്വാതന്ത്ര്യത്തെയും ഹനിക്കുന്ന മോദിയെ അതികഠിനമായി വിമര്‍ശിക്കാറുള്ള പിണറായി ഇവിടെ മാധ്യമങ്ങളോടു കലിതുള്ളുന്നത് ജനം കാണാന്‍ തുടങ്ങിയിട്ട് നാളെത്രയായി!
”കമ്യൂണിസ്റ്റ് വിരുദ്ധതയ്ക്കു കേള്‍വികേട്ട” മാധ്യമങ്ങള്‍ തനിക്കെതിരെ വന്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നു എന്ന വിഭ്രാന്തിയില്‍ വി.എസ് അച്യുതാനന്ദന്റെ കാലത്ത് മാധ്യമ സിന്‍ഡിക്കേറ്റിനെക്കുറിച്ച് രോഷാകുലനായിരുന്ന പിണറായിക്ക് ഇപ്പോള്‍ ചോദ്യം ചോദിക്കുന്ന മാധ്യമങ്ങളെല്ലാം ‘ചെറ്റത്തരം’ ആണു ചെയ്യുന്നത്. ചെറ്റക്കുടിയില്‍ കഴിയുന്നവരോടുള്ള തൊഴിലാളിവര്‍ഗ വിപ്ലവപാര്‍ട്ടി നേതാവിന്റെ ആദരം കൂടി വെളിവാക്കുന്നതാണ് ഈ അധിക്ഷേപം.
കേരളത്തിലെ ഇതര പാര്‍ട്ടികളില്‍ നിന്നു കാലുമാറാന്‍ തക്കംപാര്ത്തിരിക്കുന്നവരുമായി ഡീല്‍ ഉറപ്പിക്കാന്‍ കേന്ദ്രത്തില്‍ നിന്നു നിയോഗിക്കപ്പെട്ട ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കറെ തന്റെ മകന്റെ തിരുവനന്തപുരം ആക്കുളത്തെ ഫ്ളാറ്റില്‍ വച്ച് കണ്ടുവെന്ന് ഇ.പി ജയരാജന് സംസ്ഥാനത്തെ പോളിങ്ങിന്റെ തുടക്കത്തില്‍ കൃത്യമായി ടിവി ചാനലുകാരോടു തുറന്നുപറഞ്ഞത് പൊല്ലാപ്പായപ്പോള്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജയരാജനെ പരസ്യമായി ശാസിച്ചുകൊണ്ട് പിണറായി തന്റെ നാട്ടിലെ ഒരു പഴഞ്ചൊല്ല് കേള്‍പ്പിച്ചു: പാപി ശിവനോടൊപ്പം കൂടിയാല്‍ ശിവനും പാപിയായിടും! ജാവദേക്കറെ ഫ്ളാറ്റില്‍ സ്വീകരിച്ചതിലല്ല മുതിര്‍ന്ന സഖാവിന് ജാഗ്രതക്കുറവുണ്ടായത്, അതിനു സാക്ഷിയായി ദല്ലാള്‍ നന്ദകുമാറിനെ കൂട്ടിയതിലാണെന്നും ഇതിനും മുന്‍പും കളങ്കിതരായവരുമായുള്ള ഇടപാടുകളില്‍ ഇപി ഇങ്ങനെ ചെന്നുചാടിയിട്ടുണ്ടെന്നും പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി കൂട്ടിച്ചേര്‍ത്തു.
