റിയോ ഗ്രാന്‍ഡെ ഡോ സുള് : ബ്രസീലിലെ തെക്കന്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ കനത്ത മഴ. ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ദുരന്തമെന്നാണ് വിലയിരുത്തല്‍. കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും സംസ്ഥാനം സാക്ഷ്യം വഹിച്ചു. 37 പേര് ദുരന്തത്തില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.
74 പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. തകര്‍ന്ന വീടുകളുടെയും പാലങ്ങളുടെയും റോഡുകളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നു. കടുത്ത കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ എഡ്യുറാഡോ ലെയ്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന. ദുരന്തബാധിത മേഖലയ്ക്ക് എല്ലാ പിന്തുണയും പ്രസിഡന്റ് ലൂയിസ് ഇനേഷ്യോ ലുല ഡ സില്‍വ അറിയിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ മനുഷ്യവിഭവശേഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.