മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളി ദുരന്തങ്ങള്‍ക്ക് ഉത്തരവാദിത്വം ഏല്ക്കേണ്ടത് പ്രാഥമികമായി സംസ്ഥാന ഫിഷറീസ്-ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പും അദാനി വിഴിഞ്ഞം പോര്‍ട്ട് (എവിപിപിഎല്‍) കമ്പനിയുമാണ്. മത്സ്യബന്ധന തുറമുഖത്തിനായുള്ള അശാസ്ത്രീയമായ പുലിമുട്ട് (ബ്രേക്ക് വാട്ടര്‍) നിര്‍മാണമാണ് പൊഴിമുഖത്തെ മരണച്ചുഴിയാക്കുന്ന അസാധാരണമായ പ്രക്ഷുബ്ധതയ്ക്കു കാരണമെന്നു പറഞ്ഞൊഴിയാന്‍ ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പിന് ആവുകയില്ല. ഐഐടി മദ്രാസ് ഓഷ്യന്‍ എന്‍ജിനിയറിങ് ഡിപ്പാര്‍ട്ടുമെന്റ് രൂപകല്പന ചെയ്ത ഈ ഹാര്‍ബര്‍ പദ്ധതിയുടെ നിര്‍മാണച്ചുമതല രണ്ടായിരാമാണ്ടു മുതല്‍ വഹിക്കുന്നത് സംസ്ഥാന ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പാണ്. ഇന്ത്യയില്‍ മറ്റൊരു ഫിഷിങ് ഹാര്‍ബറിലും ഉണ്ടാകാത്ത ദുരന്ത പ്രതിഭാസമാണ് മുതലപ്പൊഴിയില്‍ തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഭയാനകമായ അപകടങ്ങള്‍.
ഹാര്‍ബര്‍ തടത്തിലും ബോട്ടുചാലിലും പൊഴിമുഖത്തും ചിതറിക്കിടക്കുന്ന കരിങ്കല്‍പാളികളും ടെട്രാപോഡുകളും അവിടെ അടിഞ്ഞുകൂടിയിട്ടുള്ള മണല്‍തിട്ടകളും നീക്കം ചെയ്യാനും മത്സ്യബന്ധന യാനങ്ങള്‍ക്കായി ചാനലില്‍ അഞ്ചു മീറ്റര്‍ ആഴം ഉറപ്പാക്കാനും ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പുമായി 2018-ല്‍ എംഒയു ഒപ്പുവച്ച അദാനി കമ്പനി 2021-നുശേഷം അവിടെ ഡ്രെജിങ് നടത്തിയിട്ടേയില്ല.
2024 മേയ് വരെ കാലാവധിയുള്ള ആ എംഒയു അനുസരിച്ച് അടിയന്തരമായി പൊഴിമുഖത്തെയും ബോട്ടുചാലിലെയും കല്ലുകളും അവശിഷ്ടങ്ങളും മണല്‍തിട്ടകളും നീക്കി സുരക്ഷിതമായ ഗതാഗതം ഉറപ്പുവരുത്തണമെന്ന് കഴിഞ്ഞ ജൂലൈയില്‍ നാലു മത്സ്യത്തൊഴിലാളികളുടെ കൂട്ടമരണത്തിന് ഇടയാക്കിയ അപകടത്തിനു ശേഷം ഫിഷറീസ്-ഹാര്‍ബര്‍ എന്‍ജിനിയറിങ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ അദാനി കമ്പനിക്ക് നിര്‍ദേശം നല്‍കിയതാണ്. കേന്ദ്ര ഫിഷറീസ് മന്ത്രി പുരുഷോത്തം രൂപാലയും സഹമന്ത്രി ലോകനാഥന് മുരുഗനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും അന്ന് കേന്ദ്രത്തില്‍ നിന്നുള്ള മൂന്നംഗ വിദഗ്ധ സമിതിയോടൊപ്പം മുതലപ്പൊഴി സന്ദര്‍ശിച്ചപ്പോഴും അദാനി കമ്പനി അക്കാര്യം ഏറ്റതായി പ്രഖ്യാപിച്ചിരുന്നു.