ഇ.പി ജയരാജന് ബിജെപിയില്‍ ചേരാനുള്ള ചര്‍ച്ചകള്‍ ”90 ശതമാനവും പൂര്‍ത്തിയാക്കി” ഡല്‍ഹിയിലെത്തിയെന്നും പിറ്റേന്ന് ബിജെപി ദേശീയ കാര്യാലയത്തില്‍ വച്ച് പാര്‍ട്ടി അംഗത്വം എടുക്കാനിരിക്കെ പെട്ടെന്ന് ഒരു ഫോണ്‍കോള്‍ വന്നതോടെ ആകെ പരവശനായി ജയരാജന് പിന്‍വാങ്ങുകയായിരുന്നുവെന്നും ആലപ്പുഴയിലെ ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് പോളിങ്ങിനു തൊട്ടു മുന്‍പ് വെളിപ്പെടുത്തിയത്, ബിജെപി പാളയത്തിലേക്കു കൂറുമാറാന്‍ അവസരം കാത്തിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ച് ഇത്രയും കാലം ഘോരമായി രാഷ്ട്രീയ പ്രചാരണം നടത്തിവന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ വല്ലാതെ ഉലച്ചുകളഞ്ഞു. ജയരാജനും ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള ടി.ജി നന്ദകുമാറിന്റെ സാക്ഷ്യമാകട്ടെ, തൃശൂര്‍ ലോക്സഭാമണ്ഡലത്തില്‍ വിശേഷിച്ച് ബിജെപി സ്ഥാനാര്‍ഥിയുടെ വിജയത്തിനായി സിപിഎമ്മുമായി ഒരു ഡീല്‍ ഉറപ്പിക്കാനുള്ള നീക്കത്തെക്കുറിച്ചായിരുന്നു. ലാവ്ലിന് കേസില്‍ നിന്ന് പിണറായിയെ കുറ്റവിമുക്തനാക്കും എന്നതായിരുന്നുവത്രെ ഡീല്‍. തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ചില മണ്ഡലങ്ങളില്‍ ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തര്‍ധാര സ്ഥിരീകരിക്കുന്ന തെളിവായി ഇത് ചിലര്‍ ഉയര്‍ത്തിക്കാട്ടി.
തിരഞ്ഞെടുപ്പു വേളയില്‍ ഇടതുമുന്നണിക്ക് അതീവ ദോഷകരമായ ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ജയരാജനോട് വിശദീകരണം തേടാന്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അദ്ദേഹത്തിനു ക്ലീന്‍ ചിറ്റ് നല്‍കുകയും ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ മാനനഷ്ടക്കേസു കൊടുക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. മുഖ്യമന്ത്രിയെയും ഇടതുമുന്നണി കണ്‍വീനറെയും ന്യായീകരിക്കാനുള്ള രാഷ്ട്രീയ വിശദീകരണത്തില്‍ പഴി മുഴുവന്‍ നാട്ടിലെ മാധ്യമങ്ങള്‍ക്കായിരുന്നു.
കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ഐടി സര്‍വീസ് കമ്പനിയായ എക്സാലോജിക്കിന്റെ അക്കൗണ്ടിലേക്ക് വെറുതെ 1.72 കോടി രൂപ നല്‍കിയതുമായി ബന്ധപ്പെട്ട ‘മാസപ്പടി’ വിവാദക്കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്നാടന് നല്കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയത് ചരിത്രപ്രധാനമായ വിധിപ്രസ്താവം എന്നൊക്കെ വാഴ്ത്തുന്ന സിപിഎം മുഖപത്രം, ഇടതുപക്ഷത്തിനും വിശിഷ്യ സിപിഎമ്മിനും അതിന്റെ നേതാക്കള്‍ക്കുമെതിരെ അതിവിപുല ഗൂഢാലോചനകള്‍ നടത്തുന്ന മാധ്യമങ്ങള്‍ ഉള്‍പ്പെട്ട വന്സംഘത്തെക്കുറിച്ച് ധാര്‍മികരോഷം കൊള്ളുന്നുണ്ട്.
തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും സിഎംആര്‍എല്‍ വാങ്ങിയ ഭൂമിക്ക് ധാതുമണല്‍ ഖനനാനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് കേരള ഭൂനിയമ ചട്ടപ്രകാരം ഇളവു നല്കാന് റവന്യു വകുപ്പിനോട് നിര്‍ദേശിച്ചു എന്ന ഹര്‍ജിക്കാരന്റെ ആരോപണത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. ”ഇടതുപക്ഷത്തിന്റെ മുന്‍നിരപോരാളിയും ജനക്ഷേമ സര്‍ക്കാരിന്റെ അധിപനുമായ പിണറായിയെ വേട്ടയാടുന്ന സത്യസന്ധമല്ലാത്ത അധാര്‍മിക’ മാധ്യമപ്രവര്‍ത്തനത്തിനുള്ള പ്രഹരമാണത്രെ വിജിലന്‍സ് കോടതിയുടെ ഈ വിധിപ്രസ്താവം. കുഴല്നാടന് രേഖകള്‍ ഹാജരാക്കുന്നതില്‍ ‘പരാജയപ്പെട്ടെങ്കിലും’ മാസപ്പടിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സിഎംആര്‍എല്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന് കര്‍ത്തായുടെ മൊഴിയെടുക്കുന്നുണ്ട്. ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസും അന്വേഷിക്കുന്നുണ്ട്.
