ആരാ നിങ്ങടെ നേതാവ്? എന്താ നിങ്ങടെ പരിപാടി? കുട്ടിക്കാലത്ത് തിരഞ്ഞെടുപ്പു സമയത്തു കേട്ടിട്ടുള്ള ഒരു മുദ്രാവാക്യം. കേരളത്തില്‍ പണ്ടേ രാഷ്ട്രീയബോധം ഉണ്ടെന്നതിനു തെളിവാണിത്. അന്നത്തെ കുട്ടികള്‍ പരസ്പരവും നേതാക്കളോടും ചോദിച്ചിരുന്ന ചോദ്യമാണിത്. ആരാണു നിങ്ങളുടെ നേതാവ്, എന്താണു നിങ്ങളുടെ പദ്ധതി എന്നാണു ചോദ്യം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും അര്‍ത്ഥമുള്ള ചോദ്യം. നമുക്കിന്നിതാ തിരഞ്ഞെടുപ്പു പ്രഖ്യാപനമായി. മത്സരാര്‍ത്ഥികള്‍ അണിനിരന്നുകഴിഞ്ഞു. പ്രചാരണപരിപാടികളും ആരംഭിച്ചു. എല്ലാവരും റോഡ്ഷോകളിലും യാത്രകളിലുമാണ്.
പല പാര്‍ട്ടികള്‍ക്കും നേതാവിനെ പറയാനറിയില്ല. കൃത്യമായി പറയാന്‍ സാധിക്കുന്ന ഒരു നേതാവില്ല. കൃത്യമായ പരിപാടികളുമില്ല. മുന്‍കാലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രത്യയശാസ്ത്രങ്ങളുണ്ടായിരുന്നു. കൂട്ടുകക്ഷികളാണെങ്കില് പൊതു മിനിമം പരിപാടികള്‍ക്കു രൂപംകൊടുക്കുമായിരുന്നു. അതിന്റെയൊക്കെ വെളിച്ചത്തിലാണ് പാര്‍ട്ടികള്‍ രൂപീകൃതമാകുന്നത്. പ്രത്യയശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ദര്ശനങ്ങളുണ്ട്. അവയെല്ലാം എല്ലാവര്ക്കും അറിയാം. പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും സ്റ്റഡി ക്ലാസ്സുകളുണ്ടായിരുന്നു. ഒരാള്‍ പാര്‍ട്ടി മെംബര്ഷിപ്പെടുക്കുന്നത് ഇവയുടെ വെളിച്ചത്തിലാണ്.
ഇന്ന് ആര്‍ക്കും പ്രത്യയശാസ്ത്രങ്ങളോ ദര്‍ശനങ്ങളോ ഇല്ല. ഇന്ന് പാര്‍ട്ടി എന്നു പറഞ്ഞാല്‍ ഒരാള്‍ക്കൂട്ടം എന്നേ അര്‍ത്ഥമുള്ളൂ. ആകെ ഒരു ദര്ശനമേയുള്ളൂ: അങ്ങേയറ്റം ജനത്തെ കൊള്ളയടിക്കുക, ഹുങ്കോടെ ജീവിക്കുക.
രാഷ്ട്രത്തിന്റെ സംവിധാനങ്ങളെല്ലാം അമ്മായിഅപ്പന്റെ വകയാണെന്നാണു വിചാരം. പൊതുരംഗത്തു വന്ന് നാലാളറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ രാജാവാണ്. ജനങ്ങളെല്ലാം പ്രജകളും. പോലീസിനെക്കൊണ്ടു നേതാക്കളുടെ വീടുകളില്‍ വീട്ടുജോലി ചെയ്യിക്കുന്ന ഗതികേടുവരെ ഉണ്ടായിട്ടുണ്ട്. നേതാക്കള്‍ക്ക് ആരെയും ചീത്തവിളിക്കാം എന്ന ദുരവസ്ഥ നിലനില്ക്കുന്നു. ഭരണസംവിധാനങ്ങളെല്ലാം തങ്ങളുടെ ഇംഗിതത്തിനനുസരിച്ചു മാറ്റിമറിക്കാമെന്നാണു ധാരണ. കൊള്ളയും കൊലവിളിയും. വേലിതന്നെ വിളകള്‍ തിന്നുന്നു.