ലോങ് ബൂം ക്രെയിനും എക്സ്കവേറ്ററുകളുമായി അദാനി ഗ്രൂപ്പ് പിറ്റേന്നുതന്നെ പാറയും മണലും നീക്കുമെന്ന് മന്ത്രി സജി ചെറിയാന് പ്രഖ്യാപിച്ചെങ്കിലും, തങ്ങളുടെ പക്കലുള്ളത് ടയറില്‍ നീങ്ങുന്ന ക്രെയിനാണെന്നും ആര്‍മേഡ് ടാങ്കിലേതുപോലുള്ള ചെയിനുള്ള ക്രെയിന്‍ ഇല്ലാത്തതിനാല്‍ മുതലപ്പൊഴി ഹാര്‍ബറിലെ കൂറ്റന്‍ കല്ലുകള്‍ നീക്കാന്‍ കഴിയില്ലെന്നുമുള്ള ഖേദപ്രകടനവുമായി രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പേഴ്സും ബഹുരാഷ്ട്ര ഹാര്‍ബര്‍ നിര്‍മാതാക്കളുമായ അദാനി ഗ്രൂപ്പ് ഉടന്‍ പിന്‍വലിയുകയാണുണ്ടായത്. 2019-2021 കാലയളവില്‍ ഗ്രാബ് ഡ്രെജറും കട്ടര്‍ സക് ഷന് ഡ്രെജറുമൊക്കെയായി തുടര്‍ച്ചയായി തങ്ങള്‍ ‘സൗജന്യമായി’ മുതലപ്പൊഴിയില്‍ ഡ്രെജിങ് നടത്തിയെന്നും, തൗക്തേ ചുഴലിക്കാറ്റില്‍ തകര്‍ന്ന മുതലപ്പൊഴിയുടെ തെക്കുഭാഗത്തെ പുലിമുട്ടില്‍ നിന്ന് ചിതറിതെറിച്ച കരിങ്കല്ലും ടെട്രാപോഡും നീക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നും തുടര്‍ന്ന് അവര്‍ ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പിനൊരു കുറിപ്പും നല്കി. പൊഴിമുഖത്ത് ചിതറികിടക്കുന്ന കല്ലുകള്‍ നീക്കാന്‍ ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് ടെന്‍ഡര്‍ വിളിച്ചതുതന്നെ തങ്ങളുടെ വാദം സ്ഥിരീകരിക്കുന്നുവെന്നും എങ്കിലും അതിനുള്ള ചെലവിന്റെ പകുതി വഹിക്കാന്‍ തങ്ങള്‍ സന്നദ്ധരാണെന്നും അദാനി ഗ്രൂപ്പ് ‘ഔദാര്യപൂര്‍വം’ അറിയിക്കുകയും ചെയ്തു.
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് പദ്ധതിയില്‍ നാലു കിലോമീറ്ററോളം വരുന്ന ബ്രേക്ക് വാട്ടര്‍ നിര്‍മാണത്തിനായി പശ്ചിഘട്ടമലനിരകള് തുരന്ന് കൊണ്ടുവന്ന 80 ലക്ഷം ടണ്‍ കരിങ്കല്ലിന്റെ നല്ലൊരു ഭാഗം റോഡ് മാര്‍ഗം മുതലപ്പൊഴിയിലെത്തിച്ച് അവിടെ നിന്ന് ബാര്‍ജുകളില്‍ വിഴിഞ്ഞത്തെ വര്ക്ക്സൈറ്റിലേക്കു കൊണ്ടുപോകാനുള്ള ലോജിസ്റ്റിക്സിന്റെ ഭാഗമായി അദാനി കമ്പനി മുതലപ്പൊഴി ഹാര്‍ബറിന്റെ തെക്കുഭാഗത്തായി ഒരു വാര്‍ഫ് നിര്‍മിക്കുകയും പെരുമാതുറയിലെ ഗോള്‍ഡന്‍ ബീച്ചില്‍ 15 ഏക്കര്‍ ഭൂമി വളച്ചെടുത്ത് കരിങ്കല്ല് ശേഖരിക്കുന്ന സ്റ്റോക്ക് യാര്‍ഡാക്കി മാറ്റുകയും ചെയ്തിട്ടാണ് ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പുമായി ‘ഉദാരവ്യവസ്ഥയില്‍’ ഡ്രെജിങ് എംഒയു ഒപ്പുവച്ചത്. 259 മീറ്റര്‍ നീളം വരുന്ന താഴമ്പള്ളി-പെരുമാതുറ പാലവും ഗോള്‍ഡന്‍ ബീച്ചും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുമ്പോള്‍, മുതലപ്പൊഴിയില്‍ വിനോദസഞ്ചാരികളുമായെത്തുന്ന ക്രൂസ് കപ്പലുകള്‍ അടുപ്പിക്കാന്‍ വരെ സൗകര്യമൊരുക്കാനാവും എന്ന അദാനി ഗ്രൂപ്പിന്റെ പ്രലോഭനവും കൂട്ടത്തിലുണ്ടായിരുന്നു. ബാര്‍ജുകള്‍ അടുക്കാനുള്ള വാര്‍ഫിനായി മുതലപ്പൊഴി ഹാര്‍ബറിന്റെ തെക്കുവശത്തെ പുലിമുട്ടിന്റെ കുറെഭാഗം അദാനി കമ്പനി ഇടിച്ചുനിരത്തുകയും ചെയ്തു.