”മൈക്കും പൊക്കിപ്പിടിച്ചുകൊണ്ടുവരുന്ന” മാധ്യമപ്രവര്‍ത്തകരെ ഒരു ദാക്ഷിണ്യവുമില്ലാതെ നിര്‍ത്തിപ്പൊരിക്കുന്ന ഒരു നവീന ദേശീയ രാഷ്ട്രീയ അവതാരത്തെയും കേരളം ഈ തിരഞ്ഞെടുപ്പില്‍ കണ്ടു. ”ദേശീയ മാധ്യമങ്ങള്‍ മാത്രമല്ല ലോകമാധ്യമങ്ങള്‍ പോലും കവര്‍ ചെയ്ത” തന്നെ സംബന്ധിച്ച ഒരു മഹാസംഭവം പാടെ തമസ്കരിച്ച നാടന്‍ മാധ്യമങ്ങളെ പരസ്യമായി ആട്ടുന്ന പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്റണിയുടെ പ്രകടനം പിണറായിയെയും വെല്ലുന്നതായിരുന്നു. ഒരു രാജ്യാന്തര സഭാവിഭാഗത്തിലെ നൂറിലേറെ വൈദികര്‍, ആ സഭയുടെ കേരളത്തിലെ മെത്രാപ്പോലീത്തയുടെയും പിആര്‍ഒയുടെയും സാന്നിധ്യത്തില്‍, തിരുവല്ലയിലെ യൂത്ത് സെന്ററില്‍ വച്ച് അനില്‍ ആന്റണിക്ക് പിന്തുണ പ്രഖ്യാപിച്ചു.
കേരളത്തിലെ ഒരു ക്രൈസ്തവ സഭ ആദ്യമായാണ് ബിജെപിക്ക് രാഷ്ട്രീയ പിന്തുണ പ്രഖ്യാപിക്കുന്നത് എന്നാണ് ദൂരദര്ശന് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. അതെടുത്തു വേണ്ടവണ്ണം പ്രൈംടൈം ചര്ച്ചയാക്കാത്തതിലായിരുന്നു ഈ സ്വയംപ്രഖ്യാപിത ഇന്റര്‍നാഷണല്‍ പ്രതിഭാസത്തിന്റെ കലിപ്പ്.
മോദി സ്തുതിപാഠകരായ (ഗോദി മീഡിയ എന്ന അഭിധാനം, മോദിയുടെ മടിയിലിരിക്കുന്നവര്‍ എന്ന വ്യംഗ്യം) ദേശീയ മാധ്യമങ്ങളില്‍ ചിലരെങ്കിലും വോട്ടെടുപ്പിന്റെ ആദ്യ റൗണ്ടുകളിലെ ഗ്രൗണ്ട് റിപ്പോര്‍ട്ടുകളില്‍ നിന്ന് കാറ്റ് മാറിവീശുന്നതിന്റെ സൂചനകള്‍ ഗ്രഹിച്ചുതുടങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ പുറത്തുവരുന്നുണ്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍, കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ എഴുതിവച്ചിട്ടുള്ളതായി പ്രധാനമന്ത്രി മോദി സങ്കല്പിക്കുന്ന അതിഭയങ്കര ഭവിഷ്യത്തുകള്‍, മുഗള്‍, മുസ് ലിം, പാക്കിസ്ഥാന് സംജ്ഞകള്‍ ചേര്‍ത്ത് അദ്ദേഹം ഓരോ പ്രചാരണറാലിയിലും പടച്ചുവിടുന്നത് – ഹൈന്ദവ ഭൂരിപക്ഷത്തിന്റെ കെട്ടുതാലിയടക്കം പൊന്നും പണ്ടവും വസ്തുവകകളും എക്സ്റേ വച്ച് കണ്ടെത്തി മുസ് ലിംകള്‍ക്ക് വിതരണം ചെയ്യും, നിങ്ങള്‍ക്ക് രണ്ട് എരുമകളോ രണ്ടു സൈക്കിളോ ഉണ്ടെങ്കില്‍ അവയിലൊന്നുവീതം കോണ്‍ഗ്രസ് എടുത്തുകൊണ്ടുപോയി ‘മറ്റവര്‍ക്കു’ കൊടുക്കും, പട്ടികജാതി പട്ടികവര്‍ഗ ഒബിസി സംവരണം