കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. ഇതില്‍ നാല് പേര് കോഴിക്കോട് ജില്ലക്കാരാണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്.
രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസര്‍ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്നൈല്‍ ഫീവറാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സ്രവങ്ങള്‍ പുനെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാല്‍ തളര്‍ച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങളും ഇതിന് സമാനമാണ്. ഈ സാഹചര്യത്തില്‍ രോഗബാധയുണ്ടായ ചിലര്‍ക്ക് മസ്തിഷ്കജ്വരത്തിന്റെ ചികിത്സയാണ് ആദ്യം നല്‍കിയതെന്നാണ് വിവരം.
ക്യൂലക്സ് കൊതുകുകളാണ് വെസ്റ്റ്നൈല്‍ ഫീവര്‍ പരത്തുന്നത്. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല. രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാവുക. പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതല്‍ അപകടകരമാകും.