2019 ഡിസംബറില്‍ കമ്മിഷന് ചെയ്യേണ്ടിയിരുന്ന വിഴിഞ്ഞം ആഴക്കടല്‍ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖത്തിന്റെ ട്രയല്‍ റണ്‍ വാര്‍ത്തകള്‍ ഇപ്പോള്‍ ഇടതുമുന്നണി സര്‍ക്കാര്‍ വലിയ ആഘോഷമാക്കുമ്പോഴും, പെരുമാതുറ കടപ്പുറത്തേക്ക് പ്രദേശവാസികള്‍ക്ക് പ്രവേശനം നിരോധിച്ച് പത്തടി ഉയരത്തില്‍ ഇരുമ്പുമറ തീര്‍ത്തിരിക്കയാണ് അദാനി കമ്പനി.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 360 ഏക്കര്‍ ഭൂമി സ്വന്തമാക്കുകയും 165 ഏക്കര്‍ കടല്‍ നികത്തിയെടുക്കുകയും ചെയ്ത ആ കമ്പനിയുടെ മുതലപ്പൊഴി യാര്‍ഡിന്റെ രൂപപരിണാമം എന്താവും?
വിഴിഞ്ഞത്തെ പുലിമുട്ടു നിര്‍മാണത്തിനു സമാന്തരമായി, മുതലപ്പൊഴിയിലെ അശാസ്ത്രീയമായ നിര്‍മിതികളുടെ അനന്തരഫലമായി വടക്കുഭാഗത്തെ താഴമ്പള്ളി, പൂത്തുറ, അഞ്ചുതെങ്ങ്, മാമ്പള്ളി കടലോരഗ്രാമങ്ങളില് അതിരൂക്ഷമായ തീരശോഷണം മൂലം നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് പുരയിടങ്ങളും വസ്തുവകകളും ജീവനോപാധികളും നഷ്ടപ്പെടുന്നതിനിടെ, ഫിഷറീസ് ഹാര്‍ബറിന്റെ തെക്കുഭാഗത്തായി പെരുമാതുറ ബീച്ച് ഭാഗത്ത് പുതുതായി കരവയ്പുണ്ടാകുന്നുണ്ട്. തീരക്കടലിലെ മനുഷ്യനിര്‍മിത ഖരഘടനകളുടെ ഇരുഭാഗത്തുമായി സംഭവിക്കുന്ന തീരശോഷണത്തിന്റെയും തീരപരിപുഷ്ടിയുടെയും സ്വാഭാവിക പ്രതിഭാസമാണിത്. മുതലപ്പൊഴിയിലെ ദുരന്തസാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള ആദ്യ പ്രതിവിധിയായി പുനെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന് (സിഡബ്ല്യുപിആര്‍എസ്) 2011-ല്‍ നിര്‍ദേശിച്ചത്, തെക്കുഭാഗത്ത് അടിഞ്ഞുകൂടുന്ന മണല്‍ തീരശോഷണം നടക്കുന്ന വടക്കുഭാഗത്തേക്ക് മാറ്റുക എന്നതാണ്: സാന്‍ഡ് ബൈപാസിങ്. കടല്‍ കൊണ്ടുവന്നുവയ്ക്കുന്ന പുതുതീരത്തുനിന്ന് തുടര്‍ച്ചയായി മണല്‍, ശോഷണം സംഭവിക്കുന്നയിടത്തേക്ക് പമ്പു ചെയ്യുകയോ ട്രക്കുകളില്‍ നീക്കുകയോ ചെയ്യുന്ന ടെക്നിക്കാണിത്. വിശാഖപട്ടണം തുറമുഖത്ത് മണ്ണടിയുന്നതു തടയാന്‍ ഡ്രെജിങ് കോര്പറേഷന് ഓഫ് ഇന്ത്യ പോര്‍ട്ടിന്റെ തെക്കുഭാഗത്തു നിന്ന് രണ്ടു ലക്ഷം ക്യുബിക് മീറ്റര്‍ മണ്ണ് വടക്കുഭാഗത്തെ രാമകൃഷ്ണ ബീച്ചിലേക്കു മാറ്റുന്നുണ്ട്. ചെലവ് പ്രതിവര്‍ഷം 15 കോടി രൂപ! പുതുച്ചേരിയിലും ഈ പദ്ധതി വിജയിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയില്‍ നാലു ജീവനെടുത്ത മുതലപ്പൊഴിയിലെ അപകടത്തെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന് പ്രഖ്യാപിച്ച 10 അടിയന്തര നടപടികളിലൊന്ന് ഈ സാന്‍ഡ് ബൈപാസിങ് ആയിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ ലോറിയില്‍ മണല്‍ കയറ്റികൊണ്ടുപോകാന്‍ ഒരു കോടി കൈയൊടെ അനുവദിച്ചു, 11 കോടിയുടെ പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും ഉറപ്പുനല്‍കി.
