ന്യൂഡല്‍ഹി : കൊവിഡ് വാക്സിനുകള്‍ സ്വീകരിച്ചവരില്‍ അപൂര്‍വമായെങ്കിലും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിൽ കൊവിഷീല്‍ഡ് വാക്സിനുകള്‍ പിൻവലിച്ച് മരുന്ന് നിര്‍മാണ കമ്പനിയായ ആസ്ട്രാസെനക. വാക്സിൻ സ്വീകരിച്ചവരില്‍ അപൂര്‍വമായി പാര്‍ശ്വഫലങ്ങള്‍ കണ്ടേക്കാം എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. എന്നാല്‍, വാണിജ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് വിപണിയില്‍ നിന്നും വാക്സിനുകള്‍ പിൻവലിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.
കൊവിഡ് മഹാമാരിയെ നേരിടാൻ ആസ്ട്രാസെനകയും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്നാണ് കൊവിഷീല്‍ഡ് വാക്സിൻ വികസിപ്പിച്ചത്. സീറം ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു ഇന്ത്യയില്‍ വാക്സിന്റെ ഉത്പാദനവും വിതരണവും നിര്‍വഹിച്ചത്. ഉത്പാദിപ്പിക്കുന്നതിനുള്ള അവകാശം നിര്‍മാതാക്കളില്‍ നിന്ന് എടുത്തുകളഞ്ഞ ആസ്ട്രസെനക വാക്സിന്റെ ഉപയോഗം തടഞ്ഞതായാണ് വിവരം.
രക്തം കട്ടപിടിക്കുന്നതിനും, പ്ലേറ്റ്ലറ്റുകളുടെ എണ്ണക്കുറവിനും ഇടയാക്കുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപെനിയ സിൻഡ്രം (ടി ടി എസ്) ആസ്ട്രാസെനക്കയുടെ കൊവിഷീൽഡ്, വാക്സിനെടുത്തവർക്ക് കൂടുതലായി വരാൻ സാധ്യതയുള്ളതായാണ് പ്രചാരണം നടക്കുന്നത്. ഇതേ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരാണ്. ആസ്ട്ര സെനക്കയുടെ കൊവിഷീൽഡ് വാക്സിനും, ജോൺസൺ ആൻ്റ് ജോൺസണ് കമ്പനിയുടെ കൊവിഡ് വാക്സിനും എടുത്തവർക്ക് ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു .