കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദർശിപ്പിക്കാനുള്ള ദൂരദർശന്റെ തീരുമാനം വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമാകുന്നു .രാജ്യം ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തിൽ രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമങ്ങളിലൊന്നായ ദൂരദർശൻ വഴി ഈ സിനിമ സംപ്രേക്ഷണം ചെയ്യാൻ വേണ്ടി തീരുമാനിച്ചിരിക്കുന്നത് ദുരുദ്ദേശപരമാണെന്നും ഇത് കേരളത്തെ അപമാനിക്കുന്നതും രാജ്യത്ത് വംശീയവും വർഗീയവുമായ വിദ്വേഷം ഇളക്കി വിടാനും ഉദ്ദേശിച്ചുള്ളതാണെന്നും കേരളത്തിലെ ഇടത് വലത് രാഷ്ട്രീയ പാർട്ടികളും യുവജനസംഘടനകളും ആരോപിക്കുന്നു .
തെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തിൻറെ ഔദ്യോഗിക വാർത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരസ്പര സാഹോദര്യത്തിൽ വിവിധ മതവിഭാഗത്തിൽപ്പെട്ടവർ ഒരുമയോടെ ജീവിക്കുന്ന പ്രദേശമാണ് കേരളം. ലോകത്തിനു മുമ്പിൽ തലയുയർത്തി നിൽക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്പർദ്ധ വളർത്തുവാനും ലക്ഷ്യമിട്ട് സംഘപരിവാർ തലച്ചോറിൽ ഉടലെടുത്ത കുടിലതയുടെ ഉൽപ്പന്നമാണ് ഈ സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കേരള സ്റ്റോറി’ സിനിമ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘപരിവാര്‍ താല്പര്യമാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് പിന്നിലുള്ളത്. സിനിമ സംപ്രേഷണം ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.