തിരഞ്ഞെടുപ്പിന്റെ പ്രചാരണ രംഗം വല്ലാണ്ടു വഷളാകുന്നു. പരസ്പരം പഴിചാരുന്നു. ഇപ്പോള്‍ ബിജെപിയുമായി ആര്‍ക്കാണു രഹസ്യധാരണ എന്നതാണു പ്രധാന ചര്‍ച്ചാവിഷയം. അല്ലാതെ, തങ്ങളുടെ പ്രകടനപത്രിക എന്താണ്, എന്താണ് തങ്ങളുടെ പ്ലാനും പദ്ധതിയുമെന്ന് ആരും പറയുന്നില്ല. മോദിയുടെ ഗാരന്റി എന്ന് കുറെ പരസ്യങ്ങളുണ്ട്. അതിനു ബദലായി 25 ഗാരന്റി ഞങ്ങള്‍ക്കുണ്ട് എന്ന് കോണ്‍ഗ്രസ്സും പറയുന്നുണ്ട്. അതിലൊക്കെ എന്തുമാത്രം വാസ്തവമുണ്ടെന്ന് കണ്ടറിയണം. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആരുണ്ടാകുമെന്ന് ഇപ്പോള്‍ പറയാനാവുന്നില്ല. കടലോരത്തിന്റെ നീറുന്ന പ്രശ്നങ്ങള്‍, മലനാടിന്റെ ജീവന്മരണ പോരാട്ടങ്ങള്‍, കാടിറങ്ങുന്ന വന്യജീവികള്‍ തുടങ്ങിയവ എല്ലാവരും സൗകര്യപൂര്‍വ്വം മറക്കുന്നു. താങ്ങാനാവാത്ത വിലക്കയറ്റം, ദാരിദ്ര്യം, ശുദ്ധജലദൗര്‍ലഭ്യം, പാര്‍പ്പിട പ്രശ്നങ്ങള്‍ – ഇവയൊന്നും ആരുടെയും ശ്രദ്ധയില്‍ ഇല്ല. തീരത്തിന്റെ പ്രശ്നങ്ങള്‍ സംസാരിക്കുകപോലും ചെയ്യാത്തവരെ എന്തിനു സപ്പോര്‍ട്ടു ചെയ്യണമെന്ന് കടപ്പുറത്തു ചര്‍ച്ചയുണ്ട്. നാളിതുവരെ തീരത്തിനുവേണ്ടി ആരെന്തുചെയ്തു എന്നും ചര്‍ച്ച നടക്കുന്നു. കൊടി നോക്കാതെ, കളര്‍ നോക്കാതെ തീരത്തിന്റെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറുള്ളവരെ തീരവും സഹായിക്കും.
മത്സരാര്‍ത്ഥികളുടെ വ്യക്തിപരമായ സവിശേഷതകളും പരിശോധിക്കപ്പെടണം. പാര്ട്ടിക്കാര് വിലക്കെടുത്തയാളാണോ, പാര്‍ട്ടിയില്‍ ഈയിടെ അഭയം പ്രാപിച്ചയാളാണോ, പൊതുരംഗത്തു പ്രവര്‍ത്തിച്ചു പരിചയമുണ്ടോ, മണ്ഡലം പരിചയമുണ്ടോ, ജയിച്ചുകഴിഞ്ഞാല്‍ ഒരാവശ്യമുണ്ടായാല്‍ സമീപിക്കാനാവുമോ – ഇതൊക്കെ പരിശോധിക്കപ്പെടണം. മത്സരാര്‍ത്ഥിക്ക് ഇന്ത്യയെക്കുറിച്ചുള്ള ധാരണ എന്താണ്? ഇന്ത്യ ഇന്ത്യയ്ക്കകത്തോ പുറത്തോ? ഇന്ത്യ അകത്തും പുറത്തുമുണ്ട്. ഇന്ത്യക്കാരെവിടെയാണ്? ഇന്ത്യക്കാരും അകത്തും പുറത്തുമുണ്ട്. ഇന്ത്യയെ കാണാന്‍ ഗ്രാമങ്ങളിലേക്കു പോകണമെന്ന് ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞിരുന്നു. ഇന്ന് ഇന്ത്യയെ കാണാന്‍ അതുമാത്രംപോരാ, അകത്തേക്കും പുറത്തേക്കും നോക്കണം. ഇന്ത്യയെ കാക്കുന്നവര്‍ ഇന്ത്യന്‍ ടെറിറ്ററി നോക്കണം. ഒപ്പം അതിനപ്പുറവും നോക്കണം. ഇന്ത്യ ഇന്ന് അതിരുകള്‍ക്കപ്പുറമാണ്.
ഇന്ത്യക്കാരെ സംരക്ഷിക്കണമെന്നു പറയുമ്പോള്‍, പൗരരുടെ ജീവനും സ്വത്തിനും സംരക്ഷണം വേണം. പല രാജ്യങ്ങളിലും യുദ്ധം നടക്കുന്ന സമയത്ത് ഇന്ത്യന്‍ പൗരരെ നമ്മള് പ്രത്യേകമായി രക്ഷിച്ചു കൊണ്ടുപോരാറുണ്ട്. ഇന്ത്യയുടെ വിദേശകാര്യനയം ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ മതിപ്പുളവാക്കുന്നതുതന്നെയാണ്. മറ്റു രാജ്യങ്ങളുമായുള്ള നിരവധിയായ കരാറുകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യ.
ഇന്ത്യ ഒരു വിചാരമാണ്, ഒരു വികാരവുമാണ്. ”ഇന്ത്യ എന്റെ നാടാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്” എന്ന് ഒരു പ്രാര്‍ത്ഥനപോലെ ചൊല്ലി വളര്‍ന്നവരാണു നാം. ഇന്ത്യയുടെ ഭരണഘടന, അതിന്റെ ദര്‍ശനങ്ങള്‍, കാഴ്ചപ്പാടുകള്‍, അതിന്റെ ബെയ്സിക് സ്ട്രക്ചര്‍, ഇന്ത്യ നാളിതുവരെ ലോകത്തിനു നല്‍കിയിട്ടുള്ള സന്ദേശങ്ങള്‍, നമ്മുടെ സ്വാതന്ത്ര്യസമര സന്ദേശങ്ങള്‍ -എല്ലാം ഇന്ത്യയാണ്. ഇവയെക്കുറിച്ചൊക്കെ പാര്‍ട്ടിക്കും മത്സരാര്‍ത്ഥിക്കും എന്തു ധാരണയാണുള്ളത് എന്നും പരിശോധിക്കപ്പെടണം.
എല്ലാം സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും സ്ഥാനാര്‍ത്ഥിക്കും കഴിയുമോ എന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയുടെ ഭരണഘടന പരിപാവനവും വിശുദ്ധവുമാണ്. അതാണ് ഇന്ത്യയെ നാളിതുവരെ നിലനിര്‍ത്തിയത്. അതു സംരക്ഷിക്കപ്പെടണം. തിരഞ്ഞെടുപ്പു കുട്ടിക്കളിയല്ല. എല്ലാവരും ഗൗരവത്തോടെ കാണണം. വോട്ടു ചെയ്യണം. മുകളില്‍ പറഞ്ഞ കാര്യങ്ങളൊക്കെ പരിശോധിച്ച്, ആലോചിച്ച് വോട്ടു ചെയ്യണം. നമ്മുടെ രാജ്യത്തെ ദൈവസഹായത്താല്‍ നമുക്കു സംരക്ഷിക്കാം.