എടുത്ത് മുസ് ലിംകള്‍ക്കു മറിച്ചുനല്‍കും, ഏറ്റവും ഒടുവിലായി, അയോധ്യയിലെ രാമക്ഷേത്രം ബാബ്റി താഴിട്ടുപൂട്ടും – വ്യാഖ്യാനിച്ചു പൊലിപ്പിക്കാന്‍ പരസ്പരം മത്സരിക്കുന്നവര്‍ക്ക് പ്രതീക്ഷിച്ചത്രയും ടിആര്‍പി റേറ്റിങ് ഉയരുന്നില്ല എന്നതും എന്തോ അവലക്ഷണമാണ്. ഹെലികോപ്റ്ററില്‍ നഗരങ്ങള്‍ ചുറ്റിയടിച്ച് വോട്ടര്‍മാരുടെ മോദിഭക്തിയുടെ ആഴമറിയാന്‍ ‘ഹെലികോപ്റ്റര്‍ ഷോട്ട്’ എടുക്കുന്ന ഒരു പ്രമുഖ ഹിന്ദി ടിവി ന്യൂസ് ചാനലിന്റെ ഗ്ലാമര്‍ താരത്തെ ‘ഗോദി മീഡിയ ഗോബാക്ക്’ എന്ന മുദ്രാവാക്യവുമായി എതിരേല്ക്കുന്ന ജനക്കൂട്ടത്തിന്റെ സോഷ്യല്‍ മീഡിയ വീഡിയോകള്‍ക്കും നല്ല പ്രചാരമുണ്ട്.
തന്റെ ഉറ്റ ചങ്ങാത്ത മുതലാളിമാരായ അംബാനി-അദാനി കോര്‍പറേറ്റ് വമ്പന്മാര് ടെമ്പോവാനില്‍ കള്ളപ്പണത്തിന്റെ ചാക്കുകെട്ടുകള്‍ ഈ തിരഞ്ഞെടുപ്പുകാലത്ത് കോണ്‍ഗ്രസിന് എത്തിക്കുന്നതുകൊണ്ടാണോ രാഹുല്‍ ഗാന്ധി അവരെക്കുറിച്ച് ഇപ്പോള്‍ ഒരക്ഷരം മിണ്ടാത്തത് എന്ന് തെലങ്കാനയിലെ കരിംനഗറിലെ തിരഞ്ഞെടുപ്പു റാലിയില്‍ പ്രധാനമന്ത്രി മോദി ചോദിച്ചത് യഥാര്‍ഥത്തില്‍ രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കണം. കഴിഞ്ഞ പത്തുവര്‍ഷമായി രാഹുല്‍ ഗാന്ധി ഇന്ത്യയിലെ അഞ്ച് വന്‍കിട വ്യവസായികളുമായി മോദിക്കുള്ള ബന്ധത്തെക്കുറിച്ച് നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കയായിരുന്നു. എല്‍.കെ അദ്വാനിയെയും ജസ്വന്ത് സിംഗിനെയും ഒഴിവാക്കി മോദി ഡല്‍ഹിയില്‍ അദാനിയോടൊപ്പം ഭരണം തുടങ്ങിയെന്ന് 2014-ല്‍ ജമ്മു-കശ്മീരില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിച്ചതിന്റെ വീഡിയോയുണ്ട്. ഫ്രാന്‍സില്‍ നിന്ന് റഫാല്‍ പോര്‍വിമാനങ്ങള്‍ ഇറക്കുമതി ചെയ്തതില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിക്കുവേണ്ടി മോദി വഴിവിട്ട രീതിയില്‍ നേരിട്ട് ഇടപെടുകയും കോടികളുടെ അഴിമതി നടത്തുകയും ചെയ്തു എന്ന ആരോപണത്തിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസില്‍ മാപ്പുചോദിക്കേണ്ടി വന്ന രാഹുല്‍ ഗാന്ധി പിന്നീട് അദാനിയുമായുള്ള മോദിയുടെ ബന്ധം എന്താണെന്ന് പാര്‍ലമെന്റില്‍ ചോദിച്ചതിന്റെ പേരിലാണ് ലോക്സഭയില്‍ നിന്ന് പുറത്താക്കപ്പെടാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞത്.
