ന്യൂഡല്‍ഹി: ഡൽഹി മേഖലയിലെ നൂറോളം സ്കൂളുകളില്‍ ബോംബ് ഭീഷണി. ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ മദര്‍ മേരി സ്കൂള്‍, ദ്വാരകയിലെ സന്‍സ്കൃതി സ്കൂള്‍, നോയിഡയിലെ ഡല്‍ഹി പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളിലാണ് ആദ്യ ഭീഷണി സന്ദേശം എത്തിയത്.
ഇമെയിലിലൂടെയായിരുന്നു ഭീഷണി. പിന്നീട് മറ്റ് സ്കൂളുകളിലേക്കും ഭീഷണി സന്ദേശം എത്തി. ഡല്‍ഹി പോലീസിന്റെ ബോംബ് സ്ക്വാഡും അഗ്നിശമനസേനാ വിഭാഗവും സ്കൂളുകളിൽ എത്തിയിട്ടുണ്ട്.
വിദ്യാര്‍ഥികളെ സ്കൂളില്‍നിന്ന് ഒഴിപ്പിച്ച ശേഷം ഇവര്‍ പരിശോധന തുടരുകയാണ്. ഇതുവരെ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുരക്ഷയുടെ ഭാഗമായാണ് സ്കൂളുകൾ ഒഴിപ്പിച്ചതെന്നും പോലീസ് അറിയിച്ചു.
ബോംബ് ഭീഷണി വ്യാജമാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. പരിഭ്രാന്തി പരത്തുക എന്ന ഉദ്ദേശ്യത്തോടെ സന്ദേശം അയച്ചതാകാമെന്നും പോലീസ് അറിയിച്ചു. ഭീഷണി സന്ദേശം എത്തിയ ഇമെയില്‍ സംബന്ധിച്ച വിശദാംശങ്ങള്‍ സൈബര്‍ വിഭാഗം പരിശോധിച്ച് വരികയാണ്.