കട്ടന്‍ചായയും പരിപ്പുവടയും കഴിച്ച് ഇനിയും കമ്യൂണിസ്റ്റുകാര്‍ കഴിയേണ്ടതുണ്ടോ എന്ന ഒരൊന്നൊന്നര കിലോ വെയിറ്റുള്ള ചോദ്യം, കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാഷ്ട്രീയ കേരളം ചര്‍ച്ചചെയ്തതാണ്. ചോദ്യമുയര്‍ത്തിയത് സഖാവ് ഇ.പി ജയരാജന്. അദ്ദേഹം വയല്‍നികത്തി താരതമ്യേന വലിയൊരു വീടുവച്ചത് വിവാദമായപ്പോഴായിരുന്നു ഈ ചോദ്യമുയര്‍ത്തിയത്. മാറ്റമൊഴികെ മറ്റെല്ലാം മാറുമെന്നാണ് സിദ്ധാന്തം. മാറ്റം പ്രാവര്‍ത്തികമാക്കലാണ് കമ്യൂണിസ്റ്റ്കാരുടെ പണി! സഖാവ് അത്രേ ചെയ്തുള്ളൂ.
പിന്നീട് ദേശാഭിമാനിക്കുവേണ്ടി ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനോട് കോടികള്‍ സംഭാവന /വായ്പ വാങ്ങിയായിരുന്നു ജയരാജന് മാറ്റമുണ്ടാക്കിയത്. കളങ്കിതരായ വ്യക്തികളില്‍ നിന്നും പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സംഭാവന സ്വീകരിക്കരുതെന്നും അത്തരക്കാരുമായി വ്യക്തിബന്ധങ്ങള്‍ പുലര്‍ത്തരുതെന്നും പലവട്ടം പാര്‍ട്ടി നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ക്കാണ് അന്ന് ജയരാജന് മാറ്റം വരുത്തിയത്. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ചട്ടം മറികടന്ന് ബന്ധുനിയമനം നടത്തി മന്ത്രിപ്പണിയില്‍ നിന്നും തെറിച്ചുകൊണ്ടായിരുന്നു അടുത്ത മാറ്റം ഉണ്ടാക്കല്‍.
ജയരാജന് വെറുമൊരു ചോട്ടാ സഖാവല്ല. സിപിഎമ്മിന്റെ കേന്ദ്രക്കമ്മറ്റിയംഗവും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും എല്‍ഡിഎഫ് ചെയര്‍മാനുമാണ് അദ്ദേഹം.
ഒടുവിലിപ്പോള്‍ ബിജെപിയെയും അതേസമയം ഇന്ത്യ മുന്നണിയില്‍ ഘടകകക്ഷിയായ കോണ്‍ഗ്രസ്സിനെയും എതിരിട്ട് കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സിപിഎം പെടാപ്പാട് പെടുന്നനേരത്ത് ജയരാജന് അടുത്തതൊരു മാറ്റത്തിന്റെ കാഹളം മുഴക്കി.
ദല്ലാള്‍ നന്ദകുമാര്‍ എന്നൊരു ഭൂലോക ഉഡായിപ്പുമായി ചേര്‍ന്നാണ് പുതിയ മാറ്റത്തിന് അദ്ദേഹം തിരികൊളുത്തിയത്. ദല്ലാള്‍ നന്ദകുമാര്‍ കുപ്രസിദ്ധനായത് ഇന്നോ ഇന്നലെയോ അല്ല. അയാളുമായി നല്ലവര്ക്കാര്ക്കും കൂട്ട്കൂടാന്‍ കഴിയില്ലെന്ന് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം.
എന്നിട്ടും അയാളുടെ വീട്ടിലെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുക, അയാളുടെ കുടുംബക്ഷേത്രം സന്ദര്‍ശിക്കുക, അയാളുടെ കാറില്‍ക്കയറി പോവുക, അയാള്‍ കൊണ്ട് വരുന്നവരുമായി സംസാരിക്കുക തുടങ്ങിയ പുരോഗമന നവോഥാന പ്രവര്‍ത്തനങ്ങള്‍ക്ക് കുടപിടിച്ചു ആ ധീര സഖാവ്.
കളങ്കിത വ്യക്തിത്വങ്ങളുമായി യാതൊരു ബന്ധവും പാടില്ലെന്ന് പണ്ടേയ്ക്ക് പണ്ടേ റിപ്പോര്‍ട്ടിങ്ങും രേഖ പുറപ്പെടുവിക്കലും നടത്തിയ ഒരു പാര്‍ട്ടിയുടെ സമുന്നത നേതാവാണ് ഫ്രോഡ് വേലകളുടെ ഉസ്താദുമായി സൗഹൃദം പങ്ക് വെച്ചത്.
ഒന്നല്ല, ഒന്നിലധികം പ്രാവശ്യം. ആ ദല്ലാള്‍ തന്റെ സുഹൃത്ത്കൂടി ഉള്‍പ്പെട്ട ചില കഥകള്‍ പിന്നീട് പറയുമ്പോള്‍,അത് ഒരു ദല്ലാള്‍ പറഞ്ഞതല്ലേ നമ്മളെന്തിന് കാര്യമാക്കണം എന്ന് ചോദിക്കുന്നവര്‍ നിഷ്കളങ്കരൊന്നുമല്ല എന്ന് സിപിഎം മനസ്സിലാക്കുന്നില്ല എന്നുണ്ടോ?
ദല്ലാള്‍ ഒരിടത്തും തന്റെ സുഹൃത്തായ ജയരാജനെ മോശക്കാരനാക്കുന്നില്ല, മാത്രമല്ല പരമാവധി സംരക്ഷിച്ചാണ് പറഞ്ഞു പോകുന്നതെന്നത് ശ്രദ്ധേയമാണ്.
അയാള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. ചിലത് വെളിപ്പെടുത്തുവാന്‍ ഉണ്ടായിരുന്നു, അയാളത് കൃത്യമായി കൃത്യസമയത്ത് ചെയ്തുതീര്‍ത്തു.
ദല്ലാള്‍ പറഞ്ഞതൊക്കെ തെറ്റാണ്, ഞങ്ങടെ ജയരാജന് നിഷ്കളങ്കത കൊണ്ട് കൂട്ട് കൂടിയതാണ്, ജാഗ്രത കുറവ് പറ്റിയതാണ് എന്നൊക്കെ പറയുമ്പോള്‍ സ്വയം അപഹാസസ്യരാകുകയാണ് സിപിഎം എന്ന് മറക്കരുത്.
കാരണം, രാജ്യം അതിന്റെ നിലനില്‍പ്പിന് വെല്ലുവിളി നേരിടുന്ന ഒരുഘട്ടത്തില്‍ നില്ക്കുമ്പോള് കോണ്‍ഗ്രസായാലും സിപിഎം ആയാലും രാജ്യത്തെ ഏത് ചെറിയ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ ആയാലും തെളിമയോടെ ഉറച്ചുനില്‍ക്കേണ്ട നേരമാണിത്. സംഘപരിവാര്‍ വയ്ക്കുന്ന കെണികളില്‍ വീഴേണ്ട നേരമല്ലിത്.