എന്നാല്‍ പെരുമാതുറയില്‍ അദാനിയുടെ യാര്‍ഡും വാര്‍ഫും നിലനില്‍ക്കുന്നിടത്തോളം കാലം, വിശേഷിച്ച് തീരപോഷണത്തിലൂടെ ബീച്ചിന്റെ വിസ്തീര്‍ണം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടെ നിന്ന് സാന്‍ഡ് ബൈപാസിങ് നടക്കുകയില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്!
മുതലപ്പൊഴി ഹാര്‍ബറില്‍ ആറ് ഹൈമാസ്റ്റ് വിളക്കുകള്‍ ഒരാഴ്ചയ്ക്കകം സ്ഥാപിക്കും, രക്ഷാപ്രവര്‍ത്തനത്തിന് നിലവിലുള്ള എട്ട് ഡൈവിങ് വിദഗ്ധര്‍ക്കു പുറമെ 22 പേരെകൂടി നിയമിച്ച് മൂന്നു ഷിഫ്റ്റിലായി 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കും, മൂന്ന് സ്പീഡ് ബോട്ടുകളും മറൈന്‍ ആംബുലന്‍സും എയര്‍ ആംബുലന്‍സും ലഭ്യമാക്കും, മണല്ത്തിട്ടകളുള്ള ഭാഗം അടയാളപ്പെടുത്താനായി റിമോട്ട് കണ്ട്രോള് ബോയകള്‍ വിന്യസിക്കും തുടങ്ങിയ വാഗ്ദാനങ്ങളും ഫിഷറീസ് മന്ത്രിയുടെ പ്രഖ്യാപനത്തിലുണ്ടായിരുന്നു. അശാസ്ത്രീയ നിര്‍മിതിയുടെ ദുരന്താഘാതം ലഘൂകരിക്കുന്നതിന് സിഡബ്ല്യുപിആര്‍എസ് നടത്തിയ മാതൃകാപഠനത്തിന്റെ അടിസ്ഥാനത്തില്‍ മുതലപ്പൊഴി ഹാര്‍ബര്‍ വികസനത്തിനായി 164 കോടി രൂപയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സജി ചെറിയാന് മുഖ്യമന്ത്രിക്കു സമര്‍പ്പിക്കുകയും ചെയ്തു.
ഉഗ്രശക്തിയോടെ പൊഴിമുഖത്ത് തിരമാലകള്‍ ആഞ്ഞടിച്ച് ബോട്ടുകളെ തകിടം മറിക്കുന്നതിനു പ്രതിവിധിയായി ഹാര്‍ബറിന്റെ പ്രവേശനമാര്‍ഗം വടക്കുപടിഞ്ഞാറു ഭാഗത്തേക്കു മാറ്റാനാണ് സിഡബ്ല്യുപിആര്‍എസ് നിര്‍ദേശിച്ചിട്ടുള്ളത്. തെക്കുവശത്തെ പുലിമുട്ടിന്റെ അലൈന്മെന്റ് മാറ്റേണ്ടതുണ്ട് – 575 മീറ്റര്‍ പടിഞ്ഞാറോട്ടു നീട്ടി അവിടെ നിന്ന് 170 മീറ്റര്‍ വടക്കോട്ട് തിരിഞ്ഞ്, വടക്കുപടിഞ്ഞാറു ഭാഗത്തായി 147 മീറ്റര്‍ വീതിയിലാകണം പ്രവേശനമാര്‍ഗം. ടെട്രാപോഡ് ബ്ലോക്കുകളുടെ പുനഃക്രമീകരണം ഉള്‍പ്പെടെ ചില ബദല്‍ തന്ത്രങ്ങള്‍ അവര്‍ നിര്‍ദേശിക്കുന്നുണ്ട്. പ്രതിവര്‍ഷം 6,500 ടണ്‍ മത്സ്യം വിപണിയിലെത്തിക്കുകയും, 300 ദിവസമെങ്കിലും സുരക്ഷിതമായി മത്സ്യത്തൊഴിലാളികള്‍ക്ക് കടല്‍പ്പണിക്കു പോകാന്‍ വഴിയൊരുക്കുകയും ചെയ്യേണ്ട ഈ ഹാര്‍ബര്‍, കടല്‍ പ്രക്ഷുബ്ധമാകുമ്പോഴൊക്കെ അടച്ചിടാന്‍ ഭരണകൂടത്തിലെ ചില വിദഗ്ധര്‍ ഉപദേശിക്കുന്നുമുണ്ടത്രെ.
വിഴിഞ്ഞം ഫിഷിങ് ഹാര്‍ബറിന്റെ നാശം അദാനിയും കൂട്ടരും ഉറപ്പാക്കികഴിഞ്ഞു. ഇനി ജില്ലയില്‍ അവശേഷിക്കുന്നത് മുതലപ്പൊഴി ഹാര്‍ബറാണ്. ഇവിടെ പണിയെടുത്തു ജീവിക്കുന്ന ഇരുപതിനായിരം തൊഴിലാളികള്‍ എവിടേക്കാണ് പോകേണ്ടത്?
മുതലപ്പൊഴിയില്‍ അപകടമരണങ്ങള്‍ ഇല്ലാതാക്കാന്‍ എന്തു നടപടി സ്വീകരിച്ചു എന്നതിന് വിശദമായ റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് തുറമുഖ വകുപ്പു സെക്രട്ടറി, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍, തീരദേശ പൊലീസ് മേധാവി, ദുരന്തനിവാരണ അതോറിറ്റി എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. 2006-നുശേഷം മുതലപ്പൊഴിയില്‍ 726 അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 73 പേര് മരിച്ചു; 700 പേര്‍ക്ക് പരിക്കേറ്റു. ബോട്ടുകളും വള്ളങ്ങളും തകര്‍ന്നും വലകളും മറ്റ് ഉരുപ്പടികളും നഷ്ടപ്പെട്ടും കോടികളുടെ നഷ്ടമുണ്ടായിട്ടുണ്ട്. തൊഴിലിടത്തിലെ അപകടമരണങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഇവിടെ നീതിപൂര്‍വം ആര്‍ക്കെങ്കിലും ലഭിക്കുന്നുണ്ടോ? ഒരു കുടുംബത്തിന്റെ ഏക ആശ്രയമായ ചെറുപ്പക്കാരന് ദാരുണമായി കൊല്ലപ്പെടുകയും ലക്ഷങ്ങളുടെ കടബാധ്യതയുള്ള ബോട്ടു നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരമെങ്കിലും പ്രഖ്യാപിക്കാന്‍ തീരദേശക്കാര്‍ ഉപരോധ സമരം നടത്തേണ്ടതുണ്ടോ? ആശ്രിതര്‍ക്ക് ജോലി വാഗ്ദാനം ഓഖി പാക്കേജിലേതുപോലെയായാലോ?
കഴിഞ്ഞ ജൂലൈയിലെ അപകടത്തില്‍ നാല് കുടുംബങ്ങള്‍ അനാഥമായ പുതുക്കുറിച്ചിയില്‍ നിന്നുള്ള ജോണ്‍ ഫെര്‍ണാണ്ടസ് എന്ന മത്സ്യത്തൊഴിലാളിയാണ് ഇക്കഴിഞ്ഞ ദിവസം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മരിച്ചത്. കൂടെയുണ്ടായിരുന്ന അഞ്ചുപേര്‍ നീന്തി രക്ഷപ്പെട്ടു. ജൂലൈയില്‍ പുലര്‍ച്ചെ നടന്ന അപകടത്തില്‍പെട്ട നാലുപേരില്‍ മൂന്നുപേരെക്കുറിച്ച് ഒരു വിവരവുമില്ലാതിരിക്കെ രക്ഷാപ്രവര്‍ത്തനത്തില്‍ അനാസ്ഥ കാണിക്കുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍, ഉച്ചയോടെ സ്ഥലം സന്ദര്‍ശിച്ച ജില്ലയിലെ മൂന്നു മന്ത്രിമാരുടെ സംഘത്തെ തെരുവില്‍ തടഞ്ഞപ്പോള്‍ ടിവി ചാനലുകാരുടെ മുമ്പില്‍ ഷോ കാണിക്കേണ്ട എന്നാണ് അവരിലെ തലമൂത്ത സിപിഎം മന്ത്രി ക്ഷോഭിച്ചത്. ദുഃഖാര്‍ത്തരായ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ അവിടെ തിരുവനന്തപുരം ആര്ച്ച്ബിഷപ്പിനോടൊപ്പം എത്തിയ അതിരൂപതാ വികാരി ജനറലിനെ കണ്ടപ്പോള്‍ രോഷം മുഴുവന്‍ അദ്ദേഹത്തിനു നേരെയായി. ജനങ്ങളെ കലാപത്തിനു പ്രേരിപ്പിച്ചു, വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്നിങ്ങനെ ഭ്രാന്തമായ ആക്രോശങ്ങള്‍ മന്ത്രി നടത്തിയതിനു പിന്നാലെ അഞ്ചുതെങ്ങ് പൊലീസ് ജാമ്യമില്ലാ വകുപ്പില്‍ സ്വമേധയാ അങ്ങ് കേസെടുക്കുകയും ചെയ്തു. തീരദേശ ജനതയുടെ നിലനില്പുതന്നെ അപകടത്തിലാക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി നടത്തിപ്പിന്റെ അപാകതകള്‍ ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികള്‍ നടത്തിയ 140 ദിവസം നീണ്ട സമരം അടിച്ചമര്‍ത്താന്‍ പ്രയോഗിച്ച ഭീകരവാഴ്ചയിലെ വൈകൃതങ്ങളുടെ ആവര്‍ത്തനം. വിഴിഞ്ഞം സമരത്തിന്റെ ഏഴ് ആവശ്യങ്ങളിലൊന്ന് മുതലപ്പൊഴി ഹാര്‍ബറിലെ അപകടമരണങ്ങള്‍ക്ക് അറുതിവരുത്തുക എന്നതായിരുന്നു.
കൊല്ലങ്കോട്, പരുത്തിയൂര്‍ മുതല്‍ വര്‍ക്കല വരെയുള്ള തിരുവനന്തപുരം തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതവുമായി ഇഴുകിചേര്ന്നുകഴിയുന്ന സഭാനേതൃത്വത്തെ അവഹേളിച്ചുകൊണ്ട്, സഭാ പ്രതിനിധികളെ പാടേ അകറ്റിനിര്‍ത്തിക്കൊണ്ടാണ് സജി ചെറിയാനും കൂട്ടരും മുതലപ്പൊഴിയില്‍ ചര്‍ച്ച നടത്തി ഓഗസ്റ്റില്‍ ആ പൊള്ളപാക്കേജ് പ്രഖ്യാപിച്ച് എന്തിനോ ഊറ്റംകൊണ്ടത്. മത്സ്യത്തൊഴിലാളികളോടുള്ള കരുതലില്‍ തൊഴിലാളിവര്‍ഗ പാര്‍ട്ടിക്ക് ഇത്രയ്ക്ക് അസഹിഷ്ണുത നിറഞ്ഞ എക്സ്ക്ലൂസീവ് സ്വാര്‍ഥത പാടുണ്ടോ? കൊടുംവേനലിന്റെ വറുതിയില്‍ കാറുംകോളുമൊന്നുമില്ലാതെ 11 മീറ്റര്‍ ഉയരത്തില്‍ പൊടുന്നനെ വന്നലയ്ക്കുന്ന വന്തിരയേറ്റത്തിന്റെ കള്ളക്കടലിനെക്കാള് ആപല്‍ക്കരമാണ് തീരദേശത്തെയാകെ അശാന്തിയില്‍ ദുഷിപ്പിക്കുന്ന വെറുപ്പിന്റെ ഈ പ്രതികാര രാഷ്ട്രീയം. വമ്പുപറച്ചിലല്ല, ജീവരക്ഷയാണ് മുതലപ്പൊഴിക്കാവശ്യം.