ശാന്തിയുടെ ദൂതുമായി ലോകം മുഴുവന്‍ തീര്‍ത്ഥാടനം ചെയ്ത വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പായുടെ ഭാരത സന്ദര്‍ശനത്തിന്റെ ദിനങ്ങളില്‍ മലയാളം നല്‍കിയൊരു ഗാനോപഹാരമാണ് ശാന്തിഗീതങ്ങള്‍ എന്ന കസ്സെറ്റ്. 1986-ല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കസ്സെറ്റ് നിര്‍മാണക്കമ്പനികളില്‍ ഒന്നായ തരംഗിണി കോര്പ്പറേഷന് പുറത്തിറക്കിയ ശാന്തിഗീതങ്ങള്ക്ക് സംഗീതം നല്‍കിയത് ബേണി – ഇഗ്നേഷ്യസ് സഹോദരന്മാരാണ്.
ഫാ. ചെറിയാന് കുനിയന്തോടത്ത് , ഫാ. വര്‍ഗ്ഗീസ് പാലത്തിങ്കല്‍, ജെ.ടി, നിര്‍മലപുരം, സിസ്റ്റര്‍ പെരിഗ്രീന്‍, സിസ്റ്റര്‍ ത്രേസ്യാമ്മ വെട്ടിയാടന്‍ എന്നിവരാണ് ഗാനരചന നിര്‍വഹിച്ചത്. യേശുദാസും ആശാലതയും പാടിയ പത്തു ഗാനങ്ങളാണ് കസ്സെറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പാപ്പായുടെ സന്ദര്ശനത്തിനോടനുബന്ധിച്ചു നിരവധി കസ്സെറ്റുകള്‍ പ്രകാശിതമായെങ്കിലും ഏറ്റവുമധികം പ്രചരിച്ചതു ശാന്തിഗീതങ്ങള്‍ എന്ന ആല്‍ബമായിരുന്നു.
പാപ്പായുടെ വരവിനായി നാടിനെ ഉണര്‍ത്തുന്നൊരു ഗാനം സിസ്റ്റര്‍ പെരിഗ്രീന്‍ എഴുതിയത് ആലപിച്ചിട്ടുള്ളത് ആശാലതയാണ് .
‘ഉണരൂ ഭാരതമേ
ഉണരൂ കേരളമേ
പുണ്യതാതന്
പാവനചരിതന്‍
ആര്ഷജീവിതഭൂവില്
ജനകോടികള്‍ തന്
സിരകളിലെല്ലാം
തിരകളുണര്ത്തും രൂപം
കരളില്‍ പുളകം വിതറും ഭാവം
സരളമനോഹരനാദം ‘
ജീവിതം തന്നെ ശാന്തിയുടെ സന്ദേശമാക്കി മാറ്റിയ തീര്‍ത്ഥാടകനായ പാപ്പായുടെ സന്ദേശങ്ങള്‍ കൈമാറുന്നൊരു ഗാനം ഫാ. വര്‍ഗീസ് പാലത്തിങ്കല്‍ എഴുതിയിട്ടുണ്ട്. യേശുദാസ് ആലപിച്ച ഈ ഗാനത്തിന്റെ വരികള്‍ ഈ ലോകത്തു നിന്നും വെറും കയ്യോടെ യാത്രയാകേണ്ടൊരു തീര്‍ത്ഥാടകനാണ് മനുഷ്യനെന്ന് ഓര്‍മ്മിപ്പിക്കുന്നു.
‘ഈ ജീവീതം ഒരു തീര്‍ത്ഥാടനം
മന്നിലെ മര്‍ത്യര്‍ തീര്‍ത്ഥാടകര്‍
നീര്‍പ്പോള പോലെയീ ജന്മമല്ലോ
നാം വെറും കയ്യോടെ യാത്രയാകും
മനുഷ്യന് മനുഷ്യനെ
മനുഷ്യനായ് കാണുമ്പോള്‍
ഭൂവില്‍ നിരുപമ സൗഭാഗ്യം
മനുഷ്യന് മനുഷ്യനെ
ചെന്നായായ് കാണുമ്പോള്‍
പാരില്‍ മര്‍ത്യനു നരകം ‘
ലോകം മുഴുവനും ഒരു നല്ല കുടുംബമാണെന്നു നമ്മെ ഓര്‍മിപ്പിക്കുന്ന പകയുടെ മതിലുകള്‍ അകറ്റുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നൊരു ഗാനവും ഈ കസ്സെറ്റിലുണ്ട് .
‘ഈ ലോകം ഒരു നല്ല കുടുംബം
നാമതിലെ നെയ്ത്തിരികള്‍
യേശുവിന് തിരുമൊഴികള്‍
നമ്മില്‍ സ്നേഹമുണര്ത്തീടുന്നു
പകയുടെ നീളും മതിലുകളെല്ലാം
പരിചൊടു പാടെ ദൂരെയകറ്റി
പരസ്നേഹത്തിന് മുത്തു
പതിക്കാന്‍ ഭൂവില്‍ ചരിക്കണം മര്‍ത്യഗണം
ഫാ. ചെറിയാന് കുനിയന്തോടത്തിന്റെ സവിശേഷ വരികളും ബേണി – ഇഗ്നേഷ്യസിന്റെ മനോഹരമായ സംഗീതവും യേശുദാസിന്റെ ആലാപനവും കൊണ്ട് സവിശേഷ ശ്രദ്ധ നേടിയ, ഇന്നും കേള്‍വിക്കാരുള്ള ഒരു ഗാനമാണ് അടുത്തത്.
‘പ്രസാദകളഭം തൂകി
പ്രകാശകിരണം വീശി
പ്രഭാമയന്‍ തിരുനാഥന്
പ്രഭാതമായ് വരുമുലകില്
പ്രശാന്തി പകരും കരളില്‍
പ്രമോദമുതിരും ധരയില്‍
പ്രദീപമായിരുള് നീക്കും
പ്രഭുല്ലമാക്കും ഭുവനം
പ്രണാമമുണരും നിനവില്‍
പ്രഭാവമരുളും ദൈവം
പ്രദോഷമണയും വരയും
പ്രകീര്ത്തിതം തിരുനാമം.
ഈ കസ്സെറ്റിലെ മറ്റു ഗാനങ്ങള്‍:
ദൈവം മനുഷ്യനെ സൃഷ്ടിച്ചു
ദൂരെ നിന് തൂമുഖം കാണ്മൂ ഞാന്‍
തിരുഹൃദയത്തണലില്‍ വിടരും
സൃഷ്ടിയായൊരു പുഷ്പവാടിയില്
കാല്‍വരിമലയില്‍ ബലിവേദി
സര്ഗ്ഗീയതാതന്റെ സുന്ദരസ്വപ്നങ്ങള്‍.
ഭാരതസഭയുടെ ചരിത്രത്തിലെ സുവര്ണനിമിഷങ്ങള്ക്കു സംഗീതത്തിന്റെ സ്മാരകമൊരുക്കിയ മലയാളത്തിന്റെ കലാകാരന്മാര്ക്ക് നന്ദിയേകി ഇന്നും നാം കേള്‍ക്കുകയാണ് ശാന്തിയുടെ ഈ ഗീതങ്ങള്‍.