‘മോദാനി’ വാഴ്ചയെക്കുറിച്ച് കോണ്‍ഗ്രസ് ഉന്നയിച്ച നൂറു ചോദ്യങ്ങള്‍ക്ക് ഒരിക്കല്‍ പോലും മറുപടി പറയാതിരുന്ന പ്രധാനമന്ത്രി ഈ തിരഞ്ഞെടുപ്പില്‍ പൊടുന്നനെ റഫാല്‍, അംബാനി, അദാനി തുടങ്ങിയ ‘നിഷിദ്ധ നാമങ്ങള്‍’ ഉച്ചരിക്കുകയും, അംബാനി-അദാനിമാരുടെ കള്ളപ്പണം കെട്ടുകണക്കിന് കോണ്‍ഗ്രസിനു കിട്ടുന്നുണ്ടെന്ന് തുറന്നടിക്കുകയും ചെയ്യുന്നത് കാര്യമായ ഒരു പന്തികേടിന്റെ സൂചനയാണ്. വാസ്തവത്തില്‍ രാഹുല്‍ ഗാന്ധി മിക്ക ദിവസവും അദാനിയെ പേരെടുത്തു പറഞ്ഞ് മോദിയുടെ സാമ്പത്തിക നയത്തിന്റെ മുഖ്യഗുണഭോക്താക്കളെ ഓരോ തിരഞ്ഞെടുപ്പു പ്രചാരണവേദിയിലും തുടരെത്തുടരെ അനുസ്മരിക്കുന്നുണ്ട്. ഇതിന്റെ വീഡിയോ തെളിവുകള്‍ മോദിക്കു കാണാന്‍ ഒരു പ്രയാസവുമില്ലതാനും. മോദി പറയുംപോലെ ”ഈ പരിപ്പില്‍ എന്തോ കലര്‍പ്പുണ്ട്!” അദാനിയുടെയും അംബാനിയുടെയും മീഡിയ ശൃംഖലകള്‍ മോദിയുടെ കരിംനഗറിലെ പ്രസംഗം എങ്ങനെയാവും വ്യാഖ്യാനിക്കുക! ഉര്‍ദുവില്‍ ശഹ്സാദാ (രാജകുമാരന്) എന്ന് ഗാന്ധി കുടുംബവാഴ്ചയെ ആക്ഷേപിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിയെ വിളിച്ച് പരിഹസിക്കാറുള്ള മോദി, തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രതികൂലമായിക്കൊണ്ടിരിക്കുമ്പോള് തന്റെ ഗുജറാത്തി കോടീശ്വര ലോബിയെ പോലും അവിശ്വസിക്കാന്‍ തുടങ്ങുന്നത് ആരെയൊക്കെയാകും വിറളിപിടിപ്പിക്കുക?
മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടമായി ബിജെപിയുടെ തിരഞ്ഞെടുപ്പു പരസ്യങ്ങളില്‍ രാജ്യവ്യാപകമായി കൊട്ടിഘോഷിക്കുന്നതാണ് ജമ്മു-കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി – ആര്‍ട്ടിക്കിള്‍ 370, 35എ – ഇന്ത്യന്‍ പാര്‍ലമെന്റ് 2019 ഓഗസ്റ്റില്‍ റദ്ദാക്കിയത്. ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി ഇല്ലാതാക്കി, ജമ്മു-കശ്മീര്‍, ലദ്ദാഖ് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി അതിനെ വിഭജിക്കുകയും ചെയ്തു. ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്ര അജന്‍ഡയില്‍ എന്നും മുന്‍ഗണന നല്‍കിവന്ന പ്രധാന വിഷയമാണ് മുസ് ലിം ഭൂരിപക്ഷ മേഖലയായ ജമ്മു-കശ്മീരിന്റെ സവിശേഷ ഭരണഘടനാ ആനുകൂല്യങ്ങള്‍ക്ക് അറുതിവരുത്തല്‍. ”ജമ്മു-കശ്മീരില്‍ സമാധാനവും ജനങ്ങള്‍ക്ക് പ്രത്യാശയും സന്തോഷവും വികസനവും സമ്മാനിച്ച മോദി” 2019-നു ശേഷം ആദ്യമായി ശ്രീനഗറിലെത്തുന്നത് 2024-ലെ ഈ തിരഞ്ഞെടുപ്പുകാലത്താണ്.
