വയനാട്: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ ഒൻപതരയ്ക്ക് നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജിൽ ഹെലികോപ്റ്റർ ഇറങ്ങുന്ന രാഹുൽ ഗാന്ധിക്ക് വയനാട് ജില്ലയിൽ ആറ് പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബത്തേരി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവടിങ്ങളിൽ അദ്ദേഹം റോഡ് ഷോ നടത്തും.
പുൽപ്പള്ളിയിലെ കർഷക സംഗമത്തിൽ രാഹുൽ സംസാരിക്കും. ഉച്ചയ്ക്ക് മാനന്തവാടി ബിഷപ്പുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. വൈകീട്ട് കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിലും അദ്ദേഹം പങ്കെടുക്കും.
വയനാട് ലോക്സഭ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികൾ ഉപയോഗിക്കില്ലെന്ന് യുഡിഎഫ് കൺവീനറും കെപിസിസി ആക്ടിങ് പ്രസിഡന്റുമായ എംഎം ഹസ്സൻ. മണ്ഡലത്തിൽ അടുത്തയാഴ്ച മുതല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിന്റെയോ സഖ്യ കക്ഷികളുടെയോ കൊടികൾ ഉപയോഗിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് എം എം ഹസ്സൻ പറഞ്ഞു. കൊടികള്‍ വേണ്ടെന്ന തീരുമാനത്തിന് വ്യക്തമായ കാരണം വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
പാർട്ടി തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നാണ് എം എം ഹസന് പത്ര സമ്മേളനത്തിൽ വ്യക്തമാക്കിയത്.