ന്യൂഡൽഹി: മദ്യനയ അഴിമതി ആരോപണക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും.
ജസ്റ്റീസ് സ്വർണകാന്ത ശർമയാണ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിധി പറയുക. ഇഡി അറസ്റ്റിനെതിരെ കേജരിവാൾ നൽകിയ ഹർജിയിൽ ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതി മുറിയിൽ ഉണ്ടായത്. റിമാൻഡ് റിപ്പോർട്ടിൽ പോലും തനിക്കെതിരെ തെളിവുകൾ അന്വേഷിച്ച് കണ്ടെത്തേണ്ടത് ഉണ്ടെന്നായിരുന്നു ഇഡി ചൂണ്ടിക്കാട്ടിയതെന്ന് കേജരിവാൾ കോടതിയിൽ പറഞ്ഞു.
എന്നാൽ മദ്യനയ രൂപീകരണത്തിൽ മുഖ്യസൂത്രധാരൻ അരവിന്ദ് കേജരിവാൾ എന്നാണ് ഇഡിയുടെ വാദം. സമൻസുകളെ അവഗണിച്ചതും അന്വേഷണത്തോട് സഹകരിക്കാത്തതും ഇഡി കേജരിവാളിനെതിരെ കോടതിയിൽ പ്രതിരോധം തീർത്തു. ഇരുവാദങ്ങളും പരിശോധിച്ചു കൊണ്ടായിരിക്കും ജസ്റ്റീസ് സ്വർണ്ണകാന്ത ശർമ വിധി പറയുക.