ഹിന്ദു ഭൂരിപക്ഷ മേഖലയായ ജമ്മുവിലും ബുദ്ധമതക്കാര്‍ക്കു ഭൂരിപക്ഷമുള്ള ലദ്ദാഖിലും ഇക്കുറി ബിജെപി മത്സരിക്കുന്നുണ്ടെങ്കിലും കശ്മീര്‍ താഴ് വരയില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള ധൈര്യം മോദി-അമിത് ഷാ കൂട്ടുകെട്ടിനില്ലാത്തത് എന്തുകൊണ്ട് എന്ന ഏറ്റവും പ്രസക്തമായ രാഷ് ട്രീയ ചോദ്യം ഉന്നയിക്കാന്‍ ഒരു ദേശീയ മാധ്യമവും ധൈര്യപ്പെടുന്നില്ല എന്നത് ആശ്ചര്യകരമല്ലേ?
കശ്മീരിലെ അനന്തനാഗ്-രാജൗരി ലോക്സഭാ മണ്ഡലത്തില്‍ മേയ് ഏഴിനു നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് മേയ് 25-ന് ആറാം ഘട്ടത്തിലേക്ക് മാറ്റാന്‍ ഇലക് ഷന് കമ്മിഷനെ ബിജെപി നിര്‍ബന്ധിച്ചത്, പീര്‍ പഞ്ജാല്‍ താഴ് വരയിലെ നാടോടി ഗോത്രവര്‍ഗക്കാര്‍ കൂട്ടത്തോടെ മലമുകളിലെ മേച്ചില്‍പ്പുറങ്ങളിലേക്ക് ദേശാന്തരഗമനം നടത്തുന്ന സീസണ് നോക്കിയാണെന്ന് മുന്‍മുഖ്യമന്ത്രിമാരായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹ്ബൂബാ മുഫ്തിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ലയും ആരോപിക്കുന്നു. മുഫ്തിയുടെ സ്വന്തം തട്ടകമായ അനന്തനാഗിന്റെ ജനസംഖ്യാഘടന മാറ്റിമറിക്കാനായി 2022-ല്‍ ഡിലിമിറ്റേഷന്‍ കമ്മിഷന് ആ ലോക്സഭാ മണ്ഡലത്തില്‍ ജമ്മു ജില്ലയില്‍ നിന്ന് പൂഞ്ച്, രാജൗരി ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും പുല്‍വാമ, ശോപിയാം മേഖലയെ വെട്ടിമാറ്റുകയും ചെയ്തു. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള പഹാഡികള്‍ക്ക് പട്ടികവര്‍ഗ പദവി നല്കി, ഇതില്‍ എതിര്‍പ്പുകാണിച്ച ഗുജ്ജര്‍ സമുദായത്തില്‍ നിന്ന് ആദ്യമായി ഗുലാം അലി ഘട്ടാനയെ രാജ്യസഭാംഗമാക്കി, ബകര്‍വാല്‍ സമുദായത്തെയും പ്രീണിപ്പിച്ചു. അനന്തനാഗിലെ കശ്മീരി സംസാരിക്കുന്നവരുടെ ആധിപത്യത്തിനു തടയിടാന്‍ ഗോത്രവര്‍ഗക്കാരെ പുനര്‍വിന്യസിപ്പിച്ച് അമിത് ഷാ നടത്തിയ കളികള്‍ വേണ്ടത്ര ഫലിക്കുന്നില്ല എന്നു ബോധ്യമായതിനാലാണ് അനന്തനാഗ്-രാജൗരി പോളിങ് നീട്ടിക്കൊണ്ടുപോകുന്നത്. ശ്രീനഗര്‍, ബാരാമുള്ള മണ്ഡലങ്ങളില്‍ നിന്നും ബിജെപി ഒളിച്ചോടുന്നതും കശ്മീരി ജനത മോദി പറയുന്നതുപോലെ അദ്ദേഹത്തെ ഹൃദയത്തിലേറ്റുന്ന സ്വന്തം ‘പരിവാര്‍’ ആകാന്‍ ഒരു സാധ്യതയുമില്ലെന്ന തിരിച്ചറിവുകൊണ്ടാകണം.
അമേഠിയില്‍ നിന്ന് രാഹുല്‍ ഗാന്ധി പേടിച്ചോടി എന്ന് ആക്ഷേപിക്കുന്ന മോദിക്ക് ഇപ്പോള്‍ നിത്യവും കൈയില്‍ കാണുന്ന ആ താമരചിഹ്നവുമായി കശ്മീര്‍ താഴ് വരയിലേക്കിറങ്ങാന് എന്തേ ഇത്ര ഭയപ്പാട്?