2014 ജൂലൈ 17-ന് ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പോവുകയായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തെ കിഴക്കന്‍ യുക്രെയ്നിലെ ഡൊനെറ്റ്സ്ക് മേഖലയില്‍ മിസൈല്‍ ഉപയോഗിച്ചു വീഴ്ത്തി. വിമാനത്തിലുണ്ടായിരുന്ന 298 പേര് മരിച്ചു. റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികളാണ് ഉത്തരവാദികളെന്ന് പരക്കെ അനുമാനിക്കപ്പെട്ടു. ഇതു സംഭവിച്ച റഷ്യ യുക്രെയ്ന് അതിര്‍ത്തിയിലെ ഹ്രാബാവ് ഗ്രാമത്തിലെ ഒരു കുടുംബത്തിന്റെ കഥപറയുന്നു ‘ക്ലോണ്ടൈക്ക്’ എന്ന സിനിമ.
ലോകത്തെ എല്ലാ യുദ്ധങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പറഞ്ഞാല്‍ തീരാത്ത ദുരിതങ്ങളാണ് സമ്മാനിക്കുന്നത്.
യുദ്ധക്കെടുതിയില്‍ എല്ലാം നഷ്ടപ്പെടുന്ന ഇര്‍ക്കയുടെ ജീവിതമാണ് ‘ക്ലോണ്ടൈക്ക്’. പൂര്‍ണഗര്‍ഭിണിയായ ഇര്‍ക്കയും (ഒക്സാനചെര്‍കാഷിന) ഭര്‍ത്താവ് ടോളിക്കും (സെര്‍ജിഷാഡ്രിന്‍) അനുഭവിക്കുന്ന പ്രതിസന്ധികളിലൂടെയാണ് ചിത്രത്തിന്റെ യാത്ര. റഷ്യന്‍ കടന്നുകയറ്റത്തില്‍ യുക്രെയ്ന് ജനത നേരിടുന്ന ദുരിതങ്ങളെ ലോകത്തോടു വിളിച്ചുപറയാനും കൂടി ഈ ചിത്രത്തിലൂടെ സംവിധായിക മറീന എര്ഗോര്ബാച്ച് ശ്രമിക്കുന്നുണ്ട്. എഴുത്തുകാരി, നിര്‍മ്മാതാവ്, എഡിറ്റര്‍ എന്നീ റോളുകളും മറീന തന്നെ നിര്‍വഹിച്ചിരിക്കുന്നു ഈ ചിത്രത്തില്‍.
ഇര്‍ക്കയുടെയും ടോളിക്കിന്റെയും സ്വീകരണ മുറിയിലേക്കു യുക്രേനിയന്‍ വിഘടനവാദികളില്‍ നിന്നു ലക്ഷ്യം തെറ്റിയെത്തുന്ന ഒരു മോര്‍ട്ടാര്‍ പൊട്ടിത്തെറിക്കുന്നതോടു കൂടിയാണ് ചിത്രം ആരംഭിക്കുന്നത്. അത് അവരുടെ ഫാംഹൗസിന്റെ ഒരുവശം തകര്‍ത്തു. മനോഹരമായി ഒരുക്കിയ സ്വീകരണമുറിയും അടുക്കിവച്ച പുസ്തകങ്ങളും അടുക്കളയിലെ മൈക്രോവേവ്, കോഫിമെഷീന്, തക്കാളി സൂക്ഷിച്ചിരുന്ന പാത്രങ്ങളും എല്ലാം അലങ്കോലമായ കാഴ്ച തകര്‍ക്കപ്പെട്ട ചുമരിന്റെ വെളിയില്‍ നിന്നു കാണാം.
പകുതിയോളം തകര്‍ന്ന വീടിനുള്ളില്‍ അകത്തളത്തെ പൊടിയുടെയും അവശിഷ്ടങ്ങളുടെയും ഇടയില്‍ അലങ്കോലമായ സോഫയില്‍ ഇരിക്കുന്ന ഗര്‍ഭിണിയായ ഇര്‍ക്കയുടെ ചിത്രം മനസ്സിനെ നോവിപ്പിക്കും.
പൊളിഞ്ഞ ഭിത്തി ഒരു ഭീമാകാരമായ ജാലകമായി പുനര്‍നിര്‍മ്മിക്കണമെന്നാണ് ഇര്‍ക്കയുടെ ആഗ്രഹം. തകര്‍ന്ന സ്വീകരണ മുറിയില്‍നിന്നുള്ള കാഴ്ചയില്‍ ഒന്നിലധികം വിമാനങ്ങള്‍ പുകയുന്ന തരിശായ കൃഷിഭൂമിയുടെ മുകളിലൂടെ ചക്രവാളത്തിലേക്ക് ക്രൂരമായി കുതിക്കുന്ന രംഗം യുദ്ധഭീതി ജനിപ്പിക്കുന്നു. പ്രതിഭാധനനായ ഛായാഗ്രാഹകന്‍ സ്വിയാറ്റോ സ്ലാവ് ബുലാക്കോവ്സ്കിയുടെ കൈവിരുത് ഈ ദൃശ്യത്തില്‍ കാണാന്‍ കഴിയും.
ഗ്രാമം സായുധസേന പിടിച്ചടക്കിയപ്പോഴും ഇര്ക്ക തന്റെ വീടു വിടാന്‍ വിസമ്മതിക്കുന്നു. വിഘടനവാദികളോട് സന്ധി ചേരുന്ന ടോളിക്കിനും ആ നിലപാടിനെ എതിര്‍ക്കുന്ന ഇര്‍ക്കയുടെ സഹോദരന് യൂറിക്കിനും ഇടയില്‍ അവള് അനുഭവിക്കുന്ന ആത്മസംഘര്‍ഷം ചെറുതല്ല. എന്നിരുന്നാലും, യുദ്ധം പടിവാതിക്കല്‍ എത്തിയിട്ടും പുരുഷന്മാരുടെ പോരാട്ടത്തിന്റെ പേരില്‍ വീടു വിട്ടിറങ്ങേണ്ടിവരുമെന്ന ആശയത്തോട് ഇര്ക്ക യോജിക്കുന്നില്ല, മാത്രമല്ല അവര്‍ അതിജീവനത്തിനു തയ്യാറെടുക്കുകയാണ്. പച്ചക്കറിത്തോട്ടം പരിപാലിക്കുക പശുവിനെ സംരക്ഷിക്കുക, നശിച്ചുപോയ സ്വീകരണമുറി വൃത്തിയാക്കാന്‍ ശ്രമിക്കുക എന്നീ പ്രവൃത്തികളില്‍ മുഴുകി സ്വയം പ്രതിരോധം തീര്‍ക്കുകയാണ് ഇര്ക്ക.
ഫാമില്‍ നിന്നു വളരെ അകലെയല്ലാതെയാണ് വെടിവെച്ചിട്ട യാത്രാ വിമാനം തകര്‍ന്നു വീഴുന്നത്. വിമാനത്തിന്റെ ഒരുഭാഗം അവരുടെ ഫാമിലേക്ക് പതിക്കുന്നു. നഷ്ടമായ ജീവിതങ്ങളുടെ സ്മാരകം പോലെ വിമാന അവശിഷ്ടങ്ങള്‍ വയലുകളില്‍ പരക്കെ നിറഞ്ഞു. വിമാനത്തിലെ യാത്രക്കാരിലൊരാളായ കാണാതായ മകളെ തിരഞ്ഞുവരുന്ന ഡച്ച് ദമ്പതികള്‍, തകര്‍ന്ന വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ കൊള്ളയടിക്കുന്ന യുക്രേനിയന്‍ വിഘടനവാദികള്‍…ഈ കാഴ്ചകള്‍ ഇര്‍ക്കയും ടോളിക്കും തമ്മിലുള്ള ആശയപരമായ ഭിന്നതയ്ക്ക് ആക്കം കൂട്ടുന്നു. യുദ്ധകാലത്ത് അതിര്‍ത്തിയില്‍ താമസിക്കുന്നത് സുരക്ഷിതമല്ല. റോഡുകള്‍ ഏതു സമയത്തും അടച്ചേക്കാം. സുരക്ഷിതമായി വീടുവിട്ടു പോകാനാണ് ടോളിക് ആഗ്രഹിക്കുന്നത്, തന്റെ കുടുംബത്തിന്റെ സുരക്ഷിതത്വത്തിനു വേണ്ടി വിഘടനവാദികളോട് സന്ധിചെയ്യാനും അയാള്‍ക്ക് മടിയില്ല. പക്ഷേ ഇര്ക്ക അതിനോടു വിയോജിക്കുന്നു. സഹോദരന് യാരിക്ക് അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ വരുന്നുണ്ട്. പക്ഷേ ഇര്ക്ക തയ്യാറാകുന്നില്ല. തങ്ങളെ ഉപദ്രവിക്കാതിരിക്കാനായി സ്വന്തം കാര്‍ പട്ടാളക്കാര്‍ക്കു വിട്ടു കൊടുക്കുന്നുണ്ട് ടോളിക്ക്. പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയ്ക്ക് ഏതുസമയവും ആ വാഹനം ആവശ്യം വന്നേക്കാം. എന്നാല്‍ പട്ടാളം കാര്‍ തിരിച്ചു നല്കാന് വിസമ്മതിക്കുമ്പോള്‍ ഇര്ക്ക ലാളിച്ചു വളര്‍ത്തിയ പശുവിനെ കൊന്ന് മാംസം പട്ടാളക്കാര്‍ക്ക് കൊടുക്കുന്നു അയാള്‍.
വിഘടനവാദികളെ സഹായിക്കുന്ന ടോളിക് ഒറ്റുകാരാണെന്നാണ് ഇര്ക്ക വിശ്വസിക്കുന്നത്. വീട്ടില്‍ അവര്‍ തമ്മിലുള്ള സംഘര്‍ഷം ഉടലെടുക്കുമ്പോള്‍ ഇര്ക്ക വീണ്ടും പ്രതിസന്ധിയിലാകുന്നുണ്ട്. സിനിമയുടെ അവസാനത്തില്‍ വിമാനം വെടിവെച്ചിട്ടതില്‍ പങ്കുണ്ടെന്നു കരുതുന്ന യാരിക്കിനെ അന്വേഷിച്ചു റഷ്യന്‍ പട്ടാളം വീട്ടിലെത്തുന്നു. നിലവറയില്‍ ഒളിപ്പിച്ച യാരിക്കിനെ അവര്‍ കണ്ടെത്തി. യാരിക്കിനെതിരെ നിറയൊഴിക്കാന്‍ കമാണ്ടര്‍ ടോളിക്കിനെ നിര്‍ബന്ധിക്കുന്നു. പക്ഷെ അയാള്‍ തിരിച്ചു കാമാന്ററെ വെടിവെച്ചിടുന്നു. പട്ടാളക്കാര്‍ യാരിക്കിനേയും ടോളിക്കിനെയും വകവരുത്തുന്നു. ഇതൊന്നുമറിയാതെ ഇര്ക്ക പ്രസവിക്കുന്നു. തകര്‍ന്ന സോഫയിലുള്ള അമ്മയുടെയും കുഞ്ഞിന്റെയും നിസ്സഹായ അവസ്ഥയിലുള്ള ചിത്രം യുദ്ധങ്ങള്‍ക്കെതിരെ ലോകത്തോട് പ്രതിഷേധിക്കുന്നു.
ബെര്‍ലിന്‍ ഇന്റര്‍ നാഷണല്‍ ഫിലിംഫെസ്റ്റിവല്‍, സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവല്‍, ഇന്റര്‍നാഷണല്‍ ഇസ്റ്റന് ്ബൂള് ഫിലിംഫെസ്റ്റിവല്‍, പൂനെ ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവല്‍ എന്നീ പ്രധാന മേളകളില്‍ ഉള്‍പ്പെടെ 49 പുരസ്കാരങ്ങളും 29 നോമിനേഷനുകളും ലഭിച്ചു ഈ ചിത്രത്തിന്.