ഇന്ന് ലോക തൊഴിലാളി ദിനം. ‘എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദം’ എന്ന ആവശ്യം നേടിയെടുത്ത തൊഴിലാളികളുടെ ഐതിഹാസിക സമര പോരാട്ടത്തിന്റെ ഓർമയാണ് മെയ് ദിനം. തൊഴിലിടങ്ങളിൽ കൊടിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്ന മുൻ തലമുറയുടെ സമര പോരാട്ടങ്ങളുടെ ചരിത്ര സ്മരണയാണ് ലോകമിന്ന് ആചരിക്കുന്നത് .
1889 മെയ് ഒന്നിനാണ് ആദ്യമായി അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിച്ചത് . ഷിക്കാഗോയിലെ ഹേമാർക്കറ്റ് കലാപത്തിന്റെ സ്മരണയ്ക്കായി ട്രേഡ് യൂണിയനുകളുടെയും സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെയും അന്താരാഷ്ട്ര ഫെഡറേഷനാണ് ആഘോഷങ്ങൾ പ്രഖ്യാപിച്ചത്.
1886-ൽ നടന്ന ഈ കലാപത്തെ ഹേമാർക്കറ്റ് അഫയർ എന്നും വിളിക്കുന്നു. എട്ട് മണിക്കൂർ ജോലിസമയം ആവശ്യപ്പെട്ട് സമാധാനപരമായ മാർച്ചായി ആരംഭിച്ച കലാപം പിന്നീട് പ്രതിഷേധക്കാരും പൊലീസ് സേനയും തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലായി മാറുകയായിരുന്നു.