ജയിംസ് അഗസ്റ്റിൻ
Amazing grace! how sweet the sound,
That saved a wretch; like me!
I once was lost, but now am found,
Was blind, but now I see
ലോകത്തിൽ ഏറ്റവുമധികം റെക്കോർഡ് ചെയ്യപ്പെട്ട ഭക്തിഗാനമാണ് Amazing grace! how sweet the sound എന്ന് തുടങ്ങുന്ന ഗീതം . ലോകപ്രശസ്തരായ എല്ലാ ഗായകരും സംഗീതസംഘങ്ങളും ഈ ഗീതം പാടിയിട്ടുണ്ട് . എൽവിസ് പ്രെസ്ലി , കെന്നി റോജർസ് , ഡയാന റോസ് , സെലിൻ ഡിയോൺ , അലൻ ജാക്സൺ , ജിം റീവ്സ് , ക്രിസ് ടോംലിൻ , അരിത്ത ഫ്രാങ്ക്ളിൻ , ജോണി കാഷ് , വിറ്റ്നി ഹൂസ്റ്റൺ , ജൂഡി കോളിൻസ് , മഹേലിയ ജാക്സൻ തുടങ്ങിയ ഗായകരെല്ലാം ഈ ഗീതം പാടിയിട്ടുണ്ട്. പ്രശസ്തരായ സംഗീതോപകരണ വിദഗ്ധരെല്ലാം ഈ ഗാനത്തിന്റെ വിഖ്യാതമായ ഈണം തങ്ങളുടെ ഉപകരണത്തിലൂടെ ലോകത്തെ കേൾപ്പിച്ചിട്ടുണ്ട്. ലോകത്തിലെ പ്രശസ്തമായ ബാൻഡുകൾ ഈ ഗാനം തങ്ങളുടെ ആദ്യപട്ടികയിൽ തന്നെ ഈ ഗാനം ഉൾപ്പെടുത്തിയിട്ടുണ്ട് .
യൂട്യൂബിൽ ഏറ്റവുമധികം സെർച്ച് ചെയ്യപ്പെടുന്ന ക്രിസ്ത്യൻ കീർത്തനവും ഇത് തന്നെയാണ് .
ഇംഗ്ലണ്ടിൽ നിന്നുള്ള ജോൺ ന്യൂട്ടൻ എന്ന സുവിശേഷപ്രസംഗകനാണ് 1772 -ൽ ഈ കീർത്തനം എഴുതുന്നത് . ജോൺ ന്യൂട്ടൻ സുവിശേഷപ്രസംഗകൻ ആകുന്നതിനു മുൻപ് അടിമക്കച്ചവടത്തിൽ വ്യാപൃതനായിരുന്നു . അടിമക്കച്ചവടത്തിൽ നിന്നും വലിയ തുക അദ്ദേഹം സമ്പാദിച്ചു .1748 -ൽ അടിമകളുമായി കപ്പലിൽ വരുമ്പോൾ നടന്ന അപകടം അദ്ദേഹത്തെ ദൈവത്തിങ്കലേക്കു അടുപ്പിച്ചു . മരണത്തെ മുഖാമുഖം കണ്ട ജോണ് ന്യൂട്ടൻ കരുണയ്ക്കായി ദൈവത്തെ വിളിച്ചു കരഞ്ഞു പ്രാർത്ഥിച്ചു . മരണകരമായ അപകടത്തിൽ നിന്നും രക്ഷപ്പെട്ട അദ്ദേഹം അടിമക്കച്ചവടത്തോടു വിട പറഞ്ഞു മുഴുവൻ സമയവും സുവിശേഷ വേലയ്ക്കായി പുറപ്പെടുകയായിരുന്നു .
1772 -ൽ ജോണ് ന്യൂട്ടൻ എഴുതിയ amazing grace എന്ന ഗാനം ഒരു പുസ്തകത്തിൽ ചേർക്കുന്നത് 1779 -ലാണ് . അമേരിക്കൻ സംഗീതജ്ഞനായ വില്യം വാക്കറാണ് ഈ ഗീതത്തിനു ഇന്ന് നാം കേൾക്കുന്ന ഈണം നൽകിയത്.
ക്രൈസ്തവരുള്ള രാജ്യങ്ങളിലെല്ലാം തന്നെ ഈ ഗാനത്തിന്റെ പരിഭാഷയും പ്രചരിച്ചിട്ടുണ്ട് . സിംഫണികളിലൂടെ പ്രശസ്തനായ ആന്ദ്രേ റിയൂ , ഗായകൻ ക്രിസ് ടോംലിൻ , സംഗീതസംഘമായ സെൽറ്റിക് വുമൺ എന്നിവർ ഈ ഗാനം അവതരിപ്പിച്ചിട്ടുള്ളത് അതിപ്രശസ്തമാണ് .
ഏറ്റവുമധികം ഗായകസംഘങ്ങൾ പാടിയിട്ടുള്ള ക്രിസ്തീയഗാനം എന്ന റെക്കോർഡും ഈ കീർത്തനത്തിനു തന്നെയാണ് . ജോൺ ന്യൂട്ടനെക്കുറിച്ചും ഈ ഗാനത്തിന്റെ പിറവിയെക്കുറിച്ചും 2009 -ൽ ന്യൂട്ടൺസ് ഗ്രേസ് എന്ന പേരിൽ ഒരു സിനിമയും നിർമ്മിക്കപെട്ടു .
ഇന്നും ഏറ്റവുമധികം ആലപിക്കപ്പെടുന്ന ഗാനമായി കൃപയുടെ ഈ ഗീതം ഉന്നതിയിൽ നിൽക്കുന്നു .