വോട്ടർമാരുടെ നീണ്ടനിര ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ മുന്നണികളും സ്ഥാനാർഥികളും. ജീവനാദം ഇലക്ഷൻ അപ്ഡേറ്റ്സ് ….
കേരളത്തിൽ വോട്ടെടുപ്പ് മൂന്നു മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ 19 ശതമാനം പോളിങ് രേഖപ്പെടുത്തി.
വിവി പാറ്റ് ഹർജികൾ സുപ്രീംകോടതി തള്ളി
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ പൂർണമായും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജികൾ സുപ്രീംകോടതി തള്ളി….
തലസ്ഥാനത്തെ ബൂത്തുകളില്‍ വലിയ തിരക്ക്
തലസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ വോട്ടർമാരുടെ വലിയ തിരക്ക്. തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്സഭ മണ്ഡലങ്ങളിലെ എൽ ഡി എഫ് സ്ഥാനാർഥികളായ പന്ന്യൻ രവീന്ദ്രൻ, വി ജോയ്, യു ഡി എഫ് സ്ഥാനാർഥികളായ ശശി തരൂർ, അടൂർ പ്രകാശ്, എൻ ഡി എ സ്ഥാനാർഥികളായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവർ പുലർച്ചെ മുതല്‍ തന്നെ സജീവമാണ്.
ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചു കയറി
ഈരാറ്റുപേട്ട വട്ടക്കയത്ത് എൽ ഡി എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചു കയറി 6 പേർക്ക് പരിക്ക്.തൊടുപുഴ ഭാഗത്തുനിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.അപകടത്തിൽ കുന്നും പുറത്ത് സിറാജ്, വടക്കേപറമ്പിൽ തങ്കമണി, ഇടകളമറ്റത്തിൽ സകീർ, ആലുംതറ കുഞ്ഞാലുമ്മ , ചോച്ചുപറമ്പിൽ ബഷീർ, വാഴമറ്റത്തിൽ അജീഷ് എന്നിവർക്ക് പരിക്കേറ്റു.
അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ ശരാശരി 26ശതമാനം പോളിംഗ്
കോഴിക്കോട്ട് എല്‍ഡിഎഫിന്റെ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. കുറ്റച്ചിറ സ്വദേശി അനീസ് അഹമ്മദ്(66) ആണ് മരിച്ചത്. ബൂത്തില്‍ കുഴഞ്ഞുവീണ അനീസിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കോഴിക്കോട് ടൗണ്‍ ബൂത്ത് നമ്പര്‍ 16-ലെ ബൂത്ത് ഏജന്റായിരുന്നു അനീസ്. സംഭവത്തിന് പിന്നാലെ ഈ ബൂത്തിലെ പോളിംഗ് അല്പനേരം നിര്‍ത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു.
പുതുപ്പാടിയിൽ സംഘർഷം; യുവാവിന് കുത്തേറ്റു..
പുതുപ്പാടിയില്‍ സംഘര്‍ഷം. യുവാവിന് കുത്തേറ്റു. വ്യാഴാഴ്ച രാത്രി കുരിശുപള്ളിക്കു സമീപം നൊച്ചിയന്‍ നവാസ് എന്നയാള്‍ക്കാണ് കുത്തേറ്റത്.
മുതുകിലും കൈയിലം പരിക്കേറ്റ നവാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പിടികൂടാനായിട്ടില്ല.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.
കുഴഞ്ഞുവീണു മരിച്ചു
ആലപ്പുഴയിൽ വോട്ട് ചെയ്യാൻ എത്തിയ ആൾ പോളിങ് സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു. അമ്പലപ്പുഴക്കടുത്ത് കാക്കാഴം സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ കാക്കാഴംസുശാന്ത് ഭവനത്തിൽ കുട്ടപ്പൻ (70)ആണ് കുഴഞ്ഞ് വീണു മരിച്ചത്. മൃതദേഹം വണ്ടാനം ആശുപത്രിയിൽ.
സിപിഎം -ബിജെപി അന്തർധാര -കെ മുരളീധരൻ
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിൽ രണ്ടെണ്ണം ബിജെപിക്കും ബാക്കി 18 എണ്ണം എൽഡിഎഫിനും എന്നതാണ് സിപിഎം -ബിജെപി അന്തർധാരയുടെ ഫോർമുലയെന്ന് തൃശൂർ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. തിരുവനന്തപുരവും തൃശൂരും ആണ് ഡീൽ അനുസരിച്ച് ബിജെപിക്ക് ലഭിക്കുക. ബാക്കി 18 എൽഡിഎഫിനും. ഈ അന്തർധാര കോൺഗ്രസ് പൊളിക്കുമെന്നും, 20 സീറ്റിലും വിജയം നേടുമെന്നും മുരളീധരൻ പറഞ